DCBOOKS
Malayalam News Literature Website

‘അന്ധര്‍ ബധിരര്‍ മൂകര്‍’ ; അന്ധമായൊരു ഭരണവ്യവസ്ഥയുടെ അന്ത്യമില്ലാത്ത ക്രൂരതകള്‍

ടി.ഡി.രാമകൃഷ്ണന്റെ അന്ധര്‍ ബധിരര്‍ മൂകര്‍ എന്ന നോവലിന് അരുൺ ചന്ദ്രൻ വായനാനുഭവം

ഏതു നിമിഷവും വാതിലുകൾ തല്ലിത്തകർത്തു നിങ്ങളുടെ മുറിയിലേക്ക് കടന്നു വന്നു, നിങ്ങളെ ചവുട്ടി അരയ്ക്കുന്ന പട്ടാളക്കാരുടെ ബൂട്ട്സ്സുകളെ നിങ്ങള്‍ക്ക് സങ്കല്പിക്കാനാകുമോ..? നിങ്ങളുടെ സഹോദരങ്ങളെ തെരുവിലേക്ക് വലിച്ചെറിയുന്ന, സ്വന്തം മകളുടെ അഭിമാനം സംരക്ഷിക്കാനാവാതെ തോക്കുകളെ ഭയന്ന് ജീവിക്കേണ്ടി വരുന്ന അമ്മമാരെ സങ്കല്പിക്കാനാകുമോ..? ഉറക്കമെണീറ്റതു മുതൽ കയ്യിലുള്ള ഫോണുകൾ നിര്‍ജീവമാക്കപ്പെടുന്നതിനെക്കുറിച്ച്…? കൂട്ടുകാർക്കൊപ്പം നാട്ടിന്‍പുറങ്ങളില്‍ സൊറ Textപറഞ്ഞിരിക്കുമ്പോൾ മൂക്കിന്റെ പാലം ഇടിച്ചു തകർക്കുന്ന തോക്കിന്റെ പരുത്ത പ്രതലങ്ങളേയോ ..? ഇതൊക്കെയാണ് ഭൂമിയിലെ സ്വർഗ്ഗമെന്ന ബോർഡ് വച്ച് നമ്മുടെ രാജ്യം കൊട്ടിഘോഷിക്കുന്ന കശ്മീരി ജനതയുടെ ദിനങ്ങൾ..

കണ്ണിൽ കരട് പോയെന്നു പറയുമ്പോൾ അസ്വസ്ഥമാകുന്ന നമ്മളെ പോലുള്ളവർക്ക് ഒരിക്കൽ പോലും സങ്കൽപ്പിക്കാൻ കഴിയില്ല ഒരുപക്ഷേ കൃഷ്ണമണികളോട് ചേർന്ന് ആഴത്തിൽ പതിക്കുന്ന പെല്ലറ്റുകളുടെ ചോരയില്‍ കുതിര്‍ന്ന ഇരുമ്പു മണം.. “അന്ധര്‍ ബധിരര്‍ മൂകര്‍” ക്രൂരമായ ഫാസിസ്റ്റ് ആശയങ്ങള്‍ കൊണ്ട് സ്വന്തം ജനതയെയും ജനങ്ങളേയും അടിച്ചമര്‍ത്തുന്ന ഒരു ഭരണസംവിധനവും, ഒന്നും ചെയ്യാനാകാതെ നിസ്സഹായരായി സ്വന്തം സ്വത്തും ജീവനും മാനവും മാറോടു ചേര്‍ത്തണച്ചു നിശബ്ധമായി ഇരിക്കേണ്ടി വന്ന ഒരു വിഭാഗം ജനതയും, ഇവ രണ്ടിനുമിടയില്‍ ചോര കുടിയന്‍ ചെന്നായ്ക്കാളായി മാറിയ ഒരു വിഭാഗം തീവ്രവാദികളും.. ഇവരെക്കുറിച്ച് പറയുന്ന ഒരു കഥയ്ക്ക്‌ ഇതിലും നല്ലൊരു പേര് നല്‍കാനാകുമോ എന്ന് ഞാന്‍ സംശയിക്കുന്നു.

