DCBOOKS
Malayalam News Literature Website

‘The Angel’s Beauty Spots’ ; കെ.ആര്‍ മീരയുടെ മൂന്ന് നോവെല്ലകളുടെ ഇംഗ്ലീഷ് വിവര്‍ത്തനം പുറത്തിറങ്ങി

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി കെ.ആര്‍ മീരയുടെ മൂന്ന് നോവെല്ലകളുടെ ഇംഗ്ലീഷ് പരിഭാഷ The Angel’s Beauty Spots പുറത്തിറങ്ങി. ജെ.ദേവികയുടെ അതീവഹൃദ്യമായ പരിഭാഷയോടെ അലിഫ് ബുക്ക് കമ്പനിയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച മാലാഖയുടെ മറുകുകള്‍, ആ മരത്തേയും മറന്നു ഞാന്‍, കരിനീല എന്നീ നോവെല്ലകളുടെ പരിഭാഷയാണ് ഈ സമാഹാരത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.

ഉള്ളുറപ്പും പേശീബലവും നല്‍കിയ ആഖ്യാനംകൊണ്ട് വായനക്കാരുടെ ധാരണകളെ അട്ടിമറിക്കുന്നതും, ഇന്നത്തെ പെണ്ണിന്റെ അവസ്ഥകളെ ഫെമിനിസത്തിന്റെ അതിരുകള്‍ക്കപ്പുറത്തു കൊണ്ടുപോയി ആവിഷ്‌കരിക്കുന്നതുമായ രചനകളാണ് കെ.ആര്‍ മീരയുടേത്. അവരുടെ കഥകളിലും നോവലുകളിലും നോവെല്ലകളിലും നിറയുന്നത് സ്ത്രീത്വത്തിന്റെ പലവിധ ആധികളാണ്. പെണ്ണിന്റെ ലോകം നിരവധിതരം യുദ്ധങ്ങള്‍ നടക്കുന്ന ഒരു മേഖലയാണെന്ന് അവ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. തോല്‍ക്കുന്നതും വിജയിക്കുന്നതുമായ ഈ യുദ്ധത്തില്‍ പോരാട്ടമെന്നതാണ് പ്രധാനമെന്നും ഈ കഥകള്‍ വിളിച്ചുപറയുന്നു.

മനോഹരമായ കഥകളിലൂടെ ലഘുനോവലുകളിലേക്ക് കടന്ന് ആരാച്ചാര്‍ പോലെ ഒരു ബൃഹദ് നോവലിലേക്ക് വികസിച്ചതാണ് മീരയുടെ എഴുത്തിന്റെ ലോകം. കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഗീതാ ഹിരണ്യന്‍ അവാര്‍ഡ്, ലളിതാംബിക അന്തര്‍ജ്ജനം സ്മാരക അവാര്‍ഡ്, അങ്കണം അവാര്‍ഡ്, തോപ്പില്‍ രവി സ്മാരക അവാര്‍ഡ്, പി.പത്മരാജന്‍ സ്മാരക അവാര്‍ഡ്, വി.പി.ശിവകുമാര്‍ സ്മാരക കേളി അവാര്‍ഡ് തുടങ്ങിയവ കെ.ആര്‍ മീരയ്ക്ക് ലഭിച്ചിട്ടുണ്ട്. ആരാച്ചാര്‍ കേന്ദ്ര- കേരള സാഹിത്യ അക്കാദമി അവാര്‍ഡ്, ഓടക്കുഴല്‍ പുരസ്‌കാരം, വയലാര്‍ അവാര്‍ഡ്, നൂറനാട് ഹനീഫ് പുരസ്‌കാരം തുടങ്ങി പ്രമുഖ ബഹുമതികള്‍ കരസ്ഥമാക്കി. ഒപ്പം ഇംഗ്ലീഷില്‍ ‘ഹാങ് വുമണ്‍’ എന്നപേരിലും തമിഴിലും തര്‍ജ്ജമ ചെയ്യപ്പെട്ടു. കൂടാതെ നിരവധി കഥകള്‍ ഇംഗ്ലീഷിലേക്കും തമിഴിലേക്കും തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.

 

Comments are closed.