DCBOOKS
Malayalam News Literature Website

ജെ.സി.ബി സാഹിത്യ പുരസ്‌കാരം; എഴുത്തുകാരി കെ.ആര്‍ മീര ജൂറി അംഗം

2019-ലെ ജെ.സി.ബി സാഹിത്യപുരസ്‌കാരനിര്‍ണ്ണയത്തിനായുള്ള ജൂറി അംഗങ്ങളെ പ്രഖ്യാപിച്ചു. അഞ്ചംഗങ്ങളുള്ള ജൂറിയില്‍ ഇത്തവണ മലയാളത്തിലെ പ്രശസ്ത എഴുത്തുകാരി കെ.ആര്‍. മീര, നോവലിസ്റ്റും നിരൂപകയുമായ അന്‍ജും ഹസന്‍, എഴുത്തുകാരി പാര്‍വ്വതി ശര്‍മ്മ, മുന്‍ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം, സിനിമാസംവിധായകനും പരിസ്ഥിതിപ്രവര്‍ത്തകനുമായ പ്രദീപ് കൃഷന്‍ എന്നിവരാണ് ഉള്‍പ്പെട്ടിരിക്കുന്നത്.

ഇന്ത്യയില്‍ സാഹിത്യരചനകള്‍ക്ക് ഏറ്റവും ഉയര്‍ന്ന സമ്മാനത്തുക നല്‍കുന്ന ജെ.സി.ബി സാഹിത്യ പുരസ്‌കാരം ജെ.സി.ബി ലിറ്ററേച്ചര്‍ ഫൗണ്ടേഷനാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 25 ലക്ഷം രൂപയാണ് സമ്മാനത്തുക. പൂര്‍ണ്ണമായും ഇന്ത്യന്‍ എഴുത്തുകാരെ കണ്ടെത്തുകയും അവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെ 2018 മുതലാണ് പുരസ്‌കാരം ഏര്‍പ്പെടുത്തിയത്. 2018-ലെ പ്രഥമ ജെ.സി.ബി സാഹിത്യ പുരസ്‌കാരം മലയാളത്തിലെ പ്രശസ്ത എഴുത്തുകാരന്‍ ബെന്യാമിന്റെ ജാസ്മിന്‍ ഡെയ്‌സ് എന്ന കൃതിക്കായിരുന്നു. ബെന്യാമിന്റെ മുല്ലപ്പൂനിറമുള്ള പകലുകള്‍ എന്ന മലയാളനോവല്‍ ജാസ്മിന്‍ ഡെയ്‌സ് എന്ന പേരില്‍ ഇംഗ്ലീഷിലേക്ക് വിവര്‍ത്തനം ചെയ്തത് ഷഹനാസ് ഹബീബായിരുന്നു.

ഇന്ത്യാക്കാര്‍ ഇംഗ്ലീഷിലെഴുതിയതോ മറ്റ് ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തിയതോ ആയ കൃതികളാണ് പുരസ്‌കാരത്തിനായി പരിഗണിക്കുന്നത്.

Comments are closed.