DCBOOKS
Malayalam News Literature Website

‘ലോകമേ തറവാട്’ ; കലാപ്രദര്‍ശനം ഡിസംബര്‍ 31 വരെ നീട്ടി

കേരള സര്‍ക്കാരിന്റെ ആലപ്പുഴ പൈതൃക പദ്ധതിയുമായി സഹകരിച്ചു കൊച്ചി ബിനാലെ ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന ‘ലോകമേ തറവാട്’ എന്ന സമകാലിക കലാ പ്രദര്‍ശനം ഡിസംബര്‍ 31 വരെ നീട്ടി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ മലയാളി കലാകാരൻമാരുടെ സമകാലിക സൃഷ്ടികളുടെ ആഗോള പ്രദർശനം കോവിഡിനെ തുടര്‍ന്ന് പലവട്ടം മാറ്റിവെച്ചിരുന്നു.

കൊച്ചിക്കൊപ്പം ബിനാലെ ആലപ്പുഴയിലും’ എന്ന ലക്ഷ്യത്തോടെയാണ് കലാപ്രദർശനം സംഘടിപ്പിച്ചിരിക്കുന്നത്. ആലപ്പുഴയില്‍ ന്യൂ മോഡല്‍ സൊസൈറ്റി ബില്‍ഡിംഗ്, പോര്‍ട്ട് മ്യൂസിയം, കയര്‍ കോര്‍പ്പറേഷന്‍ മന്ദിരം തുടങ്ങി അഞ്ച് വേദികളുണ്ട്. മുതിര്‍ന്ന കലാകാരന്മാരുടെ സൃഷ്ടികളാണു ദര്‍ബാര്‍ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്.

കേരളത്തിൽ താമസിക്കുന്നവരും പ്രവാസികളുമായ  268 മലയാളി കലാകാരൻമാരുടെ കലാസൃഷ്ടികളാണ് പ്രദർശനത്തിലുള്ളത്. കൊച്ചി ബിനാലെ ഫൗണ്ടേഷൻ സംഘടിപ്പിക്കുന്ന പ്രദർശനം പ്രശസ്ത കലാകാരനും കൊച്ചി ബിനാലെ ഫൗണ്ടേഷൻ പ്രസിഡൻ്റുമായ ബോസ് കൃഷ്ണമാചാരിയാണ് ക്യുറേറ്റ് ചെയ്യുന്നത്.

കേരള സർക്കാർ ടൂറിസം-സാംസ്‌കാരിക വകുപ്പുകളുടെയും മുസിരീസ് പൈതൃക പദ്ധതിയുടെ കീഴിലുള്ള ആലപ്പുഴ പൈതൃക പദ്ധതിയുടെയും പിന്തുണയോടെയാണ് കൊച്ചി ബിനാലെ ഫൗണ്ടേഷൻ ലോകമേ തറവാട് പ്രദർശനം സംഘടിപ്പിച്ചിട്ടുള്ളത്. ലോകത്തിലെ മലയാളി കലാകാരന്മാർക്ക് അവരുടെ സൃഷ്ടികൾ പരിചയപ്പെടുത്താനുള്ള ഒരു വേദിയാണ് ലോകമേ തറവാട്.

Comments are closed.