DCBOOKS
Malayalam News Literature Website

ഇരുണ്ട കാഴ്ചകളുടെ വായന

രാജീവ് ശിവശങ്കറിന്റെ പെണ്ണരശ് എന്ന നോവലിനെ കുറിച്ച് സുനീഷ് എഴുതുന്നു

സമകാലിക അനുഭവലോകത്തിലൂടെ സ്ത്രീജീവിതം അഭിമുഖീകരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെയാണ് രാജീവ് ശിവശങ്കറിന്റെപെണ്ണരശ്‘ നോവല്‍ സംബോധന ചെയ്യുന്നത്. സ്ത്രീയെ പ്രകൃതിയെന്നും ദേവതയെന്നും വാഴ്ത്തുന്നവര്‍ തന്നെയാണ് അവളുടെ സ്വാതന്ത്ര്യത്തിനും അവകാശത്തിനും വിലങ്ങിടുന്നത്. പാരമ്പര്യത്തിന്റെയും പൈതൃകത്തിന്റെയും മതത്തിന്റെയും പേരില്‍ നിര്‍മിച്ചെടുത്ത ഇരുണ്ട മൂല്യങ്ങളുടെ തടവിലാണ് സ്ത്രീ. അടുക്കളയും പുരുഷന്റെ ജീവിതവും ചലിപ്പിക്കാന്‍ മാത്രമുള്ള ഒരുപകരണം. അതിനപ്പുറത്തേക്ക് പദവിയും കര്‍തൃത്വവും വളര്‍ന്നിട്ടില്ല.

സമകാല ജീവിതക്കാഴ്ചകളിലൂടെ സഞ്ചരിക്കുന്ന ‘പെണ്ണരശ്‘, നാം അറിഞ്ഞതും അറിയാതെപോയതുമായ നിരവധി വിഷയങ്ങളെ അഭിമുഖീകരിക്കുന്നു. നഗരത്തിലെ സമ്പന്നാന്തരീക്ഷത്തില്‍ ജനിച്ച അപര്‍ണയുടെ ജീവിതം അടഞ്ഞ ലോകമാണ്. അമ്മയും അച്ഛനും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ഇരയാണവള്‍. അവള്‍ക്ക് അതിജീവനത്തിന്റെ സാധ്യതയായിത്തീരുന്നത് ഫ്രാന്‍സിസ് സേവ്യര്‍ എന്ന ചിത്രകാരനുമായുള്ള ബന്ധമാണ്. വിലക്കുകളില്ലാത്ത പുതിയൊരു ലോകംതന്നെ അതവള്‍ക്ക് നല്‍കുന്നു. അവളെ പ്രതിസന്ധിയിലാഴ്ത്തി ഫ്രാന്‍സിസ് എങ്ങോ അപ്രത്യക്ഷനാകുന്നു. അപകടത്തില്‍ മരിച്ച കുഞ്ഞുമകന്റെ ഓര്‍മകളും മാനസികനില തകര്‍ന്ന മകളും ചേരിയിലെ ദുസ്സഹമായ ജീവിതവും അപര്‍ണയെ കരകയറാനാകാത്തവിധം തകര്‍ത്തുകളയുന്നുണ്ടെങ്കിലും തോല്‍ക്കാന്‍ തയ്യാറാകാത്ത മനസ്സോടെ അവളതെല്ലാം നേരിടുകയാണ്.

