DCBOOKS
Malayalam News Literature Website

ഇസ്മത് ചുഗ്തായിക്ക് ആദരമൊരുക്കി ഗൂഗിള്‍ ഡൂഡില്‍

പ്രശസ്ത ഉറുദ്ദു എഴുത്തുകാരി ഇസ്മത് ചുഗ്തായിക്ക് ആദരവുമായി ഗൂഗിള്‍. ഇസ്മത് ചുഗ്തായുടെ 107-ാം ജന്മദിനമായ ഇന്ന് ഗൂഗിള്‍ ഡൂഡില്‍ ഒരുക്കിയാണ് ആദരവ് അര്‍പ്പിച്ചത്.

ബദായുനിലെ ഒരു മധ്യവര്‍ഗ്ഗ മുസ്‌ലിം കുടുംബത്തില്‍ 1915 ഓഗസ്റ്റ് 21നാണ് ഇസ്മത് ചുഗ്തായുടെ ജനനം. മൂത്ത സഹോദരന്‍ മിര്‍സാ അസീം ബേഗാണ് ഇസ്മത്തിന്റെ സാഹിത്യഭിരുചി വളര്‍ത്തിയെടുത്തത്. ബി.എ.യും ബി.ടിയും കരസ്ഥമാക്കിയശേഷം ഇസ്മത് വനിതാ കോളേജില്‍ പ്രിന്‍സിപ്പലായും പിന്നീട് മുംബൈയില്‍ സ്‌കൂള്‍ ഇന്‍സ്‌പെക്ടറായും ജോലി ചെയ്തു. ചലച്ചിത്ര സംവിധായകനായിരുന്ന ഷാഹിദ് ലത്തീഫാണ് ഭര്‍ത്താവ്. 1991 ഒക്‌റ്റോബര്‍ 24-ന് മുംബൈയില്‍ വെച്ചായിരുന്നു ഇസ്മത് ചുഗ്തായുടെ അന്ത്യം.

യാഥാസ്ഥിതിക വിഷയങ്ങളില്‍ നിന്ന് വളരെ വ്യത്യസ്തമായ പ്രമേയങ്ങളാണ് ഇസ്മത് ചുഗ്തായ് തന്റെ രചനകളിലൂടെ പുറത്തു കൊണ്ടു വന്നത്. ഇരുപത്തിമൂന്നാമത്തെ വയസ്സില്‍ ആദ്യത്തെ ചെറുകഥ ഫസാദി പ്രസിദ്ധീകരിച്ചു. 1942-ലാണ് ഏറെ വിവാദാസ്പദമായ ലിഹാഫ് (ക്വില്‍ട്ട്, അഥവാ പുതപ്പ്) പ്രസിദ്ധീകരിക്കപ്പെട്ടത്. കഥ അശ്ലീലമെന്ന് മുദ്ര ചാര്‍ത്തപ്പെട്ട ചുഗ്തായിക്ക് ഒടുവില്‍ കോടതി കയറേണ്ടി വന്നു. പക്ഷേ കോടതി പിന്നീട് അവരെ വെറുതെ വിട്ടു.

മധ്യവര്‍ഗ്ഗ കുടുംബങ്ങളിലെ സ്ത്രീകളാണ് ചുഗ്തായിയുടെ ചെറുകഥകളിലെ കേന്ദ്ര കഥാപാത്രങ്ങള്‍. ഇസ്മത് ആപാ കേ നാം എന്ന പേരില്‍ പിന്നീട് മോട്‌ലി തിയറ്റര്‍ ഗ്രൂപ് ചില ചെറുകഥകളുടെ നാടകാവിഷ്‌കാരം രൂപപ്പെടുത്തിയിട്ടുണ്ട്.

 

 

Comments are closed.