DCBOOKS
Malayalam News Literature Website

പൊന്‍കുന്നത്തിന്റെ സ്വന്തം വാസ്കോഡിഗാമ

മണ്ണിന്റെ മണമുള്ള കഥകൾ, അതെന്നും മലയാളത്തിന്റെ സ്വന്തമാണ്. മലയാളിയുടെ മനസ്സറിഞ്ഞ് അക്ഷരങ്ങളാൽ ഇന്ദ്രജാലം കാട്ടുന്ന ഒരുപിടി എഴുത്തുകാരെ മലയാളി എന്നും സ്വന്തം നെഞ്ചോടു ചേർത്തു വച്ചു. ആ ഗണത്തിൽ പെടുന്നൊരാളാണ് കേരളത്തിന്റെ മനോഹരമായ ഇന്നലെകളെയും നാളെകളെയും കുറിച്ച്  മെട്രോയുടെ ബഹളങ്ങള്‍ക്കിടയിലൂടെ ഇന്നു നമ്മോടു സംസാരിക്കുന്നത്. കേരളത്തിലിരുന്നു പറയാനും എഴുതാനും പറ്റാത്ത പല കാര്യങ്ങളും നര്‍മവുമായി കൂട്ടിക്കലര്‍ത്തി നമ്മെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്യുന്നത് മറ്റാരുമല്ല മലയാളികള്‍ക്ക് സുപരിചിതനായ നടനും, നിര്‍മാതാവും, ബിസിനസ്സുകാരനും അതിലുപരി അറിയപ്പെടുന്ന എഴുത്തുകാരനുമായ തമ്പി ആന്‍റണിയാണ്.

അദ്ദേഹത്തിന്‍റെ പന്ത്രണ്ടു കഥകളുടെ സമാഹാരമാണ് വാസ്കോഡിഗാമ. അവതരണം കൊണ്ടും ആഖ്യാനശൈലി കൊണ്ടും വേറിട്ടുനിൽക്കുന്ന ഈ കഥകൾ വായനക്കാരനോട്  പറയാതെ പറയുന്ന ഒരുപാട് കാര്യങ്ങൾ ഉണ്ട്. ഒരെഴുത്തുകാരൻ എങ്ങനെയാണ് വായനക്കാരനുമായി സംവദിക്കേണ്ടതെന്ന് കഥാകൃത്ത്‌ ഓരോ കഥകളിലൂടെയും നമുക്ക് കാണിച്ചുതരുന്നുണ്ട്. കഥാപാത്രങ്ങളുടെയും കഥയുടെയും പേരുകൾ ഇത്ര സൂക്ഷ്മമായി ചെയ്യുന്ന എഴുത്തുകാർ വളരെ വിരളമാണ്. നമുക്കറിയാവുന്ന ആരുടെയൊക്കെയോ കാര്യങ്ങൾ കേൾക്കുന്ന സുഖത്തോടെ കാഴ്ച വിരുന്നുപോലെ വായിച്ചു തീർക്കുമ്പോൾ, ആ വായന തരുന്ന നിറവിനു കഥാകൃത്തിനോട് പ്രത്യേക നന്ദി.

വായനക്കാരനും കഥാകാരനും ഒരുപോലെ പ്രാധാന്യം നൽകുന്ന എഴുത്തിന്റെ ഈ സത്യത്തിലേക്ക് നോക്കുമ്പോള്‍ ജീവിതത്തിന്‍റെ പച്ചയായ ഏടുകളെ മനോഹരമായി കോര്‍ത്തിണക്കിയിരിക്കുന്നത് കാണാം.

“ചില പെൺകുട്ടികൾ അങ്ങിനെയാണ്” നമ്മൾ പലപ്പോഴും കേട്ടു ശീലിച്ച ഈ വായ്‌മൊഴിക്ക് ഒരുപാട് അർഥങ്ങൾ ഉണ്ട്.

Thampy Antony-Vasco da Gamaഈ കഥയിലെ ആരതിയും അത്തരത്തിലുള്ള ഒരു പെണ്‍കുട്ടിയാണ്. അവളുടെ പ്രവര്‍ത്തികളിലൂടെ കഥയ്ക്ക് ഏറ്റവും അനുയോജ്യമായ പേര്  ഇതുതന്നെയാണെന്ന്, കഥ വായിക്കുമ്പോള്‍ മനസ്സിലാകും. ചിന്തകളും ഓര്‍മകളും നിറഞ്ഞ വഴിയില്‍ നില്‍ക്കുമ്പോള്‍, കുറുവച്ചനിലൂടെ നമ്മോടു സംവദിക്കുന്ന രീതി പഴമയും പുതുമയും കോര്‍ത്തിണക്കിയാണ്.