സ്വാതന്ത്ര്യമെന്നാല്‍ തനിക്കു ചെയ്യാനാകുന്ന കാര്യങ്ങള്‍ സ്വയം ചെയ്യുകയെന്നതാണെന്ന ഫ്രാന്‍സിസ് സേവ്യറിന്റെ നിരീക്ഷണം അയാളുടെ ജീവിതത്തിന്റെ ആകത്തുകയാണ്. തന്റെ ജീവിതസങ്കല്‍പ്പങ്ങളിലേക്ക് അപര്‍ണയെ നയിക്കാന്‍ അയാള്‍ക്കാകുന്നുണ്ടെങ്കിലും സ്വന്തം ജീവിതത്തില്‍ അതത്രയും അനുവര്‍ത്തിക്കാന്‍ കഴിയാതെപോകുന്നു. സാമൂഹ്യയാഥാര്‍ഥ്യങ്ങളോട് ഇടഞ്ഞുനില്‍ക്കുമ്പോഴും സമാന്തരമായി മുന്നോട്ടുപോകാനുള്ള ഉള്‍ക്കരുത്ത് അയാള്‍ക്കില്ല. ആകസ്മികമായ തിരിച്ചടികളെ ഏകയായി നേരിടാനുള്ള ഉള്‍ക്കരുത്ത് അപര്‍ണ നേടുന്നുമുണ്ട്. മറ്റുള്ളവരുടെ മുന്നില്‍ ഭ്രാന്തനും കാര്യപ്രാപ്തിയില്ലാത്തവനുമായി ചിത്രീകരിക്കപ്പെടുന്ന ഫ്രാന്‍സിസ് സേവ്യറിന്റെ സങ്കല്‍പ്പങ്ങളും ദര്‍ശനങ്ങളും ജീവിതംതന്നെയും പരാജയത്തെ നേരിടുമ്പോഴും അപര്‍ണ ഒരിക്കലും അയാളെ തള്ളിപ്പറയുന്നില്ല. അയാളെ തിരിച്ചുപിടിക്കാനായി അവസാനനിമിഷം വരെ അവള്‍ പൊരുതുന്നുമുണ്ട്

പെണ്ണരശില്‍ ഉടനീളം രണ്ട് ലോകങ്ങളും രണ്ട് വ്യവസ്ഥിതികളും അതിനൊപ്പം പുലരുന്ന വിഭിന്നമായ ദര്‍ശനങ്ങളും അവ തമ്മിലുള്ള സംഘര്‍ഷങ്ങളുമുണ്ട്. ഗ്രാമവും നഗരവും തമ്മിലുള്ള വൈരുധ്യംപോലെ. അപര്‍ണയുടെ ജീവിതത്തിലൂടെ ഇന്നത്തെ ഒട്ടേറെ യാഥാര്‍ഥ്യങ്ങളെ നോവല്‍ സ്പര്‍ശിക്കുന്നുണ്ട്. റിയല്‍ എസ്‌റ്റേറ്റ് മാഫിയ കൈയടക്കിയ നഗരജീവിതം, കോര്‍പറേറ്റ് വാണിജ്യസംസ്‌കാരത്തിലെ പൊള്ളയായ ബന്ധങ്ങള്‍, ലാഭനഷ്ടക്കണക്കുകള്‍ക്കകത്തേക്ക് ചുരുക്കിയെടുക്കുന്ന വ്യക്തിജീവിതങ്ങള്‍, നഗരത്തിലെ അരക്ഷിതമായ സ്ത്രീജീവിതം ഇങ്ങനെ നിരവധി വിഷയങ്ങള്‍ നോവലിന്റെ അന്തര്‍ധാരയാണ്. അനേകം തലങ്ങളിലുള്ള സംഭവപരമ്പരകളെ ഉള്‍ച്ചേര്‍ത്തെടുക്കുമ്പോഴും നിസ്സംഗമായൊരു നര്‍മസ്പര്‍ശം ആഖ്യാനത്തില്‍ നോവലിസ്റ്റ് പുലര്‍ത്തുന്നുണ്ട്.

ഇത് നോവലിന്റെ ഗൗരവത്തെ വിപരീതമായി ബാധിക്കുകയും വായനയെ സുഗമമാക്കുകയും ചെയ്യുന്നു. വീണുപോയവര്‍ക്കു ചുറ്റും വിജയനൃത്തം ചവിട്ടുന്ന ആഘോഷമനഃസ്ഥിതിയെ ആശ്ലേഷിക്കുന്ന ആധുനിക സാമൂഹ്യബോധത്തെ തുറന്നുകാട്ടാന്‍ പെണ്ണരശിന് സാധിക്കുന്നു. നവമാധ്യമങ്ങളുടെയും വിനിമയസാങ്കേതികതയുടെയും കുതിച്ചൊഴുക്കിലും സമൂഹത്തിന്റെ മൂല്യസങ്കല്‍പ്പങ്ങള്‍ ഇരുളടഞ്ഞുതന്നെ കിടക്കുകയാണെന്ന യാഥാര്‍ഥ്യം ഓര്‍മിപ്പിക്കുന്നു പെണ്ണരശ്.

(കടപ്പാട്: ദേശാഭിമാനി വാരാന്തപ്പതിപ്പ്, ഓഗസ്ത് 2018)

 

 

 

 

Comments are closed.