DCBOOKS
Malayalam News Literature Website

അധ്യാപകര്‍ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍

ഇന്ന് രാഷ്ട്രം അധ്യാപക ദിനം ആചരിക്കുമ്പോള്‍ ആദര്‍മര്‍പ്പിച്ച് ഗൂഗിളും. നിരവധി വര്‍ണ്ണചിത്രങ്ങള്‍ നിരത്തി പഴയ വിദ്യാലയ സ്മരണകളുടെ ഓര്‍മ്മ പുതുക്കിയാണ് ഗൂഗിള്‍ ഡൂഡില്‍ തയ്യാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ രണ്ടാമത്തെ രാഷ്ട്രപതിയും വിദ്യാഭ്യാസ വിചക്ഷണനും, ദാര്‍ശനികനുമായിരുന്ന ഡോ. എസ് രാധാകൃഷ്ണമന്റെ പിറന്നാള്‍ ദിനമാണ് ഇന്ന് അധ്യാപക ദിനമായി ആചരിക്കുന്നത്. അദ്ദേഹം രാഷ്ട്രപതിയായിരിക്കെ പിറന്നാള്‍ദിനം ആഘോഷിക്കാന്‍ അനുവദിക്കണമെന്ന അഭ്യര്‍ത്ഥനയുമായിയെത്തിയ സുഹൃത്തുക്കളോട്, പിറന്നാള്‍ ആഘാഷിക്കുന്നതിന് പകരം ആ ദിവസം അധ്യാപക ദിനമായി ആചരിക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. അധ്യാപക വൃത്തിയോട് ഡോ. രാധാകൃഷ്ണനുണ്ടായിരുന്ന സ്‌നേഹവും ആദരവുമാണ് ഇത് പ്രതിഫലിപ്പിക്കുന്നത്.

1961 മുതല്‍ ഇന്ത്യയില്‍ അധ്യാപകദിനം ആചരിച്ചുവരുന്നു. അധ്യാപകരുടെ സാമൂഹ്യ-സാമ്പത്തിക പദവികള്‍ ഉയര്‍ത്തുകയും അവരുടെ കഴിവുകള്‍ പരമാവധി, വിദ്യാര്‍ഥികളുടെ ഉന്നമനത്തിനായി ഉപയോഗിക്കുകയും ചെയ്യുന്നതിന് അനുകൂലമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയാണ് ഈ ദിനാഘോഷത്തിന്റെ മുഖ്യലക്ഷ്യം.

ഇതോടനുബന്ധിച്ച് പൊതുയോഗങ്ങളും ചര്‍ച്ചാസമ്മേളനങ്ങളും ഘോഷയാത്രകളും സംഘടിപ്പിക്കാറുണ്ട്. വിശിഷ്ടസേവനം അനുഷ്ഠിക്കുന്ന അധ്യാപകര്‍ക്ക് നല്‍കുന്ന ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങള്‍ പ്രഖ്യാപിക്കുന്നതും അധ്യാപകദിനത്തിലാണ്.

അറിവിന്റെ ലോകത്തിലേക്ക് നമ്മെ കൈപിടിച്ചുയര്‍ത്തിയവര്‍ക്കായി ഈ ദിനം സമര്‍പ്പിക്കാം. നന്മയും വെളിച്ചവും പകര്‍ന്ന ഗുരുഭൂതര്‍ക്ക് ആശംസകളര്‍പ്പിക്കാം.

Comments are closed.