DCBOOKS
Malayalam News Literature Website

വായിക്കുമ്പോൾ യാത്ര പോകുന്ന പോലെ തോന്നുന്നുണ്ട്… പുസ്തകശാലകൾ തുറക്കുന്നതിലെ ആഹ്ലാദവും ആശ്വാസവും പങ്കിട്ട് മാധ്യമ പ്രവർത്തക റിനി രവീന്ദ്രൻ

ഒരു മഹാമാരിയുടെ വരവോടെ ലോകമാകെ ഇന്ന് ഭീതിയുടെ നിഴലിൽ ആണ്. ആരോഗ്യമുള്ള ഒരു സമൂഹത്തിനായി എല്ലാവരും വീടിനുള്ളിൽ തന്നെ ചിലവഴിക്കുന്നു. നിലവിലെ സ്ഥിതി പലരിലും ഒരു ഒറ്റപ്പെടലിന്റെ അവസ്ഥ സൃഷ്ടിച്ചേക്കാം. കൊറോണക്കാലത്ത് മനസാന്നിധ്യം കൈവെടിയാതിരിക്കാൻ പലരും വായനയെയാണ് അഭയം പ്രാപിച്ചിരിക്കുന്നത്. ഇപ്പോൾ ഇതാ ചൊവ്വ, വെള്ളി ദിവസങ്ങളിൽ പുസ്തകശാലകൾ തുറന്നു പ്രവർത്തിക്കാൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. പുസ്തകശാലകൾ തുറക്കുന്നതിലെ ആഹ്ലാദവും ആശ്വാസവും പങ്കിട്ട് മാധ്യമ പ്രവർത്തക റിനി രവീന്ദ്രൻ പങ്കുവെച്ച കുറിപ്പ് ;

അടച്ച വീട്ടിൽ മാത്രമിരിക്കാൻ തുടങ്ങിയിട്ട് ഇത് മൂന്നാമത്തെ ആഴ്ച കഴിഞ്ഞു. ദിവസം എട്ട് മണിക്കൂർ ജോലി കാണും. കഴിഞ്ഞുള്ള നേരങ്ങളിൽ എന്തെങ്കിലും ഒക്കെ വായിക്കാൻ തോന്നും. വായന എന്നാൽ തന്നെ പരിചിതവും അപരിചിതവുമായ, അകത്തുള്ളതും പുറത്തുള്ളതുമായ ലോകങ്ങളിലേക്കുള്ള യാത്രയാണല്ലോ. ഈ അകത്തിരിപ്പ് നേരങ്ങളിൽ തനിച്ചെന്നു തോന്നുന്ന മനുഷ്യർക്ക്‌ പ്രത്യേകിച്ച്. പക്ഷേ, കയ്യിൽ കരുതിയിരുന്ന പുസ്തകങ്ങൾ എല്ലാം വായിച്ചു തീർന്നിരുന്നു.

ബുക്‌ഷോപ്പുകൾ തുറന്നിരുന്നെങ്കിൽ എന്ന് വെറുതെ ആഗ്രഹിച്ചിരുന്നു. പക്ഷേ, ഇന്ന് മുതൽ തുറന്നു. ചൊവ്വയും വെള്ളിയും ദിവസങ്ങളിൽ തുറക്കാനുള്ള അനുമതിയും ഉണ്ട്. കുറച്ചു പുസ്തകങ്ങൾ വാങ്ങി. വായിക്കുമ്പോൾ യാത്ര പോകുന്ന പോലെ തോന്നുന്നുണ്ട്…  പല ദേശത്തേക്ക്, പല കാലത്തേക്ക്, പല മനുഷ്യരിലേക്ക്…  ഈ നേരവും അതിജീവിക്കേണ്ടതുണ്ട്.  പുസ്തകം കൂട്ടിന് വേണ്ടവർക്ക് ഇനി വാങ്ങി വായിക്കാം..

റിനി രവീന്ദ്രൻ
(മാധ്യമ പ്രവർത്തക, ഏഷ്യനെറ്റ് )

Comments are closed.