DCBOOKS
Malayalam News Literature Website

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

കൊച്ചി: മലയാളത്തിലെ ഗസല്‍ ഗായകരില്‍ ശ്രദ്ധേയനായ ഉമ്പായി(68) അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ട് 4.45ഓടെയായിരുന്നു അന്ത്യം. അര്‍ബുദരോഗബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു അദ്ദേഹം. ഗസല്‍ സംഗീതത്തെ ജനകീയമാക്കുന്നതില്‍ ഒരു മുഖ്യ പങ്കുവഹിച്ച ഗായകനായിരുന്നു ഉമ്പായി. അഞ്ച് പതിറ്റാണ്ടുകാലമായി സംഗീതലോകത്തെ നിറസാന്നിധ്യമായിരുന്നു അദ്ദേഹം. ഭാര്യ: ഹബീബ, മക്കള്‍.ഷൈല, സബിത, സമീര്‍.

തബല വാദകനായി സംഗീതലോകത്തെത്തിയ ഉമ്പായി പിന്നീട് ഗസല്‍ ഗായകനാവുകയായിരുന്നു. ആദ്യകാലങ്ങളില്‍ കൊച്ചിയുടെ ജനകീയ ഗായകന്‍ എച്ച്. മെഹ്ബൂബിന്റെ തബലിസ്റ്റായി പ്രവര്‍ത്തിച്ചിരുന്നു. തുടര്‍ന്ന് തബല പഠിക്കണമെന്ന ലക്ഷ്യത്തോടെ മുംബൈയിലേക്ക് തിരിച്ചു. മുംബെയില്‍ ഉസ്താദ് മുജാ വര്‍ അലിയുടെ അടുത്തെത്തി. അദ്ദേഹത്തിന്റെ ശിക്ഷണത്തില്‍ തബല അഭ്യസിച്ചു. ഉമ്പായിയുടെ ആലാപന മികവ് തിരിച്ചറിഞ്ഞത് മുജാവര്‍ അലിയാണ്. ഗസലിന്റെ വഴിയിലേക്ക് ഉമ്പായിയെ നയിച്ചതും അദ്ദേഹമായിരുന്നു. ഗസല്‍ ജീവിതമാക്കിയ ഉമ്പായി കേരളത്തിലെത്തി, ഗസലിനായി സംഗീത ട്രൂപ്പുണ്ടാക്കി. മലയാളത്തിലെ ആദ്യ ഗസല്‍ സംഗീത ട്രൂപ്പായിരുന്നു അത്. ആദ്യമൊന്നും ഗസലിനെ ആരും സ്വീകരിച്ചില്ല. രാത്രികാലങ്ങളില്‍ കൊച്ചിയിലെ ഹോട്ടലുകളില്‍ പാടുമായിരുന്ന അദ്ദേഹം, ജീവിക്കാനായി പകല്‍ സമയത്ത് മറ്റ് ജോലികള്‍ ചെയ്തു. ഇതിനിടയില്‍ എറണാകുളം നഗരത്തില്‍ ഉത്തരേന്ത്യന്‍ സമൂഹത്തിന്റെ പ്രിയ പാട്ടുകാരനായി.

പ്രണാമം എന്ന പേരില്‍ ആദ്യത്തെ മലയാള ഗസല്‍ ആല്‍ബം അദ്ദേഹം പുറത്തിറക്കി. ഇത് വഴിത്തിരിവായി. ധാരാളം പേര്‍ ഗസലിന്റെ ആരാധകരായി. പിന്നീട് നിരവധി പഴയ ചലച്ചിത്ര ഗാനങ്ങള്‍ ഉമ്പായി തന്റെ തനതായ ഗസല്‍ ആലാപന ശൈലികൊണ്ട് പുനരാവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്പായിയും സച്ചിദാനന്ദനും ചേര്‍ന്ന് ഒരുക്കിയ ശ്രദ്ധേയമായ ഗസല്‍ ഗാന ആല്‍ബമായിരുന്നു ‘അകലെ മൗനം പോലെ’. അതിന് ശേഷം ഒ.എന്‍.വി. കുറുപ്പ് എഴുതിയ ഗാനങ്ങള്‍ക്ക് ഉമ്പായി ശബ്ദാവിഷ്‌കാരം നല്‍കിയ ആല്‍ബമായിരുന്നു ‘പാടുക സൈഗാള്‍ പാടുക’ എന്നത്. ഉമ്പായി എം. ജയചന്ദ്രനുമായി ചേര്‍ന്ന് ‘നോവല്‍’ എന്ന സിനിമയ്ക്ക് സംഗീതവും നല്‍കിയിട്ടുണ്ട്. 24 ഗസല്‍ ആല്‍ബങ്ങള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. ഇന്ത്യയിലെമ്പാടും, ഗള്‍ഫ് നാടുകളിലും ഗസലുകള്‍ അവതരിപ്പിച്ചു.

ഉമ്പായിയുടെ ആത്മകഥയായ രാഗം ഭൈരവി ഡി.സി ബുക്‌സാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Comments are closed.