DCBOOKS
Malayalam News Literature Website

‘സഹറാവീയം’; വിമോചനപ്പോരാട്ടങ്ങളുടെയും അതിജീവനത്തിന്റെയും കഥ

കാശ്മീരിലെയും പാലസ്തീനിലെയും ‘സ്വാതന്ത്ര്യസമരസേനാനികളെയും’ അവരുടെ വിമോചനനായകരെയും നമുക്ക് പരിചിതമാണ്. എന്നാല്‍ നമുക്ക് കേട്ടുകേള്‍വിപോലുമില്ലാത്ത എത്രയെത്ര ദേശങ്ങളിലാണ് ചെറുതും വലുതുമായ സ്വയം നിര്‍ണ്ണയാവകാശങ്ങളുടെയും അതിജീവനത്തിന്റെയും പ്രക്ഷോഭസമരങ്ങള്‍ നടക്കുന്നത്? നമുക്കറിയാത്ത കാര്യങ്ങളെല്ലാം കെട്ടുകഥകളെന്ന പഴമൊഴിയില്‍ വിശ്വസിക്കുകയാണെങ്കില്‍ സഹാറയെ രണ്ടായി കീറിമുറിച്ചുകൊണ്ട് മൊറോക്കോയിലെ അടിച്ചമര്‍ത്തല്‍ ഭരണകൂടം കെട്ടിപ്പൊക്കിയ, ചൈനീസ് വന്മതില്‍ കഴിഞ്ഞാല്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മനുഷ്യനിര്‍മ്മിതമതിലായ ‘ബേം’നുപുറത്ത് വിവരണാതീതമായ ദുരിതങ്ങള്‍ പേറി ടെന്റുകളില്‍ ജീവിക്കാന്‍ വിധിക്കപ്പെട്ട സഹാറാവികളെന്ന വംശീയ ന്യൂനപക്ഷത്തിന്റെ അവസ്ഥയും കേവലമൊരു കെട്ടുകഥയാണ്!!

382 പേജുകളുള്ള ജുനൈദ് അബൂബക്കറിന്റെ സാമാന്യം വലിയ നോവലായ സഹറാവീയം. സഹറാവികളുടെ വിമോചനപ്പോരാട്ടത്തിന്റെയും അതിജീവനത്തിന്റെയും കഥയാണ് പറയുന്നത്. കേട്ടറിവുമാത്രമുള്ള സഹറാവികളുടെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്യാന്‍ ബ്രിട്ടീഷ് പൗരത്വമുള്ള ജെസീക്ക ഒമര്‍ എന്ന അഫ്ഗാന്‍ വംശജയായ യുവതി മൊറോക്കോയിലും പടിഞ്ഞാറന്‍ സഹാറയിലുമായി നടത്തുന്ന സാഹസിക യാത്രയിലൂടെയാണ് സഹറാവികളുടെ ജീവിതാവസ്ഥയെക്കുറിച്ച് നമ്മളറിയുന്നത്. ബ്രിട്ടനില്‍ വലിയ അല്ലലൊന്നുമില്ലാതെ ചെറുകിട ടെലിവിഷന്‍ പരിപാടികളുമായി കഴിഞ്ഞിരുന്ന ജെസീക്ക ഒമര്‍ എന്ന യുവതിക്ക് സഹപ്രവര്‍ത്തകനും സഹാറാവി വിമോചനസംഘടനയായ പോളിസാരിയോയുടെ പ്രവര്‍ത്തകനുമായ ആബിദ് നല്‍കിയ ‘ഫാക്ട്‌സ്’ എന്ന സഹാറാവി പോരാട്ടങ്ങളെക്കുറിച്ചുള്ള ചെറിയ ഡോക്യുമെന്ററി യാദൃശ്ചികമായി കണ്ടപ്പോഴാണ് എന്തുകൊണ്ട് അവരുടെ ജീവിതത്തെക്കുറിച്ച് ഒരു ഡോക്യുമെന്ററി ചെയ്തുകൂടാ എന്ന ചിന്ത ആദ്യമായി മനസ്സില്‍ കയറിക്കൂടിയത്. തണുപ്പിന്റെ കാഠിന്യത്താല്‍ പിടിപെടാന്‍ സാധ്യതയുള്ള ‘വിന്റര്‍ ബ്ലൂസ്’ എന്ന വിഷാദാവസ്ഥയില്‍ നിന്നും താല്‍ക്കാലികമായ മോചനം ആഗ്രഹിച്ചത് ഒരു നിമിത്തവുമായി. മൊറോക്കന്‍ പട്ടണമായ കാസബ്ലാങ്കയിലെത്തിയ ജെസീക്കയെ സ്വീകരിക്കാന്‍ പ്രിയസുഹൃത്ത് ബസ്മയുണ്ടായിരുന്നു. നഗരം ചുറ്റിക്കാണലിനിടയില്‍ കണ്ടുമുട്ടുന്ന ബ്രാഹിം മുസ്തഫയെന്ന ഉസ്താദിനെ പരിചയപ്പെടുന്നതുമുതല്‍ക്കാണ് സഹറാവികളുടെ സമരചരിത്രം ജെസ്സിക്കയും നമ്മളും നമ്മളറിയുന്നതും ഉദ്വേഗജനകമായ ജെസ്സിക്കയുടെ സഹറാവികളെത്തേടിയുള്ള യാത്ര ആരംഭിക്കുന്നതും. ആരാണ് ബ്രാഹിം മുസ്തഫയെന്ന നാമത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന വയോധികനായ വ്യക്തിയെന്ന് നോവലിലൊരിടത്തും വ്യക്തമാക്കുന്നില്ല. ചരിത്രപണ്ഡിതനോ അതോ അസീം അലിയെന്ന വിപ്ലവകവിയോ? ജീവിതം പോലെതന്നെ ആ മരണവും ദുരൂഹമായി അവശേഷിക്കുന്നു. അഫ്ഗാനിസ്ഥാനിലെ ആഭ്യന്തരകലാപത്തില്‍ രക്ഷിതാക്കളെ നഷ്ടപ്പെട്ട് ദേശങ്ങളില്‍നിന്നും ദേശങ്ങളിലേക്ക് പാലായനം ചെയ്യേണ്ടിവരുകയും അവസാനം ബ്രിട്ടീഷ് ദമ്പതികളുടെ ദത്തുപുത്രിയായി മാറേണ്ടിവരുകയും ചെയ്യുന്ന ജെസ്സിക്കയുടെ പൂര്‍വാശ്രമജീവിതം പലപ്പോഴായുള്ള ഫഌഷ് ബാക്കുകളില്‍ക്കൂടിയും നമ്മളറിയുന്നുണ്ട്. വിന്റ്റര്‍ ബ്ലൂസില്‍ നിന്നും രക്ഷപ്പെടാന്‍ വന്ന ജെസ്സിക്ക കടുത്ത മനോവ്യഥയുമായാണ് മടങ്ങിപ്പോകുന്നത്.