മിസ്സ്‌ കേരളയും പുണ്യാളനും കോളജിലും, സ്കൂളിലുമൊക്കെ പഠിച്ച കാലങ്ങളിലൂടെ ഒരു തിരിഞ്ഞു നോട്ടമാണ് നമുക്ക് സമ്മാനിക്കുന്നത്. ചില സഹപാഠികളെ അവരുടെ മുഴുവന്‍ പേര് ചേര്‍ത്തു വിളിച്ചിരുന്നത്‌ ഒരു ചെറു പുഞ്ചിരിയോടെ ഓര്‍മ വരും. അനുപമ മത്തായിയുടെ വിശേഷങ്ങളിലൂടെ രാജു കോടനാടന്റെ ചിന്തകളിലൂടെ നമ്മളും അറിയാതെ പിന്നിട്ട വഴികളിലൂടെ നടക്കും. സോഷ്യല്‍ മീഡിയയിലൂടെ പഴയ കൂട്ടുകാരെ അല്ലെങ്കില്‍ കാമുകനെയോ കാമുകിയെയോ കണ്ടത്തിയ എത്ര പേര് ഇതു വായിച്ചു പുഞ്ചിരിതൂകുന്നുണ്ടാവും. ബൈ ഫോര്‍ നൗവ്‌ പറയാന്‍ കഴിയാതെ നീണ്ടു പോകുന്ന സംഭാഷണങ്ങള്‍ അങ്ങനെ പലതും കാച്ചിക്കുറുക്കിയെടുത്ത കഥയാണിത്.

ആള്‍ദൈവം ആനന്ദകല്യാണി എന്ന കഥ കേരളത്തിന്‍റെ മാറാത്ത മുഖത്തിന്‍റെ കൈ എഴുത്താണ്‌. ആള്‍ദൈവങ്ങളെ ഇതിലും നന്നായി കളിയാക്കാന്‍ പറ്റുമോ? എന്നാല്‍ കഥാകൃത്ത്‌ ഒരിക്കലും നേരിട്ട് അങ്ങനെയൊരു സാഹസ്സത്തിനു മുതിര്‍ന്നിട്ടില്ല. ഗോമതി അറിയാതെ കല്യാണിയെ തനിച്ചു കാണാനുള്ള ഗോപാലപിള്ളയുടെ തന്ത്രം, എല്ലാമറിയാമെങ്കിലും ഒന്നുമറിയില്ലെന്നു നടിക്കുന്ന സ്ത്രീയുടെ കഴിവ്… എല്ലാം അതിമനോഹരമായി ഈ കഥയില്‍ കോറിയിട്ടിരിക്കുന്നു.

ഇടിച്ചക്കപ്ലാമൂട് പൊലീസ് സ്റ്റേഷന്‍ വായിക്കുമ്പോള്‍ ഇങ്ങനെ ഒരു പൊലീസ് സ്റ്റേഷന്‍ ഉണ്ടാകുമോ കേരളത്തില്‍ എന്ന് ഒരു നിമിഷമെങ്കിലും ഇതു കഥയെന്നു മറന്ന് നമ്മള്‍ ചിന്തിച്ചു പോകും. ഭൂതവും ഭാവിയും സമ്മിശ്രമായി വരികള്‍ക്കിടയിലൂടെ വായിച്ചെടുക്കാം. കഥാകാരന്‍ തീര്‍ത്ത മറ്റൊരു മാവേലി നാട്. കള്ളവും ചതിയുമില്ലാത്ത നാടല്ല ഇടിച്ചക്കപ്ലാമൂട് പിന്നെയോ?

ഡോക്ടര്‍ ദൈവസഹായത്തില്‍ പേരുമായി ഒരു സാദൃശ്യവുമില്ലാത്ത ഈ അപ്പോത്തിക്കരിയാണ് കഥയുടെ ഗതി നിയന്ത്രിക്കുന്നത്‌. നേര്‍ത്ത ഹാസ്യത്തില്‍ പൊതിഞ്ഞ സാമൂഹ്യ വിമര്‍ശനം. അതും ഒരുപാട് ചോദ്യങ്ങള്‍ വായനക്കാരനോടും സമൂഹത്തോടും ചോദിച്ചു കൊണ്ട്. എന്നാല്‍ വാസ്കോഡിഗാമ എന്ന കഥ ഇതില്‍ നിന്നൊക്കെ വ്യത്യസ്തമാണ്. ഒരു നായയാണ് ഇതിലെ കേന്ദ്ര കഥാപാത്രം. ഫാദര്‍ കൊണ്ടോടിയിലൂടെ സമൂഹത്തിന്റെ പല മുൻവിധികളെയും മാറ്റിയെഴുതാനായത് കഥാകൃത്തിന്റെ വിജയമാണ്. ശീലങ്ങളും ശീലക്കേടുകളും തമ്മിലുള്ള ഒരു വടം വലി എല്ലാവരിലും ഉള്ളതുപോലെ ഗാമയിലും (വാസ്കോഡിഗാമ എന്ന നായ) കാണുന്നത് ഒരു സുഖമുള്ള കാഴ്ചയാണ്. ഇങ്ങനെ പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുമായി തമ്പി ആന്റണിയുടെ കഥകള്‍ അനസ്യൂതം ഒഴുകുന്നു. കഥകള്‍ക്കുള്ളില്‍ ഒളിപ്പിച്ച, വായനക്കാരനുമുന്നില്‍ മാത്രം പകര്‍ന്നാടാന്‍ തയാറായി നില്‍ക്കുന്ന നിരവധി വേഷങ്ങളുമായി. വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക സമിതിയുടെ ബഷീര്‍ അമ്മ മലയാളം പുരസ്‌കാരം നേടിയ ശ്രീ തമ്പി ആന്റണിക്ക് അഭിനന്ദനങ്ങൾ.

തമ്പി ആന്‍റണിയുടെ പന്ത്രണ്ടു കഥകളുടെ സമാഹാരമായ ‘വാസ്കോഡിഗാമയ്ക്ക് ‘രശ്മി പ്രകാശ് എഴുതിയ വായനാനുഭവം
കടപ്പാട് ; മനോരമ

Comments are closed.