DCBOOKS
Malayalam News Literature Website

വാസ്‌കോഡഗാമ യഥാര്‍ത്ഥത്തില്‍ ആരാണ്? തമ്പി ആന്റണി പറയുന്നു

ശ്രീപാര്‍വ്വതി

എഴുത്തുകാരനാകുന്നതാണ് കൂടുതലിഷ്ടം എന്നുറക്കെ പ്രഖ്യാപിച്ച്, സിനിമയുടെ വെള്ളിവെളിച്ചത്തില്‍നിന്നു മാറി പുസ്തകങ്ങളോടു പ്രണയമറിയിച്ചയാളാണ് തമ്പി ആന്റണി. വായനയും എഴുത്തും പ്രിയങ്കരമായി കൊണ്ടുനടക്കുന്ന തമ്പി ആന്റണിയെ കൂടുതല്‍ മലയാളികളും അറിയുക സിനിമകളില്‍ക്കൂടിയാകും. എന്നാല്‍ മലയാളി വായനക്കാര്‍ക്ക് അദ്ദേഹമിപ്പോള്‍ സമകാലിക പ്രസിദ്ധീകരണങ്ങളില്‍ കൂടിയും പരിചിതനാണ്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ തമ്പി ആന്റണിയുടെ കഥകള്‍ക്ക് മലയാളി സ്ഥിരം കണ്ടു മടുക്കാത്ത ഒരു അന്തരീക്ഷമുണ്ട്. മെക്‌സിക്കന്‍ മതില്‍ എന്ന കഥയൊക്കെ നമുക്ക് അപരിചിതമായ ഒരു ലോകത്ത് നടന്നുകൊണ്ടേയിരിക്കുന്ന കഥകളാണ്. അതുകൊണ്ടുതന്നെ കഥ സഞ്ചരിക്കുന്ന ശൈലിയെക്കാള്‍ കഥാഗതിക്കും അതിലെ അന്തരീക്ഷത്തിനും പ്രസക്തി വരുന്നു. അങ്ങനെ തമ്പി ആന്റണി വായിക്കപ്പെടുകയും ചര്‍ച്ച ചെയ്യപ്പെടുകയും ചെയ്യുന്നു.

തമ്പി ആന്റണിയുടെ ‘വാസ്‌കോഡഗാമ’ എന്ന ആദ്യ കഥാസമാഹാരത്തിനാണ് ഈ വര്‍ഷത്തെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം ലഭിച്ചത്. കഴിഞ്ഞ ദിവസം തലയോലപ്പറമ്പില്‍ നടന്ന ചടങ്ങില്‍ പുരസ്‌കാരം എഴുത്തുകാരന്‍ ഏറ്റുവാങ്ങി.

ബേപ്പൂര്‍ സുല്‍ത്താനായി അവരോധിക്കപ്പെട്ട വൈക്കം മുഹമ്മദ് ബഷീറിന്റെ പേരിലുള്ള പുരസ്‌കാരം ലഭിക്കുകയെന്നത് ഏതൊരു എഴുത്തുകാരനുമുണ്ടാക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാകാത്തതാണ്.

‘ഞാന്‍ ഏറ്റവും ഇഷ്ടപ്പെടുന്ന എഴുത്തുകാരന്റെ പേരിലുള്ള ഈ പുരസ്‌കാരം തികച്ചും അപ്രതീക്ഷിതമാണെങ്കിലും എനിക്ക് അങ്ങേയറ്റം വിലപ്പെട്ടതാണ്. എന്നെ വായനയുടെ ലോകത്തിലേക്ക് ആകര്‍ഷിച്ചതും ബഷീറിന്റെ സരസമായ ശൈലിയും അദ്ദേഹത്തിന്റെ മതേതര നിലപാടുകളുമാണ്. എല്ലാത്തിനുമുപരി, ഒരെഴുത്തുകാരനെന്ന നിലയ്ക്ക് എന്റെ ഒരു പുസ്തകത്തിനു കിട്ടുന്ന ആദ്യത്തെ അംഗീകാരം എന്നുള്ളതും എനിക്ക് വളരെയധികം സന്തോഷം നല്‍കുന്നു’-പുരസ്‌കാരത്തെക്കുറിച്ച് തമ്പി ആന്റണി പറയുന്നു.

