DCBOOKS
Malayalam News Literature Website

ലോക അവയവദാനദിനം

ഇന്ന് ഓഗസ്റ്റ് 13-ലോക അവയവദാനദിനം. അവയവദാനത്തിന്റെ മഹത്വം വിളിച്ചോതി അവയവദാനം മഹാദാനം എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഈ ദിനം ആചരിക്കുന്നത്. ശരീരത്തിലെ ഏതെങ്കിലും ഒരു പ്രധാന അവയവത്തിന്റെു പ്രവര്‍ത്തനം നിലയ്ക്കുന്നത് മൂലം പ്രതിവര്‍ഷം 5 ലക്ഷം പേരെങ്കിലും രാജ്യത്ത് മരിക്കുന്നുണെന്നാണ് കണക്ക്.

മസ്തിഷ്‌കമരണം സംഭവിക്കുന്ന ഒരു മനുഷ്യന് എട്ട് പേരുടെ ജീവന്‍ രക്ഷിക്കാമെന്നിരിക്കെയാണ് ഇത്രയും പേരെ മരണത്തിന് വിട്ടു കൊടുക്കേണ്ടി വരുന്നത്. ഇവിടെയാണ് ലോക അവയവ ദാനദിനത്തിന്റെ പ്രസക്തി. മുന്‍കാലങ്ങളെ അപേക്ഷിച്ച് മസ്തിഷ്‌കമരണം സംഭവിച്ചവരുടെ ബന്ധുക്കള്‍ അവയവദാനത്തിന് മുന്‍കൈയെടുക്കുന്ന അവസ്ഥ ഉണ്ടായിട്ടുണ്ടെങ്കിലും ഈ ദിനം കൊണ്ടുദ്ദേശിക്കുന്നതുപോലെ വലിയ ഒരു മാറ്റം കൊണ്ടുവരാന്‍ ഇനിയും ഏറെ ദൂരം സഞ്ചരിക്കേണ്ടിയിരിക്കുന്നു.

അതിനുള്ള ഓര്‍മ്മപ്പെടുത്തല്‍ കൂടിയായാണ് ലോകം ഇന്ന് അവയവദാന ദിനമായി ആചരിക്കുന്നത്. മാറ്റിവെക്കാന്‍ അവയവം ലഭ്യമല്ലാത്തതിനാല്‍ മാത്രം ഓരോ മിനിട്ടിലും പതിനെട്ടു പേര്‍ വീതമാണ് ഈ ഭൂമിയില്‍ നിന്നും വിടവാങ്ങുന്നത്. രാജ്യത്ത് വര്‍ഷംതോറും ഏകദേശം 5000 വൃക്കകളും 400 കരളുകളും കൈമാറ്റം ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. എന്നാല്‍ ഇവയെല്ലാം തന്നെ കൈമാറ്റം ചെയ്യപ്പെടുന്നത് അടുത്ത ബന്ധുക്കള്‍ തമ്മില്‍ മാത്രമാണ്. ഈ വേലിക്കെട്ടുകള്‍ക്കപ്പുറത്ത് അവയവ ദാനം എന്ന മഹാദാനം എത്തിക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരും സന്നദ്ധ സംഘടനകളും.

Comments are closed.