DCBOOKS
Malayalam News Literature Website

ആടിയും പാടിയും അവര്‍ സങ്കടങ്ങളെ മറന്നു; ക്യാമ്പുകളില്‍ സാന്ത്വനമായി താരങ്ങള്‍

പ്രളയത്തിന് മുന്നില്‍ പകച്ചുപോയ കുരുന്നുകള്‍ക്കും കുടുംബങ്ങള്‍ക്കും സ്വാന്ത്വനവുമായി മലയാള സിനിമയിലെ താരങ്ങളെത്തി. റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, പാര്‍വ്വതി തിരുവോത്ത്, ദര്‍ശന രവീന്ദ്രന്‍, റോഷന്‍ മാത്യു, സിദ്ധാര്‍ത്ഥ ശിവ തുടങ്ങിയവരാണ് പത്തനംതിട്ട ജില്ലയിലെ വിവിധ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന ആളുകള്‍ക്കരികിലേക്ക് എത്തിയത്. പാട്ടും ആട്ടവുമായി എല്ലാവരും ഒത്തുകൂടിയപ്പോള്‍ കുറച്ചുനേരത്തേക്കെങ്കിലും അവര്‍ സങ്കടങ്ങളെല്ലാം മറന്നു. മതിമറന്ന് അവര്‍ക്കൊപ്പം കൂടി.

ബാലാവകാശ കമ്മീഷന്റെയും ജില്ലാ ശിശുസംരക്ഷണ യൂണിറ്റിന്റെയും ദിശ എന്ന സന്നദ്ധസംഘടനയുടെയും ആഭിമുഖ്യത്തിലാണ് ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് സാന്ത്വനമേകാന്‍ ചലച്ചിത്രപ്രവര്‍ത്തകര്‍ എത്തിയത്. ദുരന്തഭീതിയില്‍ അകപ്പെട്ട കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികോല്ലാസം പകര്‍ന്നു നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് അവരെത്തിയത്. കലയിലൂടെ സ്‌നേഹവും പ്രതീക്ഷയും നല്‍കി ദുരിതബാധിതരെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുപോകാന്‍ തങ്ങളാല്‍ ആകുന്നത് ചെയ്യാന്‍ തയ്യാറാണെന്ന് അവര്‍ പറഞ്ഞു. നാടന്‍പാട്ടുകള്‍ പാടി താരങ്ങള്‍ ചുവടുവെച്ചതോടെ ക്യാമ്പിലുണ്ടായിരുന്ന കുട്ടികളും മുതിര്‍ന്നവരും അവരുടെ ദുഃഖങ്ങള്‍ മറന്ന് ഒത്തുചേര്‍ന്നു. പ്രളയക്കെടുതിയില്‍ എല്ലാം നഷ്ടപ്പെട്ടവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കാന്‍ താരങ്ങളുടെ വരവ് സഹായകമാകുമെന്ന് വീണാ ജോര്‍ജ് എം.എല്‍.എ പറഞ്ഞു.

പ്രളയബാധിത പ്രദേശങ്ങളിലെ കുട്ടികളുടെ മാനസികാരോഗ്യം വീണ്ടെടുക്കാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്റെയും ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റിന്റെയും നേതൃത്വത്തില്‍ നടന്നു വരുന്ന കൗണ്‍സിലിങ് പരിപാടികളുടെ ഭാഗമായാണ് താരങ്ങളുമായി സംവദിക്കാനുള്ള അവസരം ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ഒരുക്കിയത്. കുട്ടികള്‍ക്കാവശ്യമായ പുസ്തകങ്ങള്‍, പെയിന്റിങ്ങ് ഉപകരണങ്ങള്‍ എന്നിവ ഡി സി ബുക്‌സിന്റെ സഹായത്തോടെ ക്യാമ്പുകളില്‍ വിതരണം ചെയ്തു. കോഴിക്കോട്ടു നിന്നെത്തിയ ഒരു സംഘം കലാകാരന്‍മാര്‍ ക്യാമ്പുകളില്‍ നാടന്‍പാട്ടും പാവനാടകവും അവതരിപ്പിച്ചിരുന്നു.

Comments are closed.