DCBOOKS
Malayalam News Literature Website

അസഭ്യപരാമര്‍ശം; ഹാരുകി മുറകാമിയുടെ നോവല്‍ ബുക്ക് ഫെയറില്‍ നിന്നും പിന്‍വലിച്ചു

പ്രശസ്ത ജാപ്പനീസ് നോവലിസ്റ്റ് ഹറുകി മുറകാമിയുടെ പുതിയ നോവലില്‍ അശ്ലീല പരാമര്‍ശങ്ങള്‍ കൂടുതലെന്ന് ചൂണ്ടിക്കാട്ടി ഹോങ്കോങ് പുസ്തകോല്‍സവത്തില്‍ നിന്നും പിന്‍വലിച്ചു. ഹറുകി മുറകാമിയുടെ കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ കില്ലിങ് കൊമെന്‍ഡെറ്റര്‍ എന്ന നോവലാണ് പുസ്തകോല്‍സവത്തില്‍ നിന്ന് പിന്‍വലിച്ചത്. അശ്ലീല ഉള്ളടക്കങ്ങള്‍ പരിശോധിക്കുന്ന ട്രിബ്യൂണലിന്റെ വിധിയെത്തുടര്‍ന്നാണ് നടപടിയെന്ന് പുസ്തകോല്‍സവത്തിന്റെ സംഘാടകര്‍ പറഞ്ഞു.

‘ക്ലാസ് 2 ഇന്‍ഡീസന്റ് മെറ്റീരിയല്‍സ്’ വിഭാഗത്തില്‍പ്പെടുത്തിയ കില്ലിങ് കൊമെന്‍ഡെറ്റര്‍ എന്ന ഈ നോവല്‍ പുസ്തകശാലകളില്‍ വില്‍പ്പനക്ക് വെക്കുമ്പോള്‍ പ്രത്യേക നിബന്ധനകള്‍ പാലിക്കണമെന്ന് ട്രിബ്യൂണല്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. 18 വയസിന് മുകളിലുള്ളവര്‍ക്ക് വായിക്കാന്‍ എന്ന് വ്യക്തമാകത്തക്ക വിധത്തില്‍ എഴുതി ബുക്ക് കവര്‍ ടാഗ് ചെയ്യണമെന്നാണ് പ്രധാന നിര്‍ദ്ദേശം. അതേസമയം ട്രിബ്യൂണലിന്റെ വിധിക്കെതിരെ വ്യാപകമായ വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്.

ചൈന ടൈംസ് പബ്ലിഷിങ് എന്ന തായ്‌വാന്‍ പ്രസാധകരാണ് കില്ലിങ് കൊമെന്‍ഡെറ്റര്‍ പ്രസിദ്ധീകരിച്ചത്. 2017-ല്‍ ജപ്പാനില്‍ വെച്ച് പ്രസിദ്ധീകരിച്ച നോവലിനായി അര്‍ധരാത്രി മുതല്‍ ബുക്ക് സ്‌റ്റോറുകളില്‍ നീണ്ട ക്യൂവായിരുന്നു. സെപ്റ്റംബറില്‍ ബ്രിട്ടണില്‍ നോവല്‍ പുറത്തിറങ്ങും.

Comments are closed.