വിമോചനപ്പോരാട്ടങ്ങളുടെ നേതൃസ്ഥാനത്തുള്ളവര്‍ നയിക്കുന്ന ബൂര്‍ഷ്വാ ജീവിതരീതികള്‍ പലപ്പോഴും പ്രസ്ഥാനങ്ങളുടെ ഉദ്ദേശശുദ്ധിതന്നെ ചോദ്യം ചെയ്യപ്പെടുന്ന തരത്തില്‍ വിമര്‍ശനവിധേയമായിട്ടുണ്ട്. പി.എല്‍ ഒ, എ.എന്‍.സി, എല്‍.ടി.ടി.ഇ തുടങ്ങിയവ ഉദാഹരണങ്ങള്‍. പി.എല്‍.ഒക്ക് പലയിടങ്ങളില്‍ നിന്നും കിട്ടിയ സാമ്പത്തികസഹായം യാസര്‍ അരാഫത്ത് സ്വന്തം ബാങ്ക് അക്കൗണ്ടിലേക്കാണ് നിക്ഷേപിച്ചിരുന്നത്. അദ്ദേഹത്തിന്റെ മരണശേഷം ഭാര്യയും പി.എല്‍.ഒ നേതാക്കളും തമ്മില്‍ ഇതേച്ചൊല്ലി നടന്ന തര്‍ക്കങ്ങള്‍ നമുക്കറിയാവുന്നതാണ്. സഹറാവികളുടെ വിമോചനസംഘടനയായ പോളിസാരിയോയുടെ നേതാക്കളുടെ ജീവിതശൈലികളും സമാനമായ രീതിയിലാണെന്നുള്ള ചില പരാമര്‍ശങ്ങള്‍ ജെസീക്കയുടെ ചിന്തകളായി നോവലില്‍ കാണാം. എന്നാല്‍ ആ വിഷയത്തില്‍ കാര്യമായ അന്വേഷണങ്ങളൊന്നും നടത്തിയതായി കാണുന്നില്ല.

വളരെയേറെ വിവരണാത്മകമാണ് സഹറാവീയം. കുറേക്കൂടി സംക്ഷിപ്തമാക്കി അവതരിപ്പിക്കാമായിരുന്നു. എങ്കിലും നമുക്ക് തീര്‍ത്തും അന്യമായ ഒരു ദേശത്തെയും ജനങ്ങളെയും നമ്മുടെ മനോവ്യാപാരങ്ങള്‍ക്കും ധാര്‍മ്മിക ചിന്തകള്‍ക്കും അനുയോജ്യമാകുന്നതരത്തില്‍ പരുവപ്പെടുത്തിയെടുക്കുന്ന ശ്രമകരമായ ഉദ്യമം അഭിനന്ദനാര്‍ഹമാണെന്ന് പറയാതെവയ്യ.

ജുനൈദ് അബൂബക്കറിന്റെ സഹറാവീയം എന്ന നോവലിന് അഡ്വ.എം.മുരളീധരന്‍ എഴുതിയ വായനാനുഭവം

Comments are closed.