DCBOOKS
Malayalam News Literature Website

തമ്പി കണ്ണന്താനത്തിന് ആദരാഞ്ജലികള്‍

കൊച്ചി: ഇന്നലെ അന്തരിച്ച മലയാളത്തിലെ പ്രശസ്ത ചലച്ചിത്രസംവിധായകനും നടനുമായ തമ്പി കണ്ണന്താനത്തിന്(64) ആദരാഞ്ജലികള്‍. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച സ്വദേശമായ കാഞ്ഞിരപ്പള്ളിയില്‍ നടക്കും. ഭാര്യ:കുഞ്ഞുമോള്‍, മക്കള്‍: ഐശ്വര്യ, എയ്ഞ്ചല്‍

രാജാവിന്റെ മകന്‍, വഴിയോരക്കാഴ്ചകള്‍, ഭൂമിയിലെ രാജാക്കന്‍മാര്‍, ഇന്ദ്രജാലം, നാടോടി, ചുക്കാന്‍, മാന്ത്രികം തുടങ്ങി പതിനഞ്ചിലേറെ ചിത്രങ്ങള്‍ സംവിധാനം ചെയ്തിട്ടുള്ള തമ്പി കണ്ണന്താനം സംവിധായകരായ ശശികുമാറിന്റെയും ജോഷിയുടെയുടെയും സഹായിയായിട്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്. 1983-ല്‍ താവളം എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായി. മോഹന്‍ലാല്‍ നായകനായെത്തിയ രാജാവിന്റെ മകന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം പ്രശസ്തനാകുന്നത്.

അഞ്ച് ചിത്രങ്ങള്‍ നിര്‍മ്മിക്കുകയും മൂന്ന് ചിത്രങ്ങള്‍ക്ക് തിരക്കഥ നിര്‍വഹിക്കുകയും ഏതാനും ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ജന്മാന്തരം, ആ നേരം അല്‍പ്പനേരം, ഫ്രീഡം എന്നീ ചിത്രങ്ങള്‍ക്കാണ് തിരക്കഥ രചിച്ചിട്ടുള്ളത്. മദ്രാസിലെ മോന്‍, അട്ടിമറി, ഒലിവര്‍ ട്വിസ്റ്റ് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിക്കുകയും ചെയ്തു. 2001-ല്‍ ഹദ്-ലൈഫ് ഓണ്‍ ദ എഡ്ജ് ഓഫ് ഡെത്ത് എന്നൊരു ഹിന്ദി ചിത്രവും തമ്പി കണ്ണന്താനം സംവിധാനം ചെയ്തിരുന്നു. 2001-ല്‍ അദ്ദേഹം സംവിധാനം ചെയ്ത ഒന്നാമന്‍ എന്ന ചിത്രത്തിലൂടെയാണ് മോഹന്‍ലാലിന്റെ മകന്‍ പ്രണവ് ബാലതാരമായി രംഗപ്രവേശം ചെയ്യുന്നത്.

 

 

 

 

 

Comments are closed.