DCBOOKS
Malayalam News Literature Website

വിസ്മൃതിയില്‍നിന്നും വീണ്ടെടുപ്പിലേക്ക്

ബി. ജ്യോതിഷ്‌കുമാര്‍

കൊച്ചിയിലെ ചില സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് ചില ആശയങ്ങളുടെ പ്രചരണാര്‍ത്ഥം എഴുതപ്പെട്ട ഒരുകൃതിയായിരുന്നു ജാതിക്കുമ്മി. പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയും ഇതുതന്നെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ നടത്തിയ ജാതിക്കുമ്മിയെ മലയാളത്തിലെ ആദ്യത്തെ സാമൂഹ്യവിപ്ലവ കൃതിയായി പരിഗണിക്കാവുന്നതാണ്‌

”ചില സംഭവങ്ങളെ ചുറ്റിപ്പറ്റിയുള്ള ശബ്ദമാണ് ചരിത്രം; എന്നാല്‍ സോഷ്യലിസ്റ്റ് രാജ്യങ്ങളുടെ തകര്‍ച്ചയും ക്യൂബന്‍ വിപ്ലവത്തിന്റെ നിലനില്‍പ്പുംപോലെ ശബ്ദമില്ലാത്ത സംഭവങ്ങളുമുണ്ട്”. ലോകപ്രശസ്ത ചിന്തകനും ചരിത്രകാരനുമായ വോള്‍ട്ടയര്‍ പറഞ്ഞതാണിത്. ചരിത്രത്തിന്റെ നിയാമകഘടകം ശബ്ദങ്ങളല്ല, ശബ്ദമില്ലാതാക്കപ്പെട്ടവരുടെ ശബ്ദങ്ങളെ പ്രതിനിധീകരിക്കുന്ന ഉല്പതിഷ്ണുക്കളായ ചരിത്രപുരുഷന്മാരാണ്. ഇത്തരത്തില്‍ അറിവ് എന്ന ആയുധമുപയോഗിച്ച് കൊച്ചിരാജ്യത്ത് നിശ്ശബ്ദമായ സാമൂഹ്യമുന്നേറ്റത്തിനും തദ്വാരാ നവോത്ഥാനത്തിനും വിത്തുപാകിയ മഹദ്‌വ്യക്തിയാണ് പണ്ഡിറ്റ് കെ.പി. കറുപ്പന്‍. കേരളചരിത്രത്തിന്റെ ഏടുകളില്‍നിന്ന് അടുത്തകാലംവരെ മാറ്റിനിര്‍ത്തപ്പെട്ട കറുപ്പന്‍ സാഹിത്യത്തെ
സാമൂഹ്യമാറ്റത്തിനുവേണ്ടി ഉപയോഗപ്പെടുത്തിയ പരിഷ്‌ക്കര്‍ത്താവായിരുന്നു. സാമൂഹ്യഅസമത്വദൂരീകരണത്തിന് സാഹിത്യത്തെയും സംഘടനകളെയും മുന്‍നിര്‍ത്തി തന്റെസമുദായം ഉള്‍പ്പടെയുള്ള അവര്‍ണ്ണസമുദായങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുകയും അവര്‍ക്കായി ഒരു പൊതു ഇടം സൃഷ്ടിക്കുകയും ചെയ്തവരില്‍ പ്രധാനിയായിരുന്നു കറുപ്പന്‍. സ്വന്തം ജീവിതം സൃഷ്ടിക്കാനും നിലനിര്‍ത്താനും കൊച്ചിരാജ്യത്തെ അവര്‍ണ്ണജനതയെ പ്രാപ്തരാക്കാന്‍ ശ്രമിച്ച കറുപ്പന്‍ അവരെ മുഖ്യധാരയിലേക്ക് കൈപിടിച്ച് ഉയര്‍ത്താന്‍വേണ്ട എല്ലാവിധപ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. അയിത്താചാരം ഉള്‍പ്പെടെയുള്ള അനാചാരങ്ങളുടെ സംരക്ഷണം രാജധര്‍മ്മമായ ഒരു സാ
മൂഹ്യക്രമത്തില്‍ കറുപ്പന്‍ മുന്നോട്ടുവച്ച ആശയങ്ങള്‍ ചരിത്രവിശകലനങ്ങള്‍ക്കോ ചരിത്രാന്വോഷകര്‍ക്കിടയിലോ കേരളത്തിന്റെ സാമൂഹ്യ ചരിത്രനിര്‍മ്മിതിയിലോ ഇടംകാണാതെ പോയത് യാദൃച്ഛികമല്ല.

