DCBOOKS
Malayalam News Literature Website

നിത്യാ മേനോന്റെ ഹൊറര്‍ ത്രില്ലര്‍ പ്രാണ; ട്രെയിലര്‍ പുറത്തിറങ്ങി

നിത്യാ മേനോന്‍ കേന്ദ്രകഥാപാത്രമാകുന്ന വി.കെ.പ്രകാശ് ചിത്രം പ്രാണയുടെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു പ്രേതബാധയുള്ള വീട്ടില്‍ ഒരു പെണ്‍കുട്ടി താമസിക്കുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമയുടെ പ്രമേയം. നിത്യാ മേനോനാണ് സിനിമയിലെ ഏകകഥാപാത്രം. നടന്‍ പൃഥ്വീരാജിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്തത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിനു ശേഷം സുരേഷ് രാജ് നിര്‍മ്മിക്കുന്ന ചിത്രമാണിത്. മലയാളം, ഹിന്ദി, തെലുങ്ക്, കന്നഡ എന്നീ നാലു ഭാഷകളിലായാണ് ചിത്രം ഒരുങ്ങുന്നത്. മലയാളത്തില്‍ ആദ്യമായി സറൗണ്ട് സിങ്ക് ടെക്‌നോളജി ഉപയോഗിച്ച് ചിത്രീകരിച്ചിരിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്. ഓസ്‌കര്‍ പുരസ്‌കാര ജേതാവ് റസ്സൂല്‍ പൂക്കുട്ടിയാണ് സറൗണ്ട് സിങ്ക് ഫോര്‍മാറ്റില്‍ ചിത്രത്തിന് ശബ്ദലേഖനം നടത്തുന്നത്. ലോക പ്രശസ്തനായ ജാസ് വിദഗ്ദ്ധന്‍ ലൂയി ബാങ്ക്‌സാണ് പ്രാണയുടെ സംഗീതസംവിധാനം.

പ്രശസ്ത ക്യാമറാമാന്‍ പി.സി ശ്രീറാമാണ് ചിത്രത്തിന് വേണ്ടി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ രാജേഷ് ജയരാമന്റേതാണ്. രതീഷ് വേഗയാണ് പ്രാണയുടെ ടൈറ്റില്‍ സോങ് ചെയ്തിരിക്കുന്നത്. നിത്യാ മേനോനും ശില്‍പ രാജും ചേര്‍ന്നാണ് ആലാപനം. ജനുവരി 18-ന് ചിത്രം റിലീസ് ചെയ്യും.

Comments are closed.