DCBOOKS
Malayalam News Literature Website

കലാഭവന്‍ മണിയുടെ മരണം: സംവിധായകന്‍ വിനയന്റെ മൊഴി സി.ബി.ഐ രേഖപ്പെടുത്തി

തിരുവനന്തപുരം: നടന്‍ കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷണസംഘം സംവിധായകന്‍ വിനയന്റെ മൊഴി രേഖപ്പെടുത്തി. മണിയുടെ ജീവിതം ആസ്പദമാക്കി വിനയന്‍ സംവിധാനം ചെയ്ത ‘ചാലക്കുടിക്കാരന്‍ ചങ്ങാതി’ എന്ന സിനിമയുടെ ക്ലൈമാക്‌സ് സംബന്ധിച്ചാണ് സി’ബി’ഐ വിനയനോട് വിശദീകരണം തേടിയത്. കലാഭവന്‍ മണിയുടെ മരണം കൊലപാതകമായാണ് സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നത്. ക്ലൈമാക്‌സ് സംബന്ധിച്ച് തനിക്ക് പറയാനുള്ളത് അന്വേഷണ ഉദ്യോഗസ്ഥരോടു പറയുമെന്ന് വിനയന്‍ നേരത്തെ പറഞ്ഞിരുന്നു.

ഒരു കലാകാരനെന്ന നിലയില്‍ തന്റേതായ വ്യാഖ്യാനം ക്ലൈമാക്‌സിനു നല്‍കിയതാണെന്നും തെളിവുകളൊന്നും കൈയിലില്ലെന്നും സി.ബി.ഐ ഉദ്യോഗസ്ഥരെ അറിയിച്ചതായി വിനയന്‍ പറഞ്ഞു. മൊഴി രേഖപ്പെടുത്തല്‍ മുക്കാല്‍ മണിക്കൂറോളം നീണ്ടു. കലാഭവന്‍ മണിയുടെ ജീവിതവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ ചോദിച്ചറിഞ്ഞതായി വിനയന്‍ പറഞ്ഞു.

2016 മാര്‍ച്ച് ആറിനാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് കലാഭവന്‍ മണി മരിക്കുന്നത്. മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ അടക്കമുള്ള ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.  പൊലീസ് അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം സി.ബി.ഐ കേസ് ഏറ്റെടുത്തത്.

Comments are closed.