DCBOOKS
Malayalam News Literature Website
Rush Hour 2

വിനാശകാലത്തെ രാഷ്ട്രതന്ത്രം

അരുന്ധതി റോയ്
വിവര്‍ത്തനം: ജോസഫ് കെ. ജോബ്

നിരക്ഷരരും വിദ്യാഭ്യാസം സിദ്ധിച്ചിട്ടില്ലാത്തവരുമായ ദരിദ്രജനകോടികളുള്ള ഒരു രാജ്യത്ത് പണമുള്ള ഒരു എഴുത്തുകാരിയോ എഴുത്തുകാരനോ ആയി ജീവിക്കുക എന്നത് വളരെ വിചിത്രമായിരിക്കും. വായിക്കാന്‍പോലുമറിയാത്ത ജനങ്ങള്‍ക്കു വേണ്ടി എഴുതുക എന്നതും ചിലപ്പോള്‍ വിചിത്രമായി തോന്നിയേക്കാം. അറിഞ്ഞുകൊണ്ടുതന്നെയാണ് ഞാനതു ചെയ്യുന്നത്. എന്റെ ഇത്തരം ഏര്‍പ്പാടുകളെക്കുറിച്ച് പലര്‍ക്കും അറിവുള്ളതാണ്: സമാധാനത്തിനുള്ള ലീ ഹൊകൂള്‍ പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ഡിസംബറില്‍ സിയോളില്‍ നടത്തിയ പ്രഭാഷണം.

കോവിഡ് മഹാമാരി അതിരൂക്ഷമായി നമ്മെ ഗ്രസിച്ചു തുടങ്ങിയ 2020 ഏപ്രിലിലാണ് സമാധാനത്തിനുള്ള ലീ ഹൊകൂള്‍ സാഹിത്യപുരസ്‌കാരം എനിക്കു ലഭിക്കുന്നത്. പുരസ്‌കാരസമിതിയുടെ സെക്രട്ടറിയായ വീനസ് ചെ അയച്ച കത്തിലൂടെയാണ് ഞാന്‍ വിവരമറിയുന്നത്. മഹാമാരിക്കാലത്ത് അവാര്‍ഡ് ദാനച്ചടങ്ങ് മാറ്റിവയ്‌ക്കേണ്ടി വരുമെന്ന് അന്നേ സംശയമുണ്ടായിരുന്നു. അന്നുതൊട്ടിന്നോളം നമുക്ക് സങ്കല്പിക്കാന്‍ പോലും കഴിയാത്തത്ര മനോവ്യഥയിലൂടെയാണ് നാം ഓരോരുത്തരും, ഈ മനുഷ്യരാശി മുഴുവനും, കടന്നു പോയത്. ഇന്നിപ്പോള്‍ ഈ മുറിയില്‍ ഇങ്ങനെയൊരു ഒത്തുചേരല്‍ സാധ്യമായതുപോലും ആശ്ചര്യകരമാണ്. കഴിഞ്ഞരണ്ടു വര്‍ഷത്തിനിടെ ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചു. അതിലുമേറെപ്പേര്‍ക്ക് ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടു. പലര്‍ക്കും ജോലി ഇല്ലാതെയായി. ജീവസന്ധാരണം വഴിമുട്ടി. മനുഷ്യരാശിക്ക് സംഭവിച്ച ദുരന്തത്തിന്റെ യഥാര്‍ത്ഥരൂപവും അതുണ്ടാക്കാന്‍ പോകുന്ന പ്രത്യാഘാതങ്ങളും എന്തൊക്കെയാവുമെന്ന് നമുക്കിപ്പോഴും വലിയ പിടിപാടില്ല. ഇത്രയും കാലംകൊണ്ട് രോഗത്തെക്കുറിച്ചുള്ള ചില കാര്യങ്ങള്‍ മനസ്സിലാക്കിയെടുക്കാന്‍ നമുക്ക് കഴിഞ്ഞെന്നു മാത്രം. എണ്ണമറ്റ മനുഷ്യരെ മരണക്കയത്തില്‍ നിന്ന് രക്ഷിക്കാന്‍ കഴിവുള്ളതെന്ന് തോന്നിപ്പിച്ച വാക്‌സിനുകളുണ്ടായതായി നാമറിഞ്ഞു. ഈ മഹാമാരിവെറുമൊരു രോഗമായിരുന്നില്ല. നമ്മുടെ സമൂഹം നിലനിര്‍ത്തിപ്പോരുന്ന, സാമ്പത്തികവും വംശീയവും മതപരവും ദേശീയവുമായ കടുത്ത അ
നീതികളെയെല്ലാം അപ്പാടെ തുറന്നുകാണിക്കുന്ന എക്‌സ്‌റേ തന്നെയായിരുന്നു അത്. നാമുള്‍പ്പെടുന്ന ജീവിവര്‍ഗം ഭൂമിക്കുമേല്‍ ചൊരിഞ്ഞുകൊണ്ടിരിക്കുന്ന ദുര്‍നടപടികളെ മുഴുവന്‍ അടിവരയിട്ടുകാണിക്കുന്ന വെളിപ്പെടുത്തല്‍കൂടിയായി അത്.

പൂര്‍ണ്ണരൂപം വായിക്കാന്‍ വായിക്കാന്‍  മാര്‍ച്ച് ലക്കം പച്ചക്കുതിര വാങ്ങിക്കൂ

ഡിജിറ്റല്‍ പതിപ്പിനായി സന്ദര്‍ശിക്കുക

ഡി സി / കറന്റ് പുസ്തകശാലകളിലും മാര്‍ച്ച്  ലക്കം ലഭ്യമാണ്‌

Comments are closed.