DCBOOKS
Malayalam News Literature Website

‘മാമുക്കോയ’ ഹൃദയസ്പര്‍ശിയായ ജീവിതകഥ

ഏപ്രില്‍ 26- മാമുക്കോയ ചരമദിനം

മാമുക്കോയ- വായനക്കാരുടെ ഹൃദയം കവര്‍ന്ന ജീവിതകഥ- എന്ന പുസ്തകത്തിന് ടി പദ്മനാഭന്‍ എഴുതിയ അവതാരിക

ആത്മാവാണ് പ്രധാനം.

കഥയായാലും കവിതയായാലും ആത്മകഥയായാലും ചിത്രകലയായാലും ആത്മാവുതന്നെയാണ് പ്രധാനം. ഇന്നത്തെ പല കൃതികളും ഹൃദയത്തില്‍നിന്നല്ല വരുന്നത്; വായില്‍നിന്നാണ്. പലപ്പോഴും അവ കൃത്രിമമാണ്.

പണ്ട് ബ്രിട്ടീഷ് പാര്‍ലമെന്റില്‍, അന്നത്തെ ഒരു പ്രധാനമന്ത്രിയുടെ (ലോയ്ഡ് ജോര്‍ജ്ജാണോ എന്ന് സംശയമുണ്ട്) ഉയരത്തെക്കുറിച്ച് മറുഭാഗത്തെ ഒരു പാര്‍ലമെന്റ് മെമ്പര്‍ കളിയാക്കി. അപ്പോള്‍ ആ പ്രധാനമന്ത്രി പറഞ്ഞു:

ശരിയാണ്. എനിക്ക് ഉയരം കുറവാണ്. എന്നാല്‍ നാം ഉയരത്തെ അളക്കേണ്ടത് ഹൃദയത്തില്‍നിന്ന് വായിലേക്കുള്ളതാണ്. മറ്റെരു ഉയരത്തിനു പ്രസക്തിയില്ല. ഇവിടെ ഹൃദയത്തില്‍നിന്ന് വായിലേക്ക് അളന്നാല്‍ എത്ര കൃതികള്‍ ഉയരത്തില്‍ നില്‍ക്കുന്നുണ്ട്? അടുത്ത കാലത്ത് കെ.പി. അപ്പന്‍ പറഞ്ഞല്ലൊ, അതിസാങ്കേതികത കഥയെ കൊല്ലുന്നുവെന്ന്. ശരിയാണ്. പുതിയ എഴുത്തുകാര്‍ അത് മനസ്സിലാക്കേണ്ടതുണ്ട്. അമേരിക്കയില്‍ അടുത്ത കാലത്ത് മികച്ച അമേരിക്കന്‍ കഥകളുടെ ഒരു സമാഹാരം പുറത്തിറങ്ങി. അത് സമാഹരിച്ചത് റെയ്മണ്ട് കാര്‍വറും മറ്റൊരാളുമാണ്. റെയ്മണ്ട് കാര്‍വര്‍ അമേരിക്കന്‍ കഥാകൃത്തുക്കളില്‍ അദ്വിതീയനാണ്. ലോകകഥാകാരന്മാരിലും അദ്ദേഹത്തിന് വലിയ സ്ഥാനമുണ്ട്. ഗ്രെയ്റ്റ് മാസ്റ്റര്‍ പീസസ് ഓഫ് അമേരിക്കന്‍ ഷോട്ട്‌സ്റ്റോറീസ് എന്ന ഈ ബൃഹദ്കൃതിയുടെ തുടക്കത്തില്‍ അതിമനോഹരമായ ഒരാമുഖം റെയ്മണ്ട് കാര്‍വര്‍ എഴുതിയിട്ടുണ്ട്. അരിസ്റ്റോട്ടിലിന്റെ ഒരു ഉദ്ധരണിയില്‍നിന്നാണ് കാര്‍വര്‍ തുടങ്ങുന്നത്. ആ ഉദ്ധരണി ഇതാണ്:

“The Excellent becomes the permanent.’ മികച്ചത് ശാശ്വതമായി നില്‍ക്കും. തുടര്‍ന്ന് ആദ്യത്തെ ഖണ്ഡികയില്‍ കാര്‍വര്‍ പറയുന്നു:

