DCBOOKS
Malayalam News Literature Website

വിവാഹദിനം വ്യത്യസ്തമാക്കി നവദമ്പതികള്‍; സമ്മാനമായി ആവശ്യപ്പെട്ടത് പുസ്തകങ്ങള്‍

വിവാഹസമ്മാനമായി പുസ്തകങ്ങള്‍ മതിയെന്ന ആശയവുമായി മഹാരാഷ്ട്രയിലെ നവദമ്പതികള്‍. വിവാഹദിനം ഏറെ വ്യത്യസ്തമാക്കണമെന്ന ആഗ്രഹവും അതോടൊപ്പം വിദ്യാര്‍ത്ഥികളെ സഹായിക്കണമെന്ന ചിന്തയുമാണ് ഇരുവരേയും ഇക്കാര്യത്തിന് പ്രേരിപ്പിച്ചത്.

മഹാരാഷ്ട്ര സ്വദേശികളായ അമറും റാണി കലംകറുമാണ് തങ്ങളുടെ വിവാഹദിനം എത്രയേറെ പ്രത്യേകതയുള്ളതാക്കാമെന്ന് ചിന്തിച്ചത്. സാമൂഹ്യപ്രവര്‍ത്തകനായ അമര്‍ അടുത്തിടെയാണ് യുവചേതന എന്ന പേരില്‍ ഒരു സംഘടന ആരംഭിച്ചത്. കഴിഞ്ഞ 15 വര്‍ഷമായി സാമൂഹ്യപ്രവര്‍ത്തന മേഖലയില്‍ സജീവമാണ് അമീര്‍. പൂനെ യൂണിവേഴ്‌സിറ്റിയിലെ ഇക്കണോമിക്‌സ് വിഭാഗം അധ്യാപികയാണ് റാണി. അമറിന്റെ ആഗ്രഹത്തോട് റാണിക്കും പൂര്‍ണയോജിപ്പായിരുന്നു.

അമറിന്റെ സ്വപ്‌നങ്ങളിലൊന്നായിരുന്നു കുട്ടികള്‍ക്കായി ഒരു വായനശാല ആരംഭിക്കണമെന്നത്. സംസ്ഥാനത്തെ ഒരു വിഭാഗം ജനങ്ങള്‍ക്ക് പുസ്തകങ്ങള്‍ വായിക്കാനോ അവ ലഭിക്കുവാനോ സൗകര്യമില്ലെന്ന് അമര്‍ പറയുന്നു. മത്സരപരീക്ഷകള്‍ക്കായി തയ്യാറെടുക്കുന്ന കുട്ടികള്‍ക്ക് തന്റെ പക്കലുള്ള പുസ്തകങ്ങള്‍ സൗജന്യമായി നല്‍കും.

വിവാഹസമ്മാനമായി ലഭിച്ച പുസ്തകങ്ങള്‍ അടുക്കിവെച്ച് ഒരു ലൈബ്രറി ഉണ്ടാക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ ഇരുവരും. അഹമ്മദ് നഗറിലെ വീട്ടില്‍ അതിനുള്ള ഒരുക്കങ്ങളും ആരംഭിച്ചു കഴിഞ്ഞു. ലൈബ്രറിയിലിരുന്ന് കുട്ടികള്‍ക്ക് പുസ്തകങ്ങള്‍ വായിക്കുന്നതിനുള്ള സൗകര്യവും ഒരുക്കിക്കൊടുക്കും. ഈ മാസം ഒടുവില്‍ ലൈബ്രറി പ്രവര്‍ത്തനസജ്ജമാകും.

Comments are closed.