DCBOOKS
Malayalam News Literature Website

ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് പൂര്‍ണ്ണപിന്തുണ; ‘മീശ’ക്കെതിരെ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി

ദില്ലി: കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവായ എസ്. ഹരീഷിന്റെ പുതിയ നോവല്‍ മീശ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി തള്ളി. ഇന്ന് കേസ് പരിഗണിച്ച കോടതി എഴുത്തുകാരന്റെ ആവിഷ്‌കാര സ്വാതന്ത്ര്യത്തില്‍ കൈകടത്താനാവില്ലെന്ന് വ്യക്തമാക്കി. എഴുത്തുകാരന്റെ കലാസൃഷ്ടിയുടെ ഒരു പ്രത്യേക ഭാഗം മാത്രമെടുത്തല്ല വായിക്കേണ്ടത്. അദ്ദേഹത്തിന്റെ ഭാവനയേയും സൃഷ്ടിവൈഭവത്തേയും ബഹുമാനിക്കണമെന്നും കോടതി നിരീക്ഷിച്ചു.

നോവല്‍ നിരോധിക്കാനാവില്ലെന്ന് നേരത്തെ കേസില്‍ വാദം കേള്‍ക്കുന്നതിനിടെ കോടതി പരാമര്‍ശം നടത്തിയിരുന്നു. പുസ്തകങ്ങള്‍ നിരോധിക്കുന്നത് ആശയങ്ങളുടെ ഒഴുക്കിനെ ബാധിക്കുമെന്നും അത് അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കോടതി നിരീക്ഷിച്ചിരുന്നു.

നോവലിലെ ചില ഭാഗങ്ങള്‍ സ്ത്രീകളേയും മതവിശ്വാസത്തെയും വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ച് ദില്ലി മലയാളിയായ രാധാകൃഷ്ണന്‍ വരേണിക്കല്‍ ആണ് സഹര്‍ജി സമര്‍പ്പിച്ചത്. മീശ നോവലിന്റെ പ്രസിദ്ധീകണവും വിതരണവും വിലക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. ഹര്‍ജിയെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ കോടതിയില്‍ എതിര്‍ത്തിരുന്നു. ആവിഷ്‌കാരസ്വാതന്ത്ര്യത്തില്‍ ഇടപെടരുതെന്നും ആവശ്യപ്പെട്ടു. വിവാദ അധ്യായങ്ങളുടെ ഇംഗ്ലീഷ് പരിഭാഷ  കൂടി പരിശോധിച്ച ശേഷമാണ് കോടതി വിധി പറഞ്ഞത്.

അരനൂറ്റാണ്ട് മുന്‍പുള്ള കേരളീയ ജാതി ജീവിതം കുട്ടനാടിന്റെ പശ്ചാത്തലത്തില്‍ ആവിഷ്‌കരിച്ചിരിക്കുന്ന മീശ നോവല്‍ ഡി.സി ബുക്സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

 

Comments are closed.