DCBOOKS
Malayalam News Literature Website

വായിക്കാൻ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളുടെയൊന്നും ആവശ്യമില്ല, എപ്പോഴും ഒരു പുസ്തകം കൊണ്ടുനടക്കുക; വായനയേക്കുറിച്ച് വ്യത്യസ്തമായൊരു കുറിപ്പ് പങ്കുവെച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി

Reading

വായനയേക്കുറിച്ച് മെഡിക്കല്‍ വിദ്യാര്‍ത്ഥിനി പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പ് വൈറലാകുന്നു. തന്റെ പഠനത്തിരക്കുകള്‍ക്കിടയിലും വായന ശീലമാക്കിയ ലിഷാ യോഹന്നാന്‍ എന്ന വിദ്യാര്‍ത്ഥിനിയാണ് വായനയെക്കുറിച്ച് വളരെ ഹൃദ്യമായൊരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

ലിഷാ യോഹന്നാന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം

ലേബർ റൂമിലെ ഒഴിവുനേരങ്ങളിൽ പുസ്തകം വായിച്ചിട്ടുണ്ടോ എന്നു ഞാൻ ചോദിച്ചാൽ ലേബർ റൂമിലതിന് ഒഴിവുനേരങ്ങൾ കിട്ടാറുണ്ടോ എന്ന് ആരെങ്കിലും മറുത്തു ചോദിക്കുമെന്നെനിക്കറിയാം. എന്നാലും, ഒരു പ്രൈവറ്റ് മെഡിക്കൽ കോളേജിന്റെ തിരക്കുകൾക്കിടയിൽ ശ്വാസം വിടാൻ ഇത്തിരി സമയമൊക്കെ ഞങ്ങൾക്കു കിട്ടുന്നുണ്ടെന്നു കൂട്ടിക്കോ. ഒരു പ്രസവത്തിനും വേറൊരു പ്രസവത്തിനുമിടയിൽ, ഒരു contraction നോക്കലിനും വേറൊരു contraction നോക്കലിനുമിടയിൽ, വീണുകിട്ടുന്ന ഇത്തിരി നേരത്ത് പ്രസവത്തിന്റെ ഒന്നാം ഘട്ടത്തിനും രണ്ടാം ഘട്ടത്തിനുമിടക്കുവച്ച് ഒരു പുസ്തകം വെറുതേ മറിക്കണം… വായനയുടെ കൊടുമുടികേറുന്ന നേരത്ത് അവിടെയൊരു പെണ്ണ് വേദനയുടെ കൊടുമുടി കേറുന്നതറിഞ്ഞ് ഓടിച്ചെല്ലണം… ഗർഭപാത്രത്തിന്റെ സങ്കോചങ്ങളും യോനീമുഖത്തിന്റെ വികാസങ്ങളും കണക്കാക്കുന്നതിനിടയിൽ ഒരു ഭരണയന്ത്രത്തിന്റെ പൽച്ചക്രങ്ങൾ തിരിയുന്നതെങ്ങനെയെന്നു മനക്കണക്കുകൂട്ടണം. പേറ്റുനോവിൽ പുളയുന്ന വയറിൽ കൈവച്ചു നിൽക്കുമ്പോൾ ഇവൾ സുജാതയാണെന്നും ഇവളുടെ ഉള്ളിലിളകുന്നതു ശശിയാണെന്നും സങ്കൽപിച്ചുനോക്കണം. പേറ്റുമുറിക്കു പുറത്തു കാത്തുനിൽക്കുന്നവരിൽ അനിതയെയോ ശേഖരപിള്ളയെയോ ബാലചന്ദ്രനെയോ തിരയണം. അമ്മക്കരച്ചിലിൽ നിന്ന് ഉണ്ണിക്കരച്ചിലിലേക്കുള്ള ദൂരം ഓടിത്തീർക്കുന്ന തത്രപ്പാടിനിടയിൽ ഡോക്ടറിൽ നിന്നു ബ്യൂറോക്രാറ്റിലേക്കുള്ള ദൂരമോർത്തു ചിരിക്കണം. ചില ഭ്രാന്തൻ ചിന്തകളിൽ ദേവപാലനോടു സമരസപ്പെട്ട് ഈ പേറ്റുമുറിയൊരു വലിയ ഗർഭപാത്രമാണെന്നു കവിത തോന്നണം. പെട്ടെന്നൊരു ജോലിപറയുന്ന സീനിയറിന്റെ മുഖത്ത് ഡോക്ടർ ഗ്രിഫിത്ത്സിനെ കാണുകയും എല്ലാ ഡോക്ടർമാരും ഡോക്ടർ ഗ്രിഫിത്ത്സാണെന്നും അവർ ദേവപാലന്മാരുടെ കവിതകളെ ഗർഭപാത്രത്തിനകത്തുവച്ചുതന്നെ അരുംകൊല ചെയ്യുകയാണെന്നും ചിന്തിക്കണം. അങ്ങനെയങ്ങനെയിരിക്കുമ്പോ ലേബർ റൂമിലെ എല്ലാ ബഹളങ്ങൾക്കും നടുവിൽ വച്ച് എന്റെ തലയൊരു പൂച്ചട്ടിയാണെന്നും അതു നിറച്ചും പല നിറത്തിലുള്ള പത്തുമണിപ്പൂക്കൾ പൂത്തു നിൽക്കുവാണെന്നും, അതിനു ചുറ്റും കുറേ പൂമ്പാറ്റകൾ പറക്കുന്നുണ്ടെന്നും, ഏതോ ഒരു വണ്ട് നിർത്താതെ മൂളുന്നുണ്ടെന്നും എനിക്കു ചുമ്മാതങ്ങു തോന്നും. ‘ഹൗസ് സർജാ’ എന്ന പരുക്കൻ വിളികൾക്കു പിന്നാലെയോടുമ്പോഴും ഈ തോന്നലുകൾക്കൊടുവിൽ ഞാൻ പതിവുപോലെ തലചുറ്റി താഴെവീഴുമോ എന്ന് ഉള്ളിന്റെയുള്ളിലെ സ്ഥിരബുദ്ധിയുള്ള ഞാൻ വേവലാതിപ്പെടുന്നുണ്ടാവും…

NB: പഠനത്തിന്റേം ഇപ്പോ ഹൗസ് സർജൻസിടേം തിരക്കിനിടയിൽ വായിക്കാനൊക്കെ എങ്ങനെയാ സമയം കിട്ടുന്നതെന്നു ചോദിക്കുന്നവരോട്, വായിക്കാൻ പ്രത്യേകിച്ച് മുന്നൊരുക്കങ്ങളുടെയൊന്നും ആവശ്യമില്ല. എപ്പോഴും ഒരു പുസ്തകം കൊണ്ടുനടക്കുക, എപ്പോൾ സമയം കിട്ടുന്നോ അപ്പോൾ വായിക്കുക. അതാണ് എന്റെ പോളിസി.😁😇

✒️ലിഷാ യോഹന്നാൻ

ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന പുസ്തകങ്ങള്‍ വാങ്ങുന്നതിനായി സന്ദര്‍ശിക്കുക

Comments are closed.