ബഷീര്‍ എന്ന എഴുത്തുകാരനെ പല തലത്തില്‍നിന്നുകൊണ്ടും വായിക്കാം. ബൗദ്ധിക സാഹിത്യത്തില്‍നിന്ന് വിട്ടു നില്‍ക്കുന്നു എന്നൊരു തോന്നലുണ്ടാക്കിയെങ്കിലും വായനയ്ക്കകത്തെ ആഴത്തിലുള്ള ചിന്തകള്‍ക്കുള്ള ഇടം ബഷീര്‍ എല്ലായ്‌പ്പോഴും തന്റെ കൃതികളില്‍ ഒതുക്കി വയ്ക്കാറുണ്ട്. ഒരുപക്ഷേ മറ്റു പല എഴുത്തുകാരില്‍ നിന്നും ബഷീറിനെ വായനക്കാര്‍ നെഞ്ചോടു ചേര്‍ക്കാനുള്ള ഒരു കാരണം മനുഷ്യനെ കുറിച്ചെഴുതിയതും സ്വയം ഒരു കഥയായി മാറിയതുമാണ്.

ബഷീറിന്റെ പേരിലുള്ള പുരസ്‌കാരം സ്വീകരിച്ചു കൊണ്ട് തമ്പി ആന്റണി ബഷീറിനെക്കുറിച്ച്: ‘ബഷീറിന്റെ നിലപാടുകള്‍, ആദര്‍ശങ്ങള്‍, സ്ത്രീകഥാപാത്രങ്ങള്‍ക്ക് കൊടുക്കുന്ന പ്രാധാന്യം, സാമുദായിക ഉച്ചനീചത്വങ്ങളോടുള്ള പ്രതികരണം അതൊക്കെ ആക്ഷേപഹാസ്യരൂപേണ അവതരിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ കഴിവുതന്നെയാണ് എന്നെ ആകര്‍ഷിച്ചത്.’

വാസ്‌കോഡഗാമ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതിയാണ്. ഇന്ത്യയിലാദ്യം അധിനിവേശത്തിനായി കാലു കുത്തിയ വാസ്‌കോഡഗാമയുടെ ആദ്യത്തെ കാല്‍പാടുകള്‍ കേരളത്തിലാണു പതിഞ്ഞത്. അതോടെ ഇന്ത്യയുടെ മാത്രമല്ല നമ്മുടെ കേരളത്തിന്റെയും സംസ്‌കാരവും ജീവിതവും വിധിയുമൊക്കെ അപ്പാടെ മാറ്റിയെഴുതപ്പെട്ടു. അത്തരത്തില്‍ ജീവിതം തന്നെ മാറ്റിക്കളഞ്ഞ മറ്റൊരു വാസ്‌കോഡഗാമയുടെ ജീവിതമാണ് തമ്പി ആന്റണി ആ കഥയിലൂടെ വിശദീകരിക്കുന്നത്.

