DCBOOKS
Malayalam News Literature Website

കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദിക്ക് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്

അന്താരാഷ്ട്രതലത്തില്‍ സാംസ്‌കാരിക കേരളത്തിന്റെ യശസ്സ് ഉയര്‍ത്തിയ കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍ ഉള്‍പ്പെടെയുള്ള സാംസ്‌കാരിക -രാഷ്ട്രീയ പരിപാടികളുടെ വേദിയായ കോഴിക്കോട് കടപ്പുറത്തെ ഫ്രീഡം സ്‌ക്വയറിന് ഐഐഎ ആർക്കിടെക്ചർ ദേശീയ അവാർഡ്. വാസ്തുകലയിലെ മികവിന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർക്കിടെക്ട്സ് നൽകുന്ന പുരസ്കാരമാണ് ഇത്. ആര്‍ക്കിടെക്റ്റ് വിവേക് പുത്തന്‍പുരയിലിന്റെയും നിഷാൻ എം-ന്റെയും നേതൃത്വത്തിൽ (De- Earth) ആവണി, ചിന്നു, അനാമിക, ഷാഹിം എന്നീ ആര്‍ക്കിടെക്റ്റുമാരുടെ സംഘമാണ് ഫ്രീഡം സ്‌ക്വയറിന് രൂപം നൽകിയത്. കിയാര ലൈറ്റിംഗ് ആണ് ലൈറ്റിംഗ് ഡിസൈനര്‍. ഫ്രീഡം സ്‌ക്വയറിന് രൂപം നല്‍കിയത്. മികച്ച പബ്ലിക് സ്‌പേസ് ഡിസൈനിനുള്ള ട്രെന്‍ഡ്സ് അവാര്‍ഡും പൊതുസ്ഥലത്തെ മികച്ച ലാന്‍ഡ്സ്‌കേപ്പ് പ്രോജക്റ്റിനുള്ള ഓള്‍ ഇന്ത്യ സ്റ്റോണ്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡും ഫ്രീഡം സ്‌ക്വയറിന് ലഭിച്ചിട്ടുണ്ട്. എ പ്രദീപ് കുമാര്‍ എം എല്‍ എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് 2020-ൽ ഫ്രീഡം സ്‌ക്വയര്‍ നവീകരിച്ചത്.

അക്ഷരാര്‍ത്ഥത്തില്‍ കോഴിക്കോടിന്റെയും അവിടത്തെ ജനങ്ങളുടെയും ജീവിതവും ജീവിതമൂല്യങ്ങളും ഉയര്‍ത്തിക്കാട്ടുന്നതാണ് ഫ്രീഡം സ്‌ക്വയറെന്നും അത് ജനങ്ങള്‍ക്ക് വേണ്ടിയുള്ളതാണെന്നും ജൂറി അഭിപ്രായപ്പെട്ടു.

ലോകത്ത് കണ്ടിരിക്കേണ്ട ആറ് മ്യൂസിയങ്ങളില്‍ ഒന്നായി കോഴിക്കോട്ടെ ‘ഫ്രീഡം സ്‌ക്വയര്‍’ നേരത്തെ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ആര്‍ക്കിടെക്ടുമാരുടെ അന്താരാഷ്ട്ര പ്ലാറ്റ്‌ഫോമായ Architecture design.in എന്ന വെബ്‌സൈറ്റിലാണ് ചൈനയിലെ ഇംപീരിയല്‍ ക്ലീന്‍ മ്യൂസിയം, നെതര്‍ലന്‍ഡ്‌സിലെ ആര്‍ട്ട് ഡിപോ എന്നിവക്കൊപ്പം കോഴിക്കോട്ടുകാരുടെ സ്വാതന്ത്ര്യ ചത്വരവും ഇടംപിടിച്ചത്.

Comments are closed.