DCBOOKS
Malayalam News Literature Website

‘മനുഷ്യാ നീ തന്നെ മതമെന്നറിയൂ’; സിസ്റ്റര്‍ ലൂസി കളപ്പുര

കത്തോലിക്ക സഭാസമൂഹത്തില്‍ നിന്നും തനിക്കു നേരിടേണ്ടി വന്ന ദുരനുഭവങ്ങളെക്കുറിച്ചായിരുന്നു സിസ്റ്റര്‍ ലൂസി കളപ്പുര കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പങ്കുവെച്ചത്. മാധ്യമപ്രവര്‍ത്തകന്‍ ടി.എം.ഹര്‍ഷന്‍ സിസ്റ്റര്‍ ലൂസി കളപ്പുരയുമായി അഭിമുഖസംഭാഷണം നടത്തി.

സ്ഥാപനല്‍ക്കരിക്കപ്പെട്ട സമൂഹത്തില്‍ പ്രതിരോധിക്കാനാവാതെ ഒതുങ്ങിക്കൂടി, മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തയായി നീതിക്കുവേണ്ടി തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കാനുള്ള തീരുമാനത്തെ കുറിച്ച് ലൂസി കളപ്പുര സദസ്സിനോട് സംസാരിച്ചു. മതത്തിന്റെ മതിലകങ്ങളില്‍ ഒതുങ്ങിക്കൂടാതെ തനിക്കു ചുറ്റുമുള്ളവരിലേക്കിറങ്ങിച്ചെല്ലാന്‍ കേരളത്തിലെ കന്യാസ്ത്രീ സമൂഹത്തോട് സിസ്റ്റര്‍ ആവശ്യപ്പെട്ടു. കന്യാസ്ത്രീ മഠത്തില്‍ തളയ്ക്കപ്പെട്ട, പുറംലോകത്തെക്കുറിച്ച് അജ്ഞരായ തന്റെ സഹപ്രവര്‍ത്തകരെക്കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളും ഇടയ്ക്കുണ്ടായി. കന്യാസ്ത്രീകളുടെ വേഷവിധാനത്തെ നിശിതമായി വിമര്‍ശിച്ച സിസ്റ്റര്‍ ലൂസിയുടെ ‘വസ്ത്രമല്ല അതിനുള്ളിലെ വ്യക്തിത്വമാണ് പ്രധാനം’ എന്ന പരാമര്‍ശത്തെ കാണികള്‍ ഇരു കൈയ്യും നീട്ടി സ്വീകരിച്ചു.

ക്രിസ്തീയ സഭകളിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് വലിയ രീതിയില്‍ കുറഞ്ഞതായും അതേസമയം ആണ്‍കുട്ടികള്‍ വലിയ രീതിയില്‍ കടന്നു വരുന്നതായും സൂചിപ്പിച്ച ഹര്‍ഷനോട് സര്‍വ്വസുഖങ്ങളും തങ്ങള്‍ക്കായി കാത്തിരിക്കുന്നതിനാലാണ് ആണ്‍കുട്ടികള്‍ വലിയ തോതില്‍ കടന്നു വരുന്നതെന്നും നിലവിലെ അവസ്ഥയില്‍ ഒരു പുതിയ പെണ്‍കുട്ടി പോലും വരാതിരിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും സിസ്റ്റര്‍ മറുപടി നല്‍കി.

സഭയെ ഇനിയും വിശ്വാസം ഉണ്ടോ എന്ന ടി.എം ഹര്‍ഷന്റെ ചോദ്യത്തിന് തന്നെ സഭ ഉള്‍ക്കൊള്ളുമെന്ന പ്രതീക്ഷയുണ്ടെന്നായിരുന്നു സിസ്റ്ററിന്റ മറുപടി. മതത്തിന്റെ പേരില്‍ മനുഷ്യന്‍ വേര്‍തിരിഞ്ഞിരിക്കുന്നതിലും മതമില്ലാത്ത അവസ്ഥയില്‍ ഏവരും ഒന്നിക്കുമെങ്കില്‍ അതാണ് താന്‍ ആഗ്രഹിക്കുന്നതെന്നും സിസ്റ്റര്‍ ലൂസി കളപ്പുര അഭിപ്രായപ്പെട്ടു.

Comments are closed.