‘എന്തടിസ്ഥാനത്തിലാണ് ഞാന്‍ ഈ ഗ്രന്ഥത്തിലെ കഥകള്‍ ശേഖരിച്ചത് എന്ന് സ്വാഭാവികമായും ചോദിക്കാം. അതിന്റെ ഉത്തരം ഇതാണ്: എന്റെ ഹൃദയത്തെ സ്പര്‍ശിച്ച കഥകളാണ് ഞാനിതില്‍ ചേര്‍ത്തത്. ഫെമിനിസം, പ്രാദേശികബോധം, മോഡേണിസം തുടങ്ങി ഒരു തിയറിയും എനിക്ക് ബാധകമായിരുന്നില്ല. ഈ കഥകള്‍ Textവായിച്ചപ്പോള്‍ മനുഷ്യരെക്കുറിച്ചുള്ള എന്റെ അവബോധം ഒന്നുകൂടി വിശാലമായി. ഒരു കഥ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് മഹത്തരമാണ്.’

കാര്‍വര്‍ എഴുതിയ ആ കാര്യം എവിടെയും പ്രസക്തമാണ്. ഒരു കൃതി നമ്മുടെ ഹൃദയത്തെ സ്പര്‍ശിക്കുന്നുണ്ടെങ്കില്‍ അത് മഹത്തരമാണ്. ‘മാമുക്കോയ’ എന്ന ഈ പുസ്തകം എന്റെ ഹൃദയത്തെ സ്പര്‍ശിച്ചു. ആത്മാര്‍ത്ഥതയും സത്യസന്ധതയും കൊണ്ടാണ് ഈ കൃതി മികച്ചതാവുന്നത്.

ദൂരെ ദൂരെ ഒരു കൂടുകൂട്ടാം എന്ന സിനിമയിലെ അറബി മുന്‍ഷിയുടെ വേഷം തൊട്ടേ ആ നടനെ എനിക്കിഷ്ടമാണ്. ഇത്രമാത്രം സരളമായിട്ട്, യാതൊരു വളച്ചുകെട്ടുമില്ലാതെ അഭിനയിക്കാന്‍ കഴിയുന്ന ഒരു സിദ്ധി മാമുക്കോയയ്ക്കുള്ളതായി എനിക്ക് തോന്നിയിട്ടുണ്ട്. മാമുക്കോയ എങ്ങനെയാണോ അങ്ങനെതന്നെ അഭിനയിക്കുന്നു.

സത്യത്തില്‍ മലയാള സിനിമയിലെ ഹാസ്യനടന്മാരെയൊക്കെ എനിക്കിഷ്ടമാണ്. പഴയകാല നടന്മാരില്‍ മുതുകുളവും അടൂര്‍ഭാസിയും ബഹദൂറുമൊക്കെ എന്റെ പ്രിയപ്പെട്ട നടന്മാരായിരുന്നു. ഇന്നത്തെ നടന്മാരില്‍ ജഗതി ശ്രീകുമാര്‍, ഇന്നസെന്റ്, മുകേഷ്, ജഗദീഷ്, ശ്രീനിവാസന്‍ ഇവരെയൊക്കെ എനിക്കിഷ്ടമാണ്. എന്നാല്‍, മാമുക്കോയയെ സ്‌ക്രീനില്‍ കാണുമ്പോള്‍ എന്റെ സ്വന്തമൊരാള്‍ വരുന്നതുപോലെ തോന്നാറുണ്ട്. മാമുക്കോയയുടെ അഭിനയം അങ്ങനെയൊരാഹ്ലാദം എനിക്ക് നല്‍കുന്നുണ്ട്.

സിനിമയിലല്ലാതെ മാമുക്കോയയെ ഞാന്‍ കാണുന്നത് ഒരു ട്രെയിന്‍ യാത്രയ്ക്കിടയിലാണ്. ഒരു ദിവസം രാത്രി എക്‌സിക്യൂട്ടീവ് ട്രെയിനില്‍ ഞാന്‍ കണ്ണൂരേക്ക് വരികയായിരുന്നു. എറണാകുളത്തുനിന്നാണ് ഞാന്‍ കയറിയത്. എ.സി.കമ്പാര്‍ട്ടുമെന്റിലാണ് ഇരിക്കുന്നത്. അന്ന് ഏതോ ഒരു വണ്ടി ഉണ്ടായിരുന്നില്ല. ആലുവയിലെത്തുമ്പോള്‍ പലരും റിസര്‍വേഷന്‍ കമ്പാര്‍ട്ടുമെന്റിലേക്ക് ഇടിച്ചുകയറി. അങ്ങനെ കയറിയ കൂട്ടത്തില്‍ മാമുക്കോയയും ഉണ്ടായിരുന്നു. മാമുക്കോയയുടെ മുഖത്തെ പരിഭ്രമത്തില്‍നിന്ന് മനസ്സിലായി; റിസര്‍വേഷന്‍ ഇല്ല! എന്റെ അടുത്ത് ഒരു സീറ്റ് ഒഴിഞ്ഞിരിപ്പുണ്ട്. റിസര്‍വ് ചെയ്ത ആള്‍ വന്നിട്ടില്ല. മിക്കപ്പോഴും യാത്രചെയ്യുന്ന ആളായതിനാല്‍ ടി.ടി.ഇ. പരിചിതനാണ്. ഞാന്‍ ടി.ടി.ഇയോട് മാമുക്കോയയെ ചൂണ്ടി പറഞ്ഞു: ‘മാമുക്കോയയാണ്. റിസര്‍വേഷനില്ല, തീര്‍ച്ച. ദയവ് ചെയ്ത് ഇവിടെ ഇരുത്തൂ.’ടി.ടി.ഇ. അങ്ങനെ ചെയ്തു.

സത്യത്തില്‍ അതിനുമുമ്പ് ഞങ്ങള്‍ പരിചയപ്പെട്ടിരുന്നില്ല. ഞാന്‍ ടി. പദ്മനാഭന്‍ എന്നൊന്നും പരിചയപ്പെടുത്താനും
പോയില്ല. പക്ഷേ, മാമുക്കോയയ്ക്ക് എന്നെ അറിയുമായിരുന്നു. എന്റെ കഥകള്‍ വായിച്ചിരുന്നു. ഫറോക്കിലാണ് മാമുക്കോയ ഇറങ്ങിയത്. ഫറോക്ക് എത്തുന്നതുവരെ ഞങ്ങള്‍ സംസാരിച്ചുകൊണ്ടിരുന്നു. അതിനിടയില്‍ മാമുക്കോയ പറഞ്ഞു:

‘നിങ്ങള്‍ കോഴിക്കോട്ടു വന്നാല്‍ മിക്കവാറും അളകാപുരിയിലല്ലേ താമസിക്കാറ്. ഞാനും അവിടെ വരാറുണ്ട്. ഞാന്‍ നിങ്ങളെ പരിചയപ്പെടാന്‍ പലപ്പോഴും ശ്രമിച്ചിട്ടുണ്ട്. നിങ്ങള്‍ താമസിക്കാറുള്ള കോട്ടേജിന്റെ വരാന്തയില്‍ നിന്നിട്ട് തിരിച്ചുവരും. വേണ്ട. കാണണ്ട. കാരണം, അപ്പോഴൊക്കെ ഞാന്‍…’

ഇപ്പോള്‍ മാമുക്കോയ പുകവലിപോലും നിര്‍ത്തിയെന്ന് ഈ ജീവിതകഥയില്‍നിന്നും മനസ്സിലാവുന്നു. മാമുക്കോയയുടെ ഓര്‍മ്മകളില്‍ ആ മനുഷ്യന്റെ ഏറ്റവും സഹജമായിട്ടുള്ള ആര്‍ജ്ജവമുണ്ട്.

മാമുക്കോയ ഒരു ഹാസ്യനടന്‍ മാത്രമല്ല. ‘പെരുമഴക്കാലം’ കണ്ട ഒരാള്‍ക്ക് മാമുക്കോയ ഹാസ്യനടന്‍ മാത്രമാണോ? ഒരു പിതാവ് അഭിമുഖീകരിക്കുന്ന ഏറ്റവും തീക്ഷ്ണമായ വേദന ആ മുഖത്തുണ്ടായിരുന്നു. മാമുക്കോയ അതില്‍ മലയാളത്തിലെ ഏറ്റവും വലിയ സ്വഭാവനടന്മാരിലൊരാളായി മാറി.

എങ്ങനെ അതൊക്കെ നമുക്ക് മറക്കാന്‍ കഴിയും? ആത്മാര്‍ത്ഥതയുടെ സ്ഫുരണംകൊണ്ട്, ഹൃദയസ്പര്‍ശിയായിരിക്കുന്നു ഈ ജീവിതകഥ.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.