DCBOOKS
Malayalam News Literature Website

ബാലഭാസ്‌കറിന് കലാകേരളത്തിന്റെ വിട

തിരുവനന്തപുരം: അന്തരിച്ച പ്രശസ്ത വയലിനിസ്റ്റും സംഗീതസംവിധായകനുമായ ബാലഭാസ്‌കറിന്(40) കലാകേരളത്തിന്റെ ആദരാഞ്ജലികള്‍. സെപ്റ്റംബര്‍ 25-നുണ്ടായ കാറപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ ചൊവ്വാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുകയായിരുന്നു. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹം ഇന്നലെ തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളെജിലും കലാഭവനിലും പൊതുദര്‍ശനത്തിന് വെച്ചിരുന്നു. പിന്നീട് സ്വവസതിയിലേക്ക് കൊണ്ടുപോയ മൃതദേഹം ഇന്ന് രാവിലെ പത്ത് മണിയോടെ തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരചടങ്ങുകള്‍ നടന്നത്.

സംഗീതലോകത്തിന് അവിസ്മരണീയമായ നിരവധി മുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ച് വയലിനില്‍ ഇന്ദ്രജാലം സൃഷ്ടിച്ച അതുല്യപ്രതിഭയായിരുന്നു ബാലഭാസ്‌കര്‍. ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ വേദികളെ അമ്പരിപ്പിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സിലാണ് ആദ്യമായി മംഗല്യപ്പല്ലക്ക് എന്ന സിനിമയുടെ സംഗീതസംവിധായകനാകുന്നത്. പിന്നീട് നിരവധി സിനിമകള്‍ക്കും ആല്‍ബം ഗാനങ്ങള്‍ക്കും അദ്ദേഹം സംഗീതസംവിധാനം നിര്‍വ്വഹിച്ചു. കേന്ദ്രസാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവസംഗീതപുരസ്‌കാരം 2008-ല്‍ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി, ശിവമണി,ശങ്കര്‍ മഹാദേവന്‍,സ്റ്റീഫന്‍ ദേവസി തുടങ്ങി നിരവധി പ്രമുഖര്‍ക്കൊപ്പമുള്ള ബാലഭാസ്‌കറിന്റെ ഫ്യൂഷന്‍ സംഗീതവിരുന്നുകള്‍ ഏറെ പ്രശസ്തമായിരുന്നു.

അപകടത്തില്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി തത്ക്ഷണം മരിച്ചിരുന്നു. സാരമായി പരുക്കേറ്റ ഭാര്യ ലക്ഷ്മി ഇപ്പോഴും ആശുപത്രിയില്‍ ചികിത്സയിലാണ്. മുഖ്യമന്ത്രി പിണറായി വിജയനടക്കം നാടിന്റെ നാനാ മേഖലയില്‍ നിന്ന് നിരവധി പേര്‍ ബാലഭാസ്‌കറിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കാന്‍ എത്തിയിരുന്നു.

Comments are closed.