DCBOOKS
Malayalam News Literature Website

കേരള ബജറ്റ് 2022 ; കലയുടെയും സംസ്‌കാരത്തിന്റെയും വികസനത്തിനായി 175.09 കോടി രൂപ

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റ് അവതരണം പൂര്‍ത്തിയായി.
കലയുടെയും സംസ്‌കാരത്തിന്റെയും വികസനത്തിനായി ബജറ്റില്‍ 175.09 കോടി രൂപ നീക്കിവെച്ചു. മലയാള ചലച്ചിത്ര മേഖലയുടെ വളർച്ചയും വികാസവും സംബന്ധിച്ച് സമഗ്രമായ അറിവുകൾ നൽകാനുതകുന്ന ഒരു മലയാള സിനിമ മ്യൂസിയം സ്ഥാപിക്കും. അന്താരാഷ്ട്ര ചലച്ചിത്രോത്സവം ഉൾപ്പടെയുളള ചലച്ചിത്ര അക്കാഡമിയുടെ പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കുമായി 12 കോടി രൂപ ബജറ്റില്‍ വകയിരുത്തുന്നു. പി.കൃഷ്ണപിള്ള, കൊട്ടാരക്കര തമ്പുരാന്‍, `ഫാ. ചാവറ കുര്യാക്കോസ് ഏലിയാസ്, സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന്‍, ചെറുശ്ശേരി, പണ്ഡിറ്റ് കറുപ്പന്‍, എന്നിവര്‍ക്കായി പുതുതായി സ്മാരകങ്ങള്‍ നിര്‍മ്മിക്കും . തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീകരിക്കുന്നതിനും തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കലാ-സാംസ്കാരിക മേഖലയിലെ പ്രധാന പ്രഖ്യാപനങ്ങള്‍

  • നവോത്ഥാന നായകനും സ്വാതന്ത്ര്യസമര സേനാനിയുമായ സഖാവ് പി.കൃഷ്ണപിള്ളയുടെ ജന്മസ്ഥലമായ വൈക്കത്ത് 2 കോടി രൂപ ചെലവില്‍ പി.കൃഷ്ണപിള്ള നവോത്ഥാന പഠന കേന്ദ്രം സ്ഥാപിക്കും.
  • കഥകളിയുടെ ജന്മദേശമായ കൊട്ടാരക്കരയില്‍ കൊട്ടാരക്കര തമ്പുരാന്റെ നാമധേയത്തില്‍ 2 കോടി രൂപ ചെലവില്‍ കഥകളി പഠന കേന്ദ്രം.
  • ഭാഷാ പിതാവിന്റെ സ്മാരകം സ്ഥിതിചെയ്യുന്ന തിരൂര്‍ തുഞ്ചന്‍ പറമ്പില്‍ ഗവേഷണ കേന്ദ്രം വിപുലീക്കുന്നതിനായി 1 കോടി രൂപ അനുവദിച്ചു.
  • വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന്റെ സ്മരണാര്‍ത്ഥം മാന്നാനത്ത് 1 കോടി രൂപ ചെലവില്‍ ചാവറ സാംസ്‌കാരിക ഗവേഷണ കേന്ദ്രം.
  • പ്രശസ്ത സംഗീതജ്ഞന്‍ എം.എസ്. വിശ്വനാഥന് പാലക്കാട് സ്മാരകം നിര്‍മ്മിക്കാന്‍ 1 കോടി രൂപ
  • ചേരനല്ലൂരില്‍ പണ്ഡിറ്റ് കറുപ്പന്റെ സ്മൃതിമണ്ഡപം നിര്‍മ്മിക്കാന്‍ 30 ലക്ഷം രൂപ
  • തിരുവനന്തപുരം മ്യൂസിയത്തിനും കോഴിക്കോട് ആര്‍ട്ട് ഗ്യാലറിക്കുമായി 28 കോടി രൂപ വകയിരുത്തി.
  • കേരളത്തിലെ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ബിരുദം നേടി ഫെലോഷിപ്പിനർഹരാകുന്ന യുവകലാകാരന്മാർക്ക് പ്രതിമാസം 10,000 രൂപ വീതം നൽകുന്നതാണ്. കൂടാതെ 5000 രൂപ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും നൽകുന്നതായിരിക്കും. ഇതിനായി സാംസ്കാരിക വകുപ്പിന് 13 കോടി രൂപ വകയിരുത്തുന്നു. ഇതിൽ 4.55 കോടി രൂപ സ്ത്രീകൾക്കുളള പദ്ധതികൾക്കായി മാറ്റി വച്ചിരിക്കുന്നു.
  • സമ്പന്നമായ സാംസ്‌കാരിക പാരമ്പര്യമുള്ളതും പരമ്പരാഗത കരകൗശലവസ്തുക്കളുടെ നിര്‍മ്മാണത്തിന്റെ പേരില്‍ പ്രശസ്തമായ ഗ്രാമങ്ങളെ സാംസ്‌കാരിക പൈതൃക ഗ്രാമങ്ങളായി പ്രഖ്യാപിക്കുന്നതാണ്. പൈതൃക ഗ്രാമങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ കേരളത്തിന്റെ പരമ്പരാഗതമായ കലാ, കരകൗശല വിദ്യകള്‍ സംരക്ഷിക്കാനും അറിവുകള്‍ അടുത്ത തലമുറക്ക് കൈമാറാനും കഴിയുന്നതാണ്. സാംസ്‌കാരിക പൈതൃക ഗ്രാമങ്ങള്‍ക്കായി രണ്ട് കോടി രൂപ അനുവദിക്കുന്നു.

 

 

Comments are closed.