DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍; ജനപക്ഷത്തെ സാഹിത്യോത്സവം

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ 2020 ജനുവരി 16 മുതല്‍ 19 വരെ കോഴിക്കോട് ബീച്ചില്‍ വെച്ച് പൂര്‍വ്വാധികം ഗംഭീരമായി നടന്നു. ഇക്കുറി ഫെസ്റ്റിവലിന്റെ അഞ്ചാം വര്‍ഷമായതുകൊണ്ട് അഞ്ചാമതൊരു വേദി കൂടി ഉണ്ടായിരുന്നു. ഇരുനൂറിലധികം സെഷനുകള്‍, നാല്‍പതോളം വിദേശ എഴുത്തുകാര്‍, ഇന്ത്യയിലെ പ്രമുഖരായ സാമൂഹ്യ ബുദ്ധിജീവികള്‍ എന്നിവരുടെ സാന്നിദ്ധ്യത്തില്‍ ശാസ്ത്രം, സാഹിത്യം, ചരിത്രം, കല, രാഷ്ട്രീയം, നിയമം തുടങ്ങിയ സര്‍ഗാത്മകവും വൈജ്ഞാനികവുമായ മേഖലകളിലെ അനേകം വിഷയങ്ങള്‍ ഫെസ്റ്റിവലില്‍ ചര്‍ച്ചാവിഷയമായി. പ്രധാന വിഷയം പരിസ്ഥിതിയും കാലാവസ്ഥാ വ്യതിയാനവും അതിഥിരാജ്യം സ്‌പെയിനും ആയിരുന്നു. തമിഴ് സാഹിത്യം കേന്ദ്രഭാഷയായി ഊന്നല്‍ നല്‍കിയിരുന്നു. രണ്ടര ലക്ഷം വരുന്ന യുവതീയുവാക്കള്‍ക്കു മുന്‍കൈയുള്ള ശ്രോതാക്കളുടെ പങ്കാളിത്തം ഫെസ്റ്റിവലിന് തികഞ്ഞ ജനകീയസ്വഭാവം നല്‍കി. അടുത്ത എഡിഷനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഇന്ത്യയിലെ അത്തരം മറ്റു മിക്ക ഫെസ്റ്റിവലുകളില്‍ നിന്നും വ്യത്യസ്തമാകുന്നത് പല രീതികളിലാണ്. ഏറ്റവും പ്രധാനം വിപുലമായ ജനപങ്കാളിത്തമാണ്. രണ്ടാമത് ഇത് പ്രാഥമികമായും യുവജനങ്ങളുടെ ഒരു ധൈഷണികാഘോഷമാണെന്നതാണ്. മൂന്നാമത്തേത് ഇതിന്റെ പൊതുവായ അവാങ് ഗാദ് സ്വഭാവമാണ്. ഏറ്റവും പുതിയ എഴുത്തുകാരെയും സാഹിത്യത്തിലെയും വിചാരവിജ്ഞാനങ്ങളിലെയും ഏറ്റവും നൂതനമായ പ്രവണതകളെയും ഷോകെയ്‌സ് ചെയ്യുന്നതില്‍ എന്നും കേരള സാഹിത്യോത്സവം ശ്രദ്ധിച്ചിട്ടുണ്ട്. സംവാദത്തിന്റെ പുതിയ, വിശാലമായ ഒരിടം സൃഷ്ടിക്കുന്നതിലും നവോത്ഥാന കാലത്തിന്റെ സ്പിരിറ്റ് ചോദ്യം ചെയ്യലിന്റെയും വാദപ്രതിവാദത്തിന്റെയും സത്യസന്ധമായ വ്യവസ്ഥാ വിമര്‍ശനത്തിന്റെയുമായ അതിന്റെ പൈതൃകം നിലനിര്‍ത്താനും പോഷിപ്പിക്കാനും കെ എല്‍.എഫിനു കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് ഇത്ര വിപുലമായി യുവജനത അതിനെ കൊണ്ടാടുന്നത്. എഴുത്തുകാരുടെയും ചിന്തകരുടെയും പല തലമുറകള്‍ തമ്മിലും പല ഭാഷക്കാരും ദേശക്കാരും തമ്മിലുമുള്ള സ്വതന്ത്ര സംവാദങ്ങള്‍ക്ക് ഇത്ര വിശാലമായ മറ്റൊരിടവും കേരളത്തിലില്ല. ഒപ്പം സാംസ്‌കാരിക സായാഹ്നങ്ങളിലൂടെ ക്ലാസ്സിക്കലും ആധുനികവുമായ കലകള്‍ ജനങ്ങളെ പരിചയപ്പെടുത്താനും ഇത് അവസരമൊരുക്കുന്നു. ഇതിനൊരു പക്ഷമുണ്ടെങ്കില്‍ അത് ജനപക്ഷമല്ലാതെ മറ്റൊന്നുമല്ല.

Comments are closed.