സ്വന്തം പിതാവ് ഒരു സിക്കുകാരനാണോ, കപൂര്‍ ആണോ, നായര്‍ ആണോ എന്നറിയാതെ ജന്മമെടുത്ത ഒരു കശ്മീരി യുവതിയായ ഫാത്തിമ നിലോഫറിന്റെ ജീവിതത്തിലെ അവസാന പത്തു ദിവസങ്ങള്‍, ആഗസ്റ്റ് നാല് ഉച്ച നേരം മുതല്‍ ആഗസ്റ്റ് പതിനാലാം തീയതി പ്രഭാതം വരെയുള്ള സമയമാണ് അന്ധര്‍ ബധിരര്‍ മൂകറിന്റെ കഥാ സാഹചര്യം. അടിച്ചമര്‍ത്തലുകള്‍ക്കും, ക്രൂരമായ ബലാല്‍സംഗങ്ങള്‍ക്കുെ ഇരയാകേണ്ടി വരുകയും ജീവനു തുല്യം സ്നേഹിച്ചിരുന്നവരുടെ മരണം നേരില്‍ കാണേണ്ടിവരുകയും ചെയ്ത നിസ്സഹായ ആയ യുവതി. വീടിനു മുന്നില്‍ കളിച്ചു കൊണ്ടിരിക്കെ പെല്ലറ്റ് കണ്ണിനുള്ളില്‍ തറച്ചു കയറിയ സ്വന്തം മകനുമൊപ്പം അവള്‍ ആ പത്തു ദിവസങ്ങള്‍ പുതിയൊരു ജീവിതം സ്വപ്നം കണ്ടു യാത്ര തിരിക്കുന്നു. ആ യാത്രയില്‍ അവള്‍ കണ്ടുമുട്ടുന്ന സമൂഹങ്ങള്‍, കൂടെ പലപ്പോഴായി വന്നു പോകുന്ന സഹയാത്രികര്‍, ഒപ്പം മുസാഫിര്‍ ..അങ്ങനെ അപ്രതീക്ഷിത തലങ്ങളിലൂടെ കഥ മുന്നോട്ടേക്ക് പോകുന്നു.

എഴുപത് ലക്ഷത്തോളം വരുന്ന ജനതയെ അടിച്ചമര്‍ത്താന്‍, ഏഴു ലക്ഷത്തോളം പട്ടാളക്കാരെ ഇറക്കുകയും, അതിനു വേണ്ടി മാത്രം കോടികള്‍ ചിലവഴിക്കുകയും ചെയ്യുകയാണ് നമ്മുടെ രാഷ്ട്രം എന്ന് പറഞ്ഞാല്‍ നമുക്ക് വിശ്വസിക്കാനാകുമോ..? സ്വതന്ത്ര ഭരണം പോയിക്കഴിയുമ്പോള്‍ സ്വാഭാവികമായും ആ ജനതയുടെ ശബ്ദം ഉയര്‍ന്നു കേള്‍ക്കെണ്ടാതാണെന്ന് നമുക്ക് ഊഹിക്കവുന്നതല്ലേ ഉള്ളു.. എന്നിട്ടും അത് കേള്‍ക്കാതെയായപ്പോള്‍ നിങ്ങള്‍ ചിന്തിച്ചോ അവിടെയെന്താണ് നടക്കുന്നതെന്ന്..? കഴിഞ്ഞ കുറെ നാളുകള്‍ക്കിടയില്‍ അവര്‍ക്കായി ശബ്ധിച്ച പലരുടെയും വായ് മൂടപ്പെട്ടിരിക്കുകയാണ്. അവരുടെ ഫോണുകള്‍ ശബ്ധിക്കുന്നില്ല, പത്രങ്ങള്‍ അവര്‍ക്ക് വേണ്ടി അപേക്ഷിക്കുന്നില്ല, സാമുഹ്യ മാധ്യമങ്ങള്‍ അവരെ മറന്നു തുടങ്ങിയിരിക്കുന്നു. ആരെയാണ് നമ്മുടെ സഹോദരങ്ങള്‍ ഭയപ്പെടേണ്ടതു ..? കയ്യിലൊരു കഠാരയുമായി നമ്മുടെ കഴുത്തറക്കാന്‍ നില്‍ക്കുന്ന അയല്‍ രാജ്യത്തിനെയോ, അതോ മതത്തിന്റെയും ദൈവത്തിന്റെയും പേരില്‍ പത്തും പന്ത്രണ്ടും വയസ്സുള്ള കുഞ്ഞുങ്ങള്‍ക്കു തോക്കെടുത്ത് നല്‍കുന്ന ഐ.എസ് പോലെയുള്ള തീവ്രവാദസംഘടനകളെയോ, അതോ കാവല്‍ നില്‍ക്കുന്നവര്‍ക്ക് തന്നെ കാഴ്ചവസ്തു ആകാന്‍ പറയുന്ന ഭരണതലവന്മാരെയോ…???

പുസ്തകം വാങ്ങാന്‍ സന്ദര്‍ശിക്കൂ

Comments are closed.