ജാതിക്കുമ്മി – ആദ്യത്തെ സാമൂഹ്യവിപ്ലവകൃതി

കൊച്ചിയിലെ ചില സവിശേഷ സാഹചര്യങ്ങളെ കേന്ദ്രമാക്കിക്കൊണ്ട് ചില ആശയങ്ങളുടെ pachakuthira dc booksപ്രചരണാര്‍ത്ഥം എഴുതപ്പെട്ട ഒരു കൃതിയായിരുന്നു ജാതിക്കുമ്മി. പണ്ഡിറ്റ് കറുപ്പന്റെ ഏറ്റവും ശ്രദ്ധേയമായ കൃതിയും ഇതുതന്നെ. കേരളത്തിന്റെ നവോത്ഥാനചരിത്രത്തില്‍ ഏറ്റവും ശക്തമായ ഇടപെടല്‍ നടത്തിയ ജാതിക്കുമ്മിയെ മലയാളത്തിലെ ആദ്യത്തെ സാമൂഹ്യവിപ്ലവ കൃതിയായിപരിഗണിക്കാവുന്നതാണ്. 1905 – ല്‍ എഴുതി 1912-ല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഈ കൃതി കേരളത്തിലെ അക്കാദമിക സദസ്സുകളില്‍ ഗൗരവമായി ഇതുവരെയും ചര്‍ച്ചചെയ്യപ്പെട്ടിട്ടില്ല. സാഹിത്യപരമായ പലനോട്ടങ്ങളും ഈ കൃതിയെക്കുറിച്ച് ഉണ്ടെങ്കിലും ചരിത്രപരമായും സാമൂഹ്യപരമായും ജാതിക്കുമ്മി സൃഷ്ടിച്ച മാറ്റങ്ങളെക്കുറിച്ച് വിശദമായ ഒരു പഠനവും നടന്നിട്ടില്ല എന്നത് കേരളത്തെക്കുറിച്ചുള്ള ചരിത്രപഠനങ്ങളിലെ ഒരു പിന്നോക്കാവസ്ഥയായി കരുതാവുന്നതാണ്. സാമൂഹിക അസമത്വങ്ങളെ പൊതുസമൂഹമാധ്യമത്തില്‍ അവതരിപ്പിക്കാന്‍ തന്റെ കൃതികളിലൂടെ ശ്രമിച്ച കെ.പി. കറുപ്പന്‍ സ്വാഭിമാനബോധം ഇല്ലാത്ത ഒരു ജനതയ്ക്ക് ഒരിക്കലും സ്വാതന്ത്ര്യംനേടാന്‍ കഴിയുകയില്ല എന്ന് വിശ്വസിച്ചു. മനുഷ്യസമൂഹത്തിന്റെ ഭാഗഭാക്കുകളാണ് നാമെന്നും മറ്റുള്ള മനുഷ്യരില്‍ കണ്ടുവരുന്ന സ്വാതന്ത്ര്യബോധവും മനുഷ്യാവകാശബോധവും നമ്മിലും വേണ്ടതാണെന്ന ഒരു തിരിച്ചറിവ് കൊച്ചിയിലെ അവര്‍ണ്ണ സമുദായങ്ങള്‍ക്കിടയില്‍ വളര്‍ത്തിയെടുക്കാന്‍ കറുപ്പന് കഴിഞ്ഞു. ജാതിക്കുമ്മിയിലെ സാമൂഹ്യവിവക്ഷകള്‍ ഇത് തെളിയിക്കുന്നുണ്ട്. കൊച്ചിയിലും തിരുവിതാംകൂറിലും മലബാറിലുമെല്ലാം നിലനിന്നിരുന്ന ജാതിപരമായ അസമത്വങ്ങളെ പ്രതിപാദനവിഷയമാക്കിക്കൊണ്ട് അവയെ സാമൂഹ്യവിമര്‍ശനത്തിന്റെ കൂരമ്പുകളാക്കി അധികാരികളുടെ മുമ്പില്‍ ഒരു ചോദ്യചിഹ്നമാക്കി അവതരിപ്പിക്കുവാന്‍ ജാതിക്കുമ്മിക്ക് കഴിഞ്ഞു. കേരളത്തിന്റെ ജാതിവിചാരങ്ങള്‍ വിശദമായ ചര്‍ച്ചയ്ക്ക് വിധേയമാക്കുന്നു എന്നാണ് ജാതിക്കുമ്മിയെ വ്യത്യസ്തമാക്കുന്ന ഒരു ഘടകം. ഈ കൃതി രചിക്കുന്നത് അമ്മാനക്കുമ്മി മട്ടില്‍ അഞ്ചുവരികളുടെ 141 പാട്ടുകളായാണ്. ശങ്കരാചാര്യരുടെ മനീഷാപഞ്ചകത്തെ ഉപജീവിച്ചുകൊണ്ട് എഴുതിയ ജാതിക്കുമ്മിയുടെ ആധാരം ശങ്കരാചാര്യരും ചണ്ഡാളനും തമ്മില്‍ നടന്ന സംവാദമാണ്. ജാതിഭേദത്തിന്റെ അര്‍ത്ഥശൂന്യതയെപ്പറ്റിയും ജാതിമൂലം സമൂഹത്തിനുണ്ടായ ദോഷങ്ങളെപ്പറ്റിയും ഇതില്‍ പ്രസ്താവിച്ചിച്ചുണ്ട്. ഇടക്കൊച്ചി, കൊടുങ്ങല്ലൂര്‍, മുളവുകാട്, എറണാകുളം തുടങ്ങിയ പ്രദേശങ്ങളിലും മറ്റു ഭാഗങ്ങളിലുമുള്ള വാലസമുദായവും, പുലയര്‍, പറയര്‍ തുടങ്ങിയ മറ്റ് അവര്‍ണ്ണ വിഭാഗങ്ങളും ജാതിക്കുമ്മി ഹൃദിസ്ഥമാക്കിയിരുന്നു. ഇവരിലെ സ്ത്രീകളും കുട്ടികളും അവരുടെ കുടിലുകളില്‍ സന്ധ്യാനേരങ്ങളില്‍ ഇരുന്ന് ജാതിക്കുമ്മി പാടിയിരുന്നു. നിരക്ഷരരായ ജനതയ്ക്ക് ചൊല്ലാന്‍പറ്റുന്ന രീതിയിലുള്ള നാടോടിപ്പാട്ട് രൂപത്തിലാണ് പ്രസ്തുതകൃതി ജനമധ്യത്തിലെത്തിയത്. കൊച്ചിയിലെ പുലയരാദി വിഭാഗങ്ങളിലെ സ്ത്രീകള്‍ കറുപ്പന്റെ പാട്ടുകള്‍ സന്തോഷത്തോടുകൂടി പാടുകയും അതിന് ചുവടുവച്ച് കൈകൊട്ടി കളിക്കുകയും ചെയ്യുന്നത് ചെറുപ്പകാലത്ത് കണ്ടിരുന്നതായി കെ.കെ. വേലായുധന്‍ രേഖപ്പെടുത്തിയിട്ടുണ്ട്. (പണ്ഡിറ്റ് കറുപ്പന്‍ ഓര്‍മ്മകളിലൂടെ).

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  നവംബര്‍ ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും നവംബര്‍ ലക്കം ലഭ്യമാണ്‌

Comments are closed.