‘എന്റെ കഥയില്‍ ഗാമ എന്നത് ഒരു നായയുടെ പേരാണ്. പണ്ടത്തെ ധീരന്മാരായ ചക്രവര്‍ത്തിമാരുടെ പേരുകള്‍ നമ്മള്‍ നായ്ക്കള്‍ക്ക് ഇടാറുണ്ട്, ടിപ്പു, കൈസര്‍ എന്നൊക്കെ, അതുപോലെ നമ്മുടെ നാടിന്റെ സംസ്‌കാരം തന്നെ മാറ്റിമറിച്ച വാസ്‌കോഡഗാമയുടെ പേര് ഒരു നായ്ക്കിട്ടാല്‍ എന്താണ് എന്ന ചിന്തയില്‍ നിന്നാണ് ആ പേരു നല്‍കുന്നത്. കഥയിലെ പ്രധാന കഥാപാത്രമാണ് ഗാമ. അവന്റെ ആദ്യത്തെ ഉടമസ്ഥന്‍ ഗാമ കാരണമാണ് കുടിയനാകുന്നത്. അയാളുടെ ഭാര്യ അതേച്ചൊല്ലി കലഹമുണ്ടാക്കുന്നു, സ്ഥിരമായി ഉടമയോടൊപ്പം നടക്കുന്ന ഗാമ കള്ളുഷാപ്പിന്റെ മുന്നിലെത്തുമ്പോള്‍ അറിയാതെ നില്‍ക്കും, അങ്ങനെ അവനോടൊപ്പം അവിടെ നിന്ന ഉടമസ്ഥന്‍ അധികം വൈകാതെ ഷാപ്പില്‍ കയറി കള്ളു കുടിക്കാനും ആരംഭിച്ചു. ഭാര്യ പ്രശ്‌നമുണ്ടാക്കിയതോടെ നാട്ടിലെ പള്ളിയിലെ പുരോഹിതന്‍ ഗാമയെ ഏറ്റെടുക്കുന്നു. അതോടെ ആദ്യത്തെ ഉടമ മദ്യപാനം നിര്‍ത്തുന്നു, എന്നാല്‍ പുരോഹിതന്‍ മദ്യപാനം തുടങ്ങുകയാണ്. അവിടെ കഥ അവസാനിക്കുന്നു. ഇതിനു മുന്‍പും കഥകളെഴുതിയിട്ടുണ്ടെങ്കിലും ഈ കഥയാണ് ആദ്യമായി ശ്രദ്ധിക്കപ്പെട്ടതും ചര്‍ച്ച ചെയ്യപ്പെട്ടതും. അതിന്റെ പേരും ഇടപെടലുകളുമായിരിക്കണം അതിനു കാരണമെന്നു തോന്നുന്നു’തന്റെ ആദ്യ കഥയെ കുറിച്ച് തമ്പി ആന്റണി പറഞ്ഞു.

പല ആനുകാലികങ്ങളിലായി പ്രസിദ്ധീകരിക്കപ്പെട്ട കഥകളുടെ സമാഹാരമായ വാസ്‌കോഡഗാമ പുറത്തിറക്കിയത് ഡി സി ബുക്‌സ് ആണ്. കഥാസമാഹാരത്തെ കുറിച്ച് തമ്പി ആന്റണി: ‘ഞാന്‍ കണ്ടുമുട്ടിയ കഥാപാത്രങ്ങളും അവരുടെ അനുഭവങ്ങളും പിന്നെ എന്റെ തോന്ന്യാക്ഷരങ്ങളും ഒക്കെ ഞാനറിയാതെ കഥകളായി രൂപാന്തരപ്പെടുകയായിരുന്നു . ആ കഥകളൊക്കെ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും വായനക്കാര്‍ക്കിടയില്‍ നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു. അതില്‍ ഏറ്റവും വായിക്കപ്പെട്ട കഥയാണ് വാസ്‌കോഡഗാമ. അതുകൊണ്ട് ആ പേരില്‍ത്തന്നെ കഥാസമാഹാരം ഇറക്കാന്‍ തീരുമാനിക്കുകയായിരുന്നു . എന്റെ ജീവിതത്തില്‍നിന്നു തന്നെയാണ് ഞാന്‍ കഥകള്‍ കണ്ടെത്തുന്നത്. നിത്യ ജീവിതത്തില്‍ കണ്ടെത്തുന്ന മനുഷ്യര്‍, കാണുന്ന അനുഭവങ്ങള്‍ അവയൊക്കെ എന്റെ എഴുത്തിനെ സ്വാധീനിക്കുന്നു. ആദ്യമായി ഒരു കഥയെഴുതുന്നത് ജീവിത അനുഭവം പോലെയായിരുന്നു. അത് ഒന്നുകൂടി വായിച്ചു നോക്കിയപ്പോള്‍ കൊള്ളാമെന്നു തോന്നി. വനിതയ്ക്ക് അയച്ചപ്പോള്‍ അത് പ്രസിദ്ധീകരണ യോഗ്യമെന്ന് അറിയിക്കുക കൂടി ചെയ്തതോടെ ആത്മവിശ്വാസമായി. ആ കുറിപ്പ് കഥ ആയിത്തന്നെയാണ് വായിക്കപ്പെട്ടത്. അതിനു ശേഷമാണ് ജീവിതത്തില്‍ ഫിക്ഷന്‍ കൂടി ചേര്‍ത്ത് കഥകളെഴുതി തുടങ്ങിയത്. എന്റെ നോവല്‍ ‘ഭൂതത്താന്‍കെട്ട്’ പിറന്നതും അങ്ങനെ ജീവിതപരിസരങ്ങളില്‍ നിന്നുതന്നെയാണ്. യാഥാര്‍ഥ്യവും ഫിക്ഷനും ഇടകലര്‍ന്ന അനുഭവമാണ് എന്റെ എല്ലാ എഴുത്തും. വാസ്‌കോഡഗാമയിലെ കഥകളില്‍ രണ്ടെണ്ണം മാത്രമാണ് മുഴുവനായി ഫിക്ഷനുള്ളത്, ബാക്കിയെല്ലാം കണ്ടറിഞ്ഞ ജീവിതങ്ങളാണ്. മനുഷ്യരെക്കുറിച്ചും അവരുടെ അനുഭവങ്ങളെക്കുറിച്ചും എഴുതാനാണ് അല്ലെങ്കിലും എനിക്കിഷ്ടം’.

