DCBOOKS
Malayalam News Literature Website

രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്രസര്‍ക്കാര്‍ നിരീക്ഷണത്തില്‍

ദില്ലി: രാജ്യത്തെ ഏതു കമ്പ്യൂട്ടറും ആവശ്യമെങ്കില്‍ നിരീക്ഷിക്കാനും ഡേറ്റ പിടിച്ചെടുക്കാനും കേന്ദ്ര ഏജന്‍സികള്‍ക്ക് അനുമതി. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് അന്വേഷണ ഏജന്‍സികള്‍ക്കായി ഇതിനുള്ള അനുമതി നല്‍കിയത്. എന്‍.ഐ.എ, സി.ബി.ഐ, ഐ.ബി തുടങ്ങി പത്ത് ഏജന്‍സികള്‍ക്കാണ് ഡേറ്റ നിരീക്ഷിക്കാന്‍ അനുമതി നല്‍കിയത്. വ്യാഴാഴ്ച ആഭ്യന്തര സെക്രട്ടറി രാജീവ് ഗൗബയാണ് ഉത്തരവു പുറത്തിറക്കിയത്. അതേസമയം, ഇക്കാര്യം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് അടിയന്തര പ്രമേയത്തിന് നോട്ടിസ് നല്‍കിയിട്ടുണ്ട്.

രഹസ്യാന്വേഷണ ബ്യൂറോ, നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്, സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഡയറക്ട് ടാക്‌സസ്, ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്‍സ്, സി.ബി.ഐ, എന്‍.ഐ.എ, റോ, ഡയറക്ടറേറ്റ് ഓഫ് സിഗ്നല്‍ ഇന്റലിജന്‍സ്(ജമ്മു കശ്മീര്‍, വടക്കുകിഴക്കന്‍ മേഖല, അസം), ദില്ലി പൊലീസ് കമ്മീഷണര്‍ തുടങ്ങിയവര്‍ക്കാണ് ഈ അധികാരം നല്‍കിയത്.

ഉത്തരവ് പ്രകാരം ഫോണ്‍ കോളുകളും ഇമെയിലും മാത്രമല്ല, കമ്പ്യൂട്ടറില്‍ കാണുന്ന എല്ലാ ഡേറ്റയും ഈ ഏജന്‍സികള്‍ക്കു പരിശോധിക്കാം. വേണമെങ്കില്‍ ഈ ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യാം. രഹസ്യാന്വേഷണ വിഭാഗത്തിനു ഉപകരണങ്ങള്‍ പിടിച്ചെടുക്കാനുള്ള അധികാരം ഇതുവരെ നല്‍കിയിട്ടില്ലായിരുന്നു. അവര്‍ സംസ്ഥാന പൊലീസ് സേനയുമായി ചേര്‍ന്നാണു പ്രവര്‍ത്തിച്ചിരുന്നത്. പുതിയ ഉത്തരവോടെ ഇതില്‍ മാറ്റം വന്നുവെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ അറിയിച്ചു. അന്വേഷണത്തോടു സഹകരിച്ചില്ലെങ്കില്‍ ഏഴുവര്‍ഷം വരെ തടവോ പിഴയോ ലഭിക്കും.

2000-ലെ ഐ.ടി നിയമം സെക്ഷന്‍ 69(1) പ്രകാരമാണ് പുതിയ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതുവഴി രാജ്യത്തിന്റെ സമഗ്രത, പ്രതിരോധം, സുരക്ഷ, വിദേശ രാജ്യങ്ങളുമായുമായുള്ള സൗഹൃദം, ക്രമസമാധാനം എന്നിവ പരിഗണിച്ചുകൊണ്ട് ആവശ്യമെങ്കില്‍ കമ്പ്യൂട്ടര്‍ വിവരങ്ങളിലേക്ക് നുഴഞ്ഞു കയറാന്‍ കേന്ദ്ര സര്‍ക്കാരിന് അനുമതി നല്‍കാനാകും.

Comments are closed.