DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ വേദിയില്‍ പ്രകാശ് രാജ് എത്തുന്നു

ഇന്ത്യന്‍ സിനിമയിലെ ഏറ്റവും കരുത്തുറ്റ താരങ്ങളില്‍ ഒരാളായ പ്രകാശ് രാജ് കെ.എല്‍.എഫ് വേദിയില്‍ സാന്നിദ്ധ്യമറിയിക്കാന്‍ എത്തുന്നു. മികച്ച അഭിനയത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിച്ചിട്ടുള്ള  ഇന്ത്യന്‍ ചലച്ചിത്രനടനും, നിര്‍മ്മാതാവുമാണ് പ്രകാശ് രാജ്. കന്നട, തമിഴ്, മലയാളം, തെലുഗു എന്നീ ഭാഷാചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള പ്രകാശ് രാജിന് ആദ്യമായി ദേശീയ ചലച്ചിത്രപുരസ്‌കാരം ലഭിക്കുന്നത് ഇരുവര്‍ എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ്. മികച്ച സഹനടനുള്ള ദേശീയപുരസ്‌കാരമാണ് 1998ല്‍ ഈ ചിത്രത്തിലൂടെ ഇദ്ദേഹത്തിന് ലഭിച്ചത്. പിന്നീട് 2009ല്‍ മികച്ച നടനുള്ള ദേശീയപുരസ്‌കാരം പ്രകാശ് രാജിന് ലഭിക്കുകയുണ്ടായി. പ്രശസ്ത സംവിധായകന്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത കാഞ്ചീവരം എന്ന തമിഴ് ചലച്ചിത്രത്തിലൂടെയാണ് ഈ അംഗീകാരം പ്രകാശ് രാജിനെ തേടിയെത്തിയത്.

ഏഷ്യയിലെ ഏറ്റവും വലിയ സാഹിത്യോത്സവമായ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍  2024 ജനുവരി 11, 12, 13, 14 തീയതികളില്‍ സാഹിത്യ നഗരിയായ കോഴിക്കോട് കടപ്പുറത്ത് നടക്കും. ഡി സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഈ സാഹിത്യോത്സവത്തില്‍ സമകാലിക കലാ-സാഹിത്യ-സാംസ്‌കാരിക-സാമൂഹിക വിഷയങ്ങളില്‍ സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കും വഴിയൊരുക്കിക്കൊണ്ട്  പ്രമുഖര്‍ പങ്കെടുക്കും. മുൻ പതിപ്പുകളിൽ നിന്ന് വേറിട്ട് നിൽക്കുന്ന പുതുമയേറിയ സാഹിത്യോത്സവത്തിന്റെ ഒരുക്കങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ഓർഹൻ പാമുക്കിനെയും എലിഫ് ഷെഫാക്കിനെയും ലോക സാഹിത്യത്തിന് സമ്മാനിച്ച തുർക്കിയാണ് ഇത്തവണത്തെ അതിഥി രാജ്യം. പത്തോളം വിദേശ രാജ്യങ്ങളിൽ നിന്നുൾപ്പെടെ നാന്നൂറിലധികം എഴുത്തുകാർ സാഹിത്യോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്.

രജിസ്ട്രേഷനും കൂടുതല്‍ വിവരങ്ങള്‍ക്കുമായി സന്ദര്‍ശിക്കുക

Comments are closed.