DCBOOKS
Malayalam News Literature Website

അറ്റുപോകാത്ത ഓര്‍മ്മകള്‍ പങ്കുവെച്ച് പ്രൊഫ.ടി.ജെ.ജോസഫ്

തന്റെ വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പങ്കുവെച്ച് വായനക്കാരില്‍ അനുകമ്പ പിടിച്ചുപറ്റാനല്ല ആത്മകഥ എഴുതിയതെന്ന് പ്രൊഫ.ടി.ജെ.ജോസഫ്. പകരം, കേരളത്തിലെ ഒരു സാധാരണ പൗരന് സംഭവിക്കാവുന്ന അരക്ഷിതാവസ്ഥയെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് വേണ്ടിയാണ് എന്റെ അനുഭവങ്ങളെ രേഖപ്പെടുത്തിയത്. മറ്റൊരു മനുഷ്യനും ഇതുപോലൊരു അനുഭവം ഉണ്ടാകരുത്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വേദിയില്‍ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന തന്റെ പുതിയ ആത്മകഥയെ അടിസ്ഥാനമാക്കി വി.മുസഫര്‍ അഹമ്മദുമായി നടന്ന അഭിമുഖസംഭാഷണത്തിലായിരുന്നു പ്രൊഫ.ടി.ജെ.ജോസഫ് ഇപ്രകാരം പറഞ്ഞത്.

തനിക്ക് നേരെയുണ്ടായ അക്രമസംഭവങ്ങള്‍ നടന്നിട്ട് ഇപ്പോള്‍ പത്ത് വര്‍ഷങ്ങള്‍ പിന്നിട്ടു. ഇക്കാലയളവില്‍ കേരളത്തില്‍ ധാരാളം മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. മതപരമായും ചരിത്രപരമായും കേരളത്തില്‍ ധാരാളം മുന്നേറ്റങ്ങളുണ്ടായി. എന്റെ മതമേതാണെന്ന് താങ്കള്‍ അറിയാതിരിക്കുമ്പോഴാണ് മതേതരത്വം സഫലമാകുന്നതെന്ന മുന്‍ രാഷ്ട്രപതി സക്കീര്‍ ഹുസൈന്റെ വാചകം കടമെടുത്തായിരുന്നു പൗരത്വപ്രതിഷേധങ്ങളെക്കുറിച്ചുള്ള അഭിപ്രായമാരാഞ്ഞപ്പോള്‍ ചോദ്യകര്‍ത്താവിന് ടി.ജെ.ജോസഫ് മറുപടി നല്‍കിയത്.

ഒപ്പം നിന്നിരുന്ന ആളുകള്‍ തന്നെ മാനസികമായി വേദനിപ്പിച്ചതാണ് അപരിചിതരായവര്‍ ശാരീരികമായി മുറിപ്പെടുത്തിയതിനേക്കാള്‍ വേദനാജനകമായി മാറിയതെന്ന് ടി.ജെ.ജോസഫ് അഭിപ്രായപ്പെട്ടു. അതെന്റെ മാത്രമല്ല, കുടുംബത്തിന്റെ വേദന കൂടിയായിരുന്നു. ഉപജീവനവും പ്രതിസന്ധിയിലായപ്പോള്‍ ഏറെ വിഷമതകളുണ്ടായി.

എന്റെ മതം സാഹിത്യമാണെന്നായിരുന്നു പ്രൊഫ.ടി.ജെ.ജോസഫ് അഭിപ്രായപ്പെട്ടത്. ‘എല്ലാ മതഗ്രന്ഥങ്ങളും സാഹിത്യകൃതികളാണ്. മനുഷ്യനന്മക്ക് ഉതകുന്ന വചനങ്ങള്‍ ഉരുവിടുന്നവരെ ഞാന്‍ ദൈവതുല്യരായി കാണുന്നു. ഞാന്‍ ഒരു യുക്തിവാദിയോ നിരീശ്വരവാദിയോ അല്ല, എന്റെ മതം എന്റെയുള്ളിലാണ്. നമ്മുടെ വിശ്വാസത്തിനനുസരിച്ച് ജീവിക്കുക എന്നത് മാത്രമാണ് ഞാന്‍ പിന്തുടന്ന ജീവിതരീതി. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാതെ ജീവിക്കുക എന്നതില്‍ കവിഞ്ഞ മറ്റൊരു ദര്‍ശനവും എനിക്ക് പകര്‍ന്നുനല്‍കാനില്ല. ‘ടി.ജെ.ജോസഫ് വ്യക്തമാക്കി.

ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ടി.ജെ.ജോസഫിന്റെ ആത്മകഥ അറ്റുപോകാത്ത ഓര്‍മ്മകള്‍ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശനവും വേദിയില്‍വെച്ച് നടന്നു.

Comments are closed.