വായനയും എഴുത്തും ഇലക്ട്രോണിക് മാധ്യമങ്ങളിലേക്കു മാറുമ്പോള്‍ അതിനനുസരിച്ച് വായനക്കാരനും എഴുത്തുകാരനും മാറേണ്ടതുണ്ട്. അത്തരത്തില്‍ കാലത്തിനനുസരിച്ച് നവീകരിക്കപ്പെട്ട എഴുത്തുകാരനാണ് തമ്പി ആന്റണി. പുതിയ കാലത്തെ വായനക്കാര്‍ക്ക് ഇഷ്ടപ്പെട്ട രീതിയില്‍ എഴുതണമെന്നു വാശി പിടിക്കുന്ന ഒരാള്‍. എന്തെഴുതുമ്പോഴും അതിനെ സിനിമാറ്റിക്ക് ആയി സമീപിക്കുന്നൊരാള്‍, അദ്ദേഹത്തിന്റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, ‘ഞാന്‍ എഴുതുന്നതിനൊപ്പം അതിനെ മനസ്സില്‍ ദൃശ്യവത്കരിച്ചു കാണാറുമുണ്ട്. അതുകൊണ്ട് ഒരു സിനിമ കാണുന്നതു പോലെയാണ് കഥയും ഞാന്‍ മനസ്സില്‍ ആദ്യന്തം അനുഭവിക്കുക’. കഥയെഴുത്താണ് തന്റെ മുഖ്യവഴിയെന്ന് തമ്പി ആന്റണി തിരിച്ചറിഞ്ഞിരിക്കുന്നു. അതുകൊണ്ടു തന്നെ സിനിമാനടന്‍ എന്ന നിലയില്‍ അഭിനയം തുടരുമ്പോഴും എല്ലാ തിരക്കുകളില്‍ നിന്നും അദ്ദേഹം ഓടിയെത്തുന്നത് തന്റെ അക്ഷരങ്ങളിലേക്കാണ് . അതുകൊണ്ടുതന്നെ ബഷീറിന്റെ പേരില്‍ ലഭിച്ച പുരസ്‌കാരത്തെ ഈ എഴുത്തുകാരന്‍ ആദരപൂര്‍വം നെഞ്ചോടു ചേര്‍ക്കുന്നു.

കടപ്പാട്: മനോരമ ഓണ്‍ലൈന്‍

Comments are closed.