DCBOOKS
Malayalam News Literature Website

അബോധമനസ്സിന്റെ മുന്നറിയിപ്പാണ് തോന്നൽ, അതിനെ പിന്തുടരുക…

മായാ കിരണിന്റെ ‘ദി ബ്രെയിന്‍ ഗെയിം’ എന്ന നോവലിന്  വിനീത്  വിശ്വദേവ് എഴുതിയ  വായനാനുഭവം

പേരില്ലാത്ത അജ്ഞാതനായ ഒരു കൊലയാളിയുടെ ക്രൈം ഗെയിമിന് തടയിടാൻ ബ്രെയിൻ ഗെയിമുമായി എത്തുന്ന കുറ്റാന്വേഷകന്റെ കഥയാണ് ബ്രെയിൻ ഗെയിം. ചിന്തകൾക്ക് പിടികൊടുക്കാത്തത്രയും ബുദ്ധിപരമായി കൊലപാതകങ്ങൾ ചെയ്യുന്ന ഈ കൊടുംകുറ്റവാളിയുടെ ലക്ഷ്യമെന്താണ്? അയാൾ ഇനി ആരെയൊക്കെയാണ് കൊല്ലാൻ പോകുന്നത് ?  ഇങ്ങനെ പല ആശങ്കകളാണ് ബ്രെയിൻ ഗെയിമിന്റെ വായനയിലെ ഓരോഘട്ടത്തിലും അവശേഷിപ്പിക്കുക.

ഓരോ കൊലപാതകവും പിന്നീടോരോ ആസൂത്രണങ്ങളും ബുദ്ധിപരമായ മികവോടെ മുന്നോട്ട് Textകൊണ്ടുപോയിരുന്ന പേരില്ലാത്ത അജ്ഞാതനായ ആ കുറ്റവാളിക്ക് പിന്നിൽ ഹർഷവർദ്ധൻ എന്ന അന്വേഷണ ഉദ്യോഗസ്ഥൻ നടന്നെത്തുന്നതോടെ ഗെയിം ആരംഭിക്കുന്നു.

ഹർഷവർദ്ധൻ എന്ന പൊലീസ് ഉദ്യോഗസ്ഥനിലൂടെ ഒരു കുറ്റാന്വേഷകന്റെ ആശങ്കകളും പ്രതീക്ഷകളും ഏകാന്തതയും നിശ്ചയദാർഢ്യവും ഒരു പോലെ ആവിഷ്‌കരിക്കുന്നുണ്ട്. കുറ്റകൃത്യനോവലുകൾ എഴുതുന്ന ഗൗരവിന്റെ ദുരൂഹമരണം. അഡ്വക്കേറ്റ് അനന്തനുണ്ണിയുടെ ആത്മഹത്യയെന്ന് തോന്നിപ്പിച്ച മരണം, അതിനിടയിലേക്ക് കഴുകൻ കണ്ണിന്റെ തുടിപ്പുകളുമായി എത്തിനോക്കുന്ന ഒരു ഫെയ്‌സ്ബുക്ക് പ്രൊഫൈൽ. മരണങ്ങളുടെ നോട്ടിഫിക്കേഷനുകൾ വിതച്ചവന്റെ മാനസിക നിലയെ ഭീതിദമാം വിധം വായനക്കാരനിലേക്ക് സംവേദിപ്പിക്കുന്നുണ്ടു.

കുറ്റാന്വേഷണകഥകളോട് താൽപര്യമുള്ള ഒരു നോവലിസ്റ്റാണ് കൊല്ലപ്പെടുന്ന ഗൗരവ്. ഗൗരവിന്റെ അപൂർണമായ ആ നോവൽ അവശേഷിപ്പിക്കുന്ന സംശയങ്ങളിലൂടെ ബ്രെയിൻ ഗെയിമിന്റെ ഉത്തരങ്ങൾ വിന്യസിക്കുന്നു. എന്തുകൊണ്ടാണ് കടൈസി നടിപ്പിന്റെ ക്ലൈമകാക്‌സ് പൂർത്തിയാക്കും മുമ്പ് ഗൗരവ് കൊല്ലപ്പെട്ടത്? പിന്നാലെ ഹർഷന്റെ അന്വേഷണത്തിൽ ആകാംക്ഷ നിറച്ചുകൊണ്ട് കടന്നുവരുന്ന ജിഗ്‌സോ പസിൽ മറ്റൊരു നിർണായക ഘട്ടത്തിലേക്കാണ് വായനക്കാരനെ കൂട്ടി കൊണ്ടുപോകുന്നത്.

കഥയുടെ വഴിത്തിരിവിലേക്ക് നയിക്കുന്ന ആ ജിഗ്‌സോ പസിൽ അപൂർണമായ ഒരു ഗെയിമായി കൊല്ലപ്പെടാനിടയുള്ള അടുത്തയാളാര് എന്നു  വായനക്കാരനിൽ ആകാംക്ഷയുണർത്തുന്നു. ചിലങ്കയുടെ ചാനൽ ഷോ ലെറ്റസ് ടോക് ദി ട്രൂത്ത് ഭരണകൂടത്തെ തന്നെ വിറപ്പിച്ച ഒരു ഷോയാണ്. അനൗൺസ് ചെയ്ത ഒരു എപ്പിസോഡ് പാതിവഴിയിൽ നിർത്തുമ്പോൾ സംപ്രേഷണം ചെയ്യപ്പെടാത്ത ആ എപ്പിസോഡിലാണ് തന്റെ ചോദ്യത്തിനുള്ള ഉത്തരം എന്ന് ഹർഷൻ മനസ്സിലാക്കുന്നു,

സാഹിത്യത്തിന്റെ സങ്കീർണതകളേതുമില്ലാതെ തന്നെ ബ്രെയിൻ ഗെയിമിനെ മികച്ച അനുഭവമാക്കുന്നു. ചുരുക്കത്തിൽ ഭീതിയും നിഗൂഢതകളും കുറ്റാന്വേഷണത്തിലെ ആകാംക്ഷകളും ഒരുപോലെ സംഗമിക്കുന്ന വേദിയായിമാറുന്നു  ബ്രെയിൻ ഗെയിം.

”മനസ്സാണ് ആദ്യത്തെ വിധാതാവ്. അതിൽ ആദ്യം തോന്നുന്ന തോന്നൽ അബോധമനസ്സിന്റെ മുന്നറിയിപ്പാണ്. അതിനെ പിന്തുടരണം” ഒരു കുറ്റാന്വേഷകന്റെ മൂന്നാംകണ്ണിനെ കുറിച്ച് ഹർഷൻ ഇങ്ങനെ ഓർക്കുന്നുണ്ട്. ഹർഷന്റെ അതേ ഏകാഗ്രതയിലേക്ക് വായനക്കാരനെയും ബ്രെയിൻ ഗെയിം എത്തിക്കുന്നു.

മായാ കിരൺ എഴുതി ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ദി ബ്രെയിൻ ഗെയിം’ എന്ന നോവൽ ഒരു കുറ്റവാളിയുടെയും കുറ്റാന്വേഷകന്റെയും പരസ്പര മൽസരത്തിന്റെ എല്ലാ ആകാംക്ഷയും നിറച്ചുവച്ചു മികച്ച വായനാനുഭവം സമ്മാനിക്കുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ 

 

Comments are closed.