DCBOOKS
Malayalam News Literature Website

നന്മ മരങ്ങള്‍ ഇവിടെയുമുണ്ട്…

കെ.എസ്.ആര്‍.ടി.സി ബസുകളിലെ യാത്രകള്‍ ഇന്നും മലയാളികള്‍ക്കൊരു നൊസ്റ്റാള്‍ജിയ തന്നെയാണ്. എത്ര സാമ്പത്തിക പ്രതിസന്ധി വന്നാലും കെ.എസ്.ആര്‍.ടി.സി ബസുകള്‍ നിരത്തിനെ സജീവമാക്കും. പലപ്പോഴും ഉദ്യോഗസ്ഥരും ജീവനക്കാരും കെ.എസ്.ആര്‍.ടി.സിയില്‍ ചില്ലറ പ്രതിസന്ധികള്‍ സൃഷ്ടിച്ചാലും ‘ആനവണ്ടി’യോടുള്ള പ്രണയം യാത്രക്കാര്‍ക്ക് ഒടുങ്ങുന്നില്ല.

അടുത്തിടെയുണ്ടായ ഒരു സംഭവമാണ് കെ.എസ്.ആര്‍.ടി.സിയെ വീണ്ടും താരമാക്കി മാറ്റിയിരിക്കുന്നത്. മാര്‍ച്ച് രണ്ടാം തീയതി ആലുവ തൃശ്ശൂര്‍ യാത്രക്കിടെയായിരുന്നു സംഭവം. ഒരുവിധം നല്ല തിരക്കുണ്ടായിരുന്നു ബസില്‍. തിരക്കായതുകൊണ്ട് തന്നെ ടിക്കറ്റ് എടുക്കാന്‍ കണ്ടക്ടര്‍ ബുദ്ധിമുട്ടുന്നുണ്ടായിരുന്നു. ആളെ ഇറക്കാനായി തൃശ്ശൂര്‍ ശക്തന്‍ സ്റ്റാന്‍ഡില്‍ ബസ് നിര്‍ത്തിയപ്പോള്‍ ഒരു ചെറുപ്പക്കാരന്‍ ഇറങ്ങി. മുന്‍വശത്തെ ഡോറില്‍ കൂടി ഇറങ്ങിയ ഈ ചെറുപ്പക്കാരന്‍ ഒരു ഓട്ടോയില്‍ കയറി പോകുവാന്‍ തുടങ്ങിയപ്പോള്‍ ഈ കണ്ടക്ടര്‍ ഒച്ചവെച്ച് ഓട്ടോ നിര്‍ത്തിച്ച് അതിന്റെ അടുത്തേക്ക് ചെന്നു.

ഇയാള്‍ പൈസ കൊടുക്കാതെ പോയെന്നാണ് ബസിലെ യാത്രക്കാര്‍ കരുതിയത്. എന്നാല്‍ നടന്നത് മറ്റൊന്നാണ്. അയാളുടെ കൈയില്‍ നിന്നും ടിക്കറ്റ് വാങ്ങി ബാക്കി കൊടുക്കണ്ട 425 തിരിച്ച് കൊടുക്കുകയാണ് ചെയ്തത്. ഈ പ്രവൃത്തിയില്‍ അത്ഭുതപ്പെട്ടുപോയ ആ ചെറുപ്പക്കാരന്‍, കണ്ടക്ടര്‍ എനിക്ക് വിളിച്ചു ബാക്കി തന്നു എന്ന് വളരെ ഉച്ചത്തില്‍ വിളിച്ച് പറയുന്നുണ്ടായിരുന്നു.

തിരക്കിനിടയിലും ഓരോ യാത്രക്കാരന്റെയും കാര്യത്തില്‍ ശ്രദ്ധ കാണിച്ച ചെങ്ങന്നൂര്‍ കെ.എസ്.ആര്‍.ടി.സി ഡിപ്പോയിലെ കണ്ടക്ടറായ സൂരജ് കമലാസനനാണ് ഒരു നിമിഷം കൊണ്ട് താരമായി മാറിയത്. സൂരജിന്റെ പ്രവര്‍ത്തിയെ അകമഴിഞ്ഞ് അഭിനന്ദിക്കുകയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ. ചെയ്യുന്ന ജോലിയോട് സത്യസന്ധതയും ആത്മാര്‍ത്ഥതയും പുലര്‍ത്തുന്നവര്‍ക്ക് ഒരു ഉത്തമ മാതൃകയായി മാറിയിരിക്കുന്ന സൂരജ്, ചങ്ങനാശ്ശേരി ആഞ്ഞിലിത്താനം സ്വദേശിയാണ്.

Comments are closed.