DCBOOKS
Malayalam News Literature Website

മയ്യഴിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്ര…!

mayyazhippuzhayude theerangalil

അകലെ സമുദ്രത്തിൽ ഒരു വലിയ കണ്ണീർതുള്ളിപോലെ, ഒരു സ്വപ്നത്തിലെന്നപോലെ കാണാവുന്ന വെള്ളിയാങ്കല്ല്. അവിടെനിന്നാണ് എല്ലാ മയ്യഴിയുടെ മക്കളും വരുന്നത്. സൂര്യനെപ്പോലെ പ്രകാശിക്കുന്ന വെള്ളിയാങ്കല്ലിൽ ജന്മവും പുനർജന്മവും കാത്തിരിക്കുന്ന ആത്മാവുകൾ തുമ്പികളെപോലെ പറന്നുകളിക്കുന്നു….

മയ്യഴിയുടെ തീരങ്ങളിൽ തന്റെ കുടിലിന് മുന്നിൽ കയ്യിൽ പൊടിഡപ്പിയുമായി ലെസ്ലിസായ് വിനെ കാത്തിരിക്കുന്ന കുറമ്പിയമ്മ….

ആത്മസ്നേഹിതന്മാരായിരുന്ന ലെസ്ലിയ സായ് വിന്റെ മകൻ ഗസ്തോൻസായ് വും കുറമ്പിയമ്മയുടെ മകൻ ദാമുവും..

ഗസ്തോനെ പറ്റി സ്വപ്‌നങ്ങൾ കണ്ടിരുന്ന അവന്റെ അമ്മ മിസ്സി മദാമ്മ…

വെള്ളിയാങ്കല്ലിൽ നിന്നും പുനർജന്മമെടുത്തു മയ്യഴിയിൽ വന്നു പിറക്കുന്ന ദാസൻ…

അറിവിന് വേണ്ടി വാശിപിടിച്ചിരുന്ന അവന്റെ ബാല്യം….

ഷാണ്ഡത്വം മൂലം ജീവിതം ഒറ്റമുറിയിലേക്ക് ഒതുക്കേണ്ടി വരുന്ന ഗസ്തോൻ സായ് വിന്റെ കരയുന്ന മുഖം..

രാത്രികളിൽ സായിപ്പിന്റെ മുറിയിൽ നിന്നുയരുന്ന വിഷാദം കലർന്ന ഗിറ്റാറിൻ സംഗീതം….

ചുറ്റുമുള്ളവരെ എല്ലാവരെയും അതിശയിപ്പിച്ചുകൊണ്ടുള്ള ദാസന്റെ വളർച്ച…

പോണ്ടിച്ചേരിയിലെ ഉയർന്ന പഠനവും, തിരിച്ചു വന്ന് തനിക്ക് നേരെ നീട്ടിയ ഫ്രഞ്ച് ഭരണത്തിലെ ജോലി വാഗ്ദാനം നിരസിക്കലും ദാസനെ മറ്റൊരാളാക്കി തീർത്തു എന്നതിന്റെ തെളിവുകൾ….

ചന്ദ്രികയോടുള്ള പ്രണയവും വിപ്ലവത്തോടുള്ള പ്രതിബദ്ധതയും….

എം മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന എക്കാലത്തെയും മികച്ച കൃതിയെ കുറിച്ച് ഓർമിക്കുമ്പോൾ/പറയുമ്പോൾ മനസ്സിലേക്ക് ഓടിയെത്തുന്ന അനേകം ചിത്രങ്ങളിൽ ചിലത് മാത്രമാണിവ. ഓരോ വായനയിലും വായനക്കാരനെ വിസ്മയിപ്പിച്ചുകൊണ്ട് മയ്യഴിയിലേക്ക് കൂട്ടികൊണ്ടുപോകുന്ന തരത്തിലുള്ള മായാജാലം.Text

വിപ്ലവവും, പ്രണയവും, കുടുംബബന്ധങ്ങളും എല്ലാം അതിമനോഹരമായി കൈകാര്യം ചെയ്തിരിക്കുന്ന നോവൽ. അതിനെക്കളൊക്കെ ഉപരി ഒരു കാലഘട്ടത്തെ കുറിച്ച് കൃത്യമായ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്ന കൃതിയാണ് മയ്യഴിപ്പുഴയുടെ തീരങ്ങളിൽ..

ഫ്രഞ്ച് അധീനപ്രദേശമായിരുന്ന മയ്യഴിയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള യാത്രയാണ് ഈ നോവൽ പറയുന്നത്. മയ്യഴിയിലെ രണ്ടു തലമുറകളാണ് കഥാപാത്രങ്ങൾ. ഫ്രഞ്ച് ഭരണത്തോട് കൂറുപുലർത്തിയിരുന്ന പഴയ തലമുറയെയും സ്വാതന്ത്ര്യത്തിന് വേണ്ടി മുറവിളി കൂട്ടുന്ന ദാസൻ ഉൾപ്പെടുന്ന പുതിയ തലമുറയെയും നമുക്ക് കാണാൻ സാധിക്കും..

ഒന്നോ രണ്ടോ കഥാപത്രങ്ങളിലേക്ക് ഒതുങ്ങി പോകാതെ അനേകം ജീവിതങ്ങളിലൂടെ എഴുത്തുകാരൻ നമ്മെ കൊണ്ടുപോകുന്നുണ്ട്. അതുകൊണ്ടുതന്നെ മയ്യഴിയിൽ നടക്കുന്ന വിപ്ലവ മാറ്റങ്ങൾ ഓരോ ജീവിതത്തെയും ഏത് തരത്തിലാണ് ബാധിക്കുന്നത് എന്ന് വായനക്കാരന് കൃത്യമായി കാണാൻ സാധിക്കുന്നു..

വെള്ളിയങ്കല്ലിലെ തുമ്പികളായി ദാസനും ചന്ദ്രികയും ഒന്നിക്കുന്നിടത്തു കഥ അവസാനിക്കുമ്പോഴേക്കും മയ്യഴി വായനക്കാരന് പ്രിയപ്പെട്ടതായി മാറിയിട്ടുണ്ടാവും..

എക്കാലത്തെയും മികച്ച വായനകളിൽ ഒന്നാണ് മുകുന്ദന്റെ മയ്യഴിപ്പുഴയുടെ തീരങ്ങളിൽ. എന്തുകൊണ്ടോ ദാസനെക്കാൾ കൂടുതലായി ഗസ്തോൻ സായ് വിനെയാണ് മയ്യഴിപ്പുഴയുടെ തീരങ്ങൾ എന്ന് കേൾക്കുമ്പോൾ പെട്ടെന്ന് ഓർക്കുന്നത്……

ഗസ്തോൻ ഒരു മുറിവാണ്.. പറയാതെ പറഞ്ഞ ഗസ്തോന്റെ ജീവിതമാണ് എന്നെ കൂടുതൽ വേദനിപ്പിച്ചത്….ഒരു വേള ഗസ്തോൻ എന്ന കഥാപാത്രത്തിൽ ഊന്നികൊണ്ടു കുറച്ചുകൂടി പറഞ്ഞിരുന്നെങ്കിൽ എന്ന് തോന്നുകയും ചെയ്തു….

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കുക

പുസ്തകം ഇ-ബുക്കായി ഡൗണ്‍ലോഡ് ചെയ്യാന്‍ ക്ലിക്ക് ചെയ്യുക

എം. മുകുന്ദന്റെ ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍‘ എന്ന നോവലിന് ജിനു ഇന്ദിര ജിനേഷ് എഴുതിയ വായനാനുഭവം

Comments are closed.