DCBOOKS
Malayalam News Literature Website

‘റാലി ഫോര്‍ റിവേഴ്‌സ്’ ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടി

കോയമ്പത്തൂര്‍: ഇഷ ഫൗണ്ടേഷന്‍ സ്ഥാപകനും, ആത്മീയാചാര്യനുമായ സദ്ഗുരു ജഗ്ഗി വാസുദേവ് ഇന്ത്യയിലെ നദികളുടെ സംരക്ഷണത്തിനായി നടത്തിയ ‘റാലി ഫോര്‍ റിവേഴ്‌സ്’ ലോകത്തെ ഏറ്റവും വലിയ പരിസ്ഥിതി സംരക്ഷണ പരിപാടികളില്‍ ഒന്നാണെന്ന് ഐക്യ രാഷട്രസഭയുടെ പരിസ്ഥിതി പദ്ധതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എറിക് സോള്‍ഹീം പറഞ്ഞു.

കഴിഞ്ഞ ദിവസം ഇവിടെ നടന്ന അന്താരാഷ്ട്ര പരിസ്ഥിതി ഏജന്‍സിയായ ഗ്ലോബല്‍ ലാന്‍ഡ്‌സ് കേപ് ഫോറത്തിന്റെ സമ്മേളനത്തില്‍ സദ്ഗുരുവുമായി ‘റാലി ഫോര്‍ റിവേഴ്‌സ്’ പദ്ധതിയെ പറ്റി എറിക് സോള്‍ഹീം ചര്‍ച്ച നടത്തി. കോടിക്കണക്കിന് ജനങ്ങളുടെ പിന്തുണ ലഭിച്ച പദ്ധതിയെ അദ്ദേഹം അഭിനന്ദിച്ചു. നദികളെ സംരക്ഷിക്കാന്‍ ഭൂമിയുടെ ഹരിത ആവരണം വര്‍ദ്ധിപ്പിക്കണം. വൃക്ഷങ്ങളെ വളര്‍ത്തിക്കൊണ്ടുള്ള കാര്‍ഷിക രീതി പ്രോത്സാഹിപ്പിക്കണം. സ്വകാര്യ പങ്കാളിത്തത്തോടെ ജലസേചനം ഊര്‍ജ്ജിതമാക്കണം. ഇക്കാര്യങ്ങളെല്ലാം സദ്ഗുരുവുമായി ചര്‍ച്ച ചെയ്തു. ഇതെല്ലാം സാര്‍ത്ഥകമാകാന്‍ ജനങ്ങളുടെ മനസിലാണ് വൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കേണ്ടതെന്നാണ് സദ്ഗുരുവിന്റെ സങ്കല്‍പ്പമെന്നും എറിക് സോള്‍ഹീം പറഞ്ഞു.

സമൂഹത്തിന് പ്രയോജനപ്പെടുന്ന ഒരു പ്രസ്ഥാനം തുടങ്ങാന്‍ അമൂര്‍ത്തമായ ആശയങ്ങള്‍ ഉപേക്ഷിക്കുകയാണ് ആദ്യം വേണ്ടത്. ജനങ്ങളെ ബാധിക്കുന്ന യാഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുക. അപ്പോള്‍ ജനങ്ങളുടെ നിര്‍ലോഭമായ പിന്തുണ അതിന് കിട്ടും. ജനങ്ങളുടെ വിശ്വാസമാണ് റാലി ഫോര്‍ റിവേഴ്‌സിനെ വിജയത്തില്‍ എത്തിച്ചതെന്നും അദ്ദേഹം പറഞ്ഞു. റാലി ഫോര്‍ റിവേഴ്‌സ് സമാപിച്ച ശേഷം, നദികളെ പുനരുജ്ജീവിപ്പിക്കാനുള്ള ബൃഹത്തായ ഒരു കര്‍മ്മ പദ്ധതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സദ്ഗുരു സമര്‍പ്പിച്ചിരുന്നു. അതിലെ നിര്‍ദ്ദേശങ്ങള്‍ പഠിക്കാന്‍ നിതി ആയോഗിന്റെ കീഴില്‍ പ്രധാനമന്ത്രി ഒരു ഉന്നതതല ഗ്രൂപ്പിന് രൂപം നല്‍കിയിട്ടുണ്ട്. ആറ് സംസ്ഥാനങ്ങളിലെ നദികളെ പുനരുജ്ജീവിപ്പിക്കാന്‍ കോടിക്കണക്കിന് വൃക്ഷങ്ങള്‍ നട്ടു പിടിപ്പിക്കാനുള്ള ഒരു പദ്ധതിക്കും ഇഷ ഫൗണ്ടേഷന്‍ രൂപം നല്‍കിയിട്ടുണ്ട്.

 

Comments are closed.