DCBOOKS
Malayalam News Literature Website

ഗൂഗിളിനെ ഞാന്‍ വിശ്വസിക്കുന്നില്ല: റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍

 

ഗൂഗിളിനെ താന്‍ വിശ്വസിക്കുന്നില്ല എന്നും ഗൂഗിള്‍ അനധികൃതമായി ഉപഭോക്താക്കളുടെ രേഖകള്‍ ചോര്‍ത്തിയെടുക്കുന്നു എന്നും റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ അഭിപ്രായപ്പെട്ടു. മൂന്ന് ദിവസങ്ങളിലായി കോഴിക്കോട് കടപ്പുറത്ത് നടന്നുവരുന്ന കേരള സാഹിത്യോത്സവ വേദിയില്‍ നടത്തിയ സംവാദത്തിലാണ് അദ്ദേഹം ഇത് വ്യക്തമാക്കിയത്. മൂന്നാമതൊരാള്‍ അറിയരുത് എന്ന് നാം കരുതുന്ന രഹസ്യങ്ങള്‍ വരെ ചോര്‍ത്തിയെടുക്കാന്‍ ഗൂഗിളിന് ആവുന്നുണ്ട് എന്നും ഈ പ്രവണത തികച്ചും മനുഷ്യാവകാശ വിരുദ്ധമാണെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി.
നമ്മുടെ നിത്യജീവിതത്തില്‍ നമുക്ക് ഒഴിവാക്കാന്‍ സാധിക്കാത്ത ഉപകരണമായ മൊബൈല്‍ ഫോണ്‍ നമ്മള്‍ ഉപയോഗിക്കുന്നതില്‍ വെച്ച് ഏറ്റവും ഭീകരമായതും മോശമായതുമാണെന്നും അദ്ദേഹം പറഞ്ഞു. മൊബൈല്‍ ഫോണ്‍ സ്റ്റാലിന്റെ ഒരു സ്വപ്ന ഉപകരണമായിരുന്നു എന്നും 1940 കാലഘട്ടത്തില്‍ യുഎസ്എസ് ആറിലെ ആളുകളുടെ ചലനങ്ങളെക്കുറിച്ചും അവരുടെ സ്വകാര്യ പ്രവര്‍ത്തനങ്ങളെ കുറിച്ചും അറിയാന്‍ സാധിക്കുന്ന ഒരു ഉപകരണത്തെ കുറിച്ച് സ്റ്റാലിന്‍ ആ കാലഘട്ടത്തില്‍ ആലോചിച്ചിരുന്നു എന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. ഇന്ന് ആ ഉപകരണമാണ് നമ്മളുടെ കയ്യിലിരിക്കുന്ന മൊബൈല്‍ഫോണ്‍ എന്നും അതിന് നിര്‍ദ്ദേശങ്ങള്‍ കൊടുക്കുന്നത് നമ്മളല്ല, അതിനെ നിയന്ത്രിക്കുന്ന മൂന്നാമതൊരാള്‍ ഉണ്ടെന്നും അദ്ദേഹത്തിന്റെ സംസാരത്തിന്റെ ഭാഗമായി പറഞ്ഞു.
കഴിഞ്ഞ പത്തുവര്‍ഷമായി ക്രെഡിറ്റ് കാര്‍ഡ് അടക്കമുള്ള യാതൊരു ഉപകരണങ്ങളും താന്‍ ഉപയോഗിക്കുന്നില്ല എന്നും സാമൂഹ്യ മാധ്യമങ്ങളായ ഫേസ്ബുക്കിലോ വാട്‌സാആപ്പിലോ ട്വിറ്ററിലോ തനിക്ക് സ്വന്തമായി അക്കൗണ്ട് ഇല്ല എന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആധാറിനെതിരെ വളരെ ശക്തമായാണ് അദ്ദേഹം പ്രതികരിച്ചത്. ഇത് തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്നും ഇതിലൂടെ ഒരുപാട് വിപത്തുകള്‍ ഇന്ത്യക്ക് ഉണ്ടാകുമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തി. അതോടൊപ്പം എത്രയും പെട്ടെന്ന് തന്നെ ആധാര്‍ നിര്‍ത്തലാക്കണമെന്നും ഇതിനു പിന്നില്‍ കോര്‍പറേറ്റ് ശക്തികളുടെ പ്രവര്‍ത്തനം ഉണ്ടോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും അദ്ദേഹം സൂചന നല്‍കി. തന്റെ വിരലടയാളം ആവശ്യപ്പെടുന്ന രാജ്യത്തിലേക്ക് താന്‍ ഒരിക്കലും പോവില്ല എന്ന് ഹാസ്യരൂപേണ അദ്ദേഹം പറയുകയുണ്ടായി.

 

Comments are closed.