DCBOOKS
Malayalam News Literature Website

പുസ്തകം പകുത്തുനോക്കാം, പരിഹാരങ്ങളറിയാം

ജീവിതത്തില്‍ തീരുമാനങ്ങളെടുക്കേണ്ട സന്ദര്‍ഭങ്ങളില്‍ ഒരു കൈത്താങ്ങിനായി കൊതിക്കുന്നവരാണ് എല്ലാവരും. എന്നാല്‍ ചില കാര്യങ്ങള്‍ അങ്ങനെ മറ്റുള്ളവരോട് വെളിപ്പെടുത്താനോ അഭിപ്രായം ചോദിക്കുവാനോ കഴിയില്ല. അങ്ങനെവരുമ്പോള്‍ അധികം സമയമെടുത്ത് ചിന്തിച്ച് അത് പരിഹാരം കണ്ടെത്തേണ്ടിയിരിക്കുന്നു. ഈ സമയമത്രയും ആരോടും മിണ്ടാതെയും കഴിക്കാതെയും മാനസികസംഘര്‍ഷമനുഭവിച്ചും കടന്നുപോവുകയാവും പതിവ്. എന്നാലിപ്പോള്‍ ആ പതിവ് തെറ്റിക്കാം. നമ്മളെ കുഴപ്പിക്കുന്ന ടെന്‍ഷനടിപ്പിക്കുന്ന ഏതുചോദ്യവുമാകട്ടെ അതിനെല്ലാമുള്ള ഉത്തരങ്ങളും നിര്‍ദ്ദേശങ്ങളും നല്‍കുകയാണ് കാരോള്‍ ബോള്‍ട്ടിന്റെ The Book of Answers അഥവാ ഉത്തരങ്ങളുടെ പുസ്തകം.

ഇന്ന് ലോകമെമ്പാടും പതിനായിരക്കണക്കിനാളുകള്‍ക്ക് നിര്‍ണ്ണായകസന്ദര്‍ഭങ്ങളില്‍ അവരുടെ ചിന്തകള്‍ക്ക് പുത്തനുണര്‍വ്വും പ്രവൃത്തികള്‍ക്ക് പുതുശക്തിയും പകര്‍ന്നുകൊണ്ട് ഒരു സുഹൃത്തിനെപ്പോലെ പരിഹാരനിര്‍ദേശങ്ങള്‍ നല്‍കുന്ന ഗ്രന്ഥമാണ് The Book of Answers .  അന്താരാഷ്ട്രതലത്തില്‍ത്തന്നെ പുതുതരംഗമായിക്കൊറിണ്ടിരിക്കുന്ന ഈ പുസ്തകത്തിന്റെ മലയാള വിവര്‍ത്തനമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ചിരിക്കുന്ന ഉത്തരങ്ങളുടെ പുസ്തകം.

എന്താണ് ഉത്തരങ്ങളുടെ പുസ്തകം?  നിങ്ങള്‍ ചെയ്യുവാന്‍ മനസ്സില്‍ ആഗ്രഹിക്കുന്ന/ ഒരുകാര്യം എന്തു സാധ്യതകളാകും നിങ്ങളുടെ മുന്നില്‍ തുറക്കാനിരിക്കുന്നതെന്നുള്ള ചില സൂചനകളാണ് ഈ പുസ്തകം തരിക. ഉദാഹരണത്തിന് ഈ വാരാന്ത്യത്തില്‍ യാത്രപോകുന്നതിനെപ്പറ്റിയാണ് നിങ്ങള്‍ തല പുകയ്ക്കുന്നതെന്നു കരുതുക. ഉത്തരങ്ങളുടെ പുസ്തകം അടച്ചുപിടിച്ച് കൈകളിലെടുത്ത് ഒരു നിമിഷം ചോദ്യത്തിലേക്ക് മുഴുവന്‍ ശ്രദ്ധയും കൊടുത്തുകൊണ്ട് പുസ്തകത്തിന്റെ തുറക്കുന്ന വശത്തുകൂടെ കൈയോടിക്കുക. ഉചിതമായ നിമിഷമെത്തിയെന്നു തോന്നുമ്പോള്‍ അവിടെവച്ച് ആ പേജ് തുറക്കുക. അവിടെ നിങ്ങള്‍ക്കുള്ള ഉത്തരം ഉണ്ടാകും; ‘അത് സന്തോഷകരമായിരിക്കും’ എന്നോ ‘തീരുമാനിക്കാന്‍ കൂടുതല്‍ സമയം എടുക്കുക’ എന്നോ ‘ശുഭകാര്യം പൊടുന്നനെ’ എന്നോ ‘ക്ഷമയോടിരിക്കൂ’ എന്നോ ‘പ്രധാനപ്പെട്ടതിന് ഊന്നല്‍ നല്കുക’ എന്നോ ഒരു ഉത്തരം നിങ്ങള്‍ക്കുമുന്നില്‍ ലഭിക്കുന്നു. നിങ്ങളുടെ ആലോചനകളെയും ക്രമീകരണങ്ങളെയും കൂടുതല്‍ കേന്ദ്രീകൃതമാക്കുവാനും നിങ്ങള്‍ക്കൊരു തീരുമാനത്തിലെത്തിച്ചേരാനും സഹായകമാകും അവിടെ കാണുന്ന ഉത്തരം. നിങ്ങള്‍ക്ക് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ജോലിവാഗ്ദാനം സ്വീകരിക്കണമോ? സ്‌നേഹിക്കുന്ന പെണ്‍കുട്ടിയോട് തന്റെ പ്രണയം തുറന്നുപറയാന്‍ അനുയോജ്യമായ സമയമാണോ? പുതിയൊരു വണ്ടിവാങ്ങിക്കേണ്ടതുണ്ടോ? എന്നിങ്ങനെ നിത്യജീവിതത്തില്‍ അഭിമുഖീകരിക്കേണ്ട ഏതൊരു പ്രശ്‌നത്തിനും ഒരു പരിഹാരനിര്‍ദേശം ഈ പുസ്തകം നിങ്ങളുടെ പരിഗണനയ്ക്കായി മുന്നോട്ടുവയ്ക്കുന്നു.

നിങ്ങള്‍ക്ക് മലയാളത്തിലോ ഇംഗ്ലിഷിലോ നിങ്ങളുടെ ഇഷ്ടാനുസാരം പരിഹാരം കണ്ടെത്താനാകുംവിധം രണ്ടും ഒരുമിച്ച് ഒരുപുസ്തകത്തില്‍ ലഭിക്കുവിധമാണ് ഡി സി ബുക്‌സ് ഉത്തരങ്ങളുടെ പ്രസിദ്ധപ്പെടുത്തിയിരിക്കുന്നത്. പുസ്തകത്തിന്റെ ഒരു വശത്തുനിന്നും മലയാളം പുസ്തകമായി (ഉത്തരങ്ങളുടെ പുസ്തകം) ഉപയോഗിക്കാനാകുമെങ്കില്‍ മറുവശത്തുനിന്നും ഇംഗ്ലിഷ് പുസ്തകമായി (The Book of Answers) ആയി ഉപയോഗപ്പെടുത്താം. പി.ആര്‍. രാധാകൃഷ്ണനാണ് പുസ്തകത്തിന്റെ മലയാളപരിഭാഷ നിര്‍വ്വഹിച്ചിരിക്കുന്നത്.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

 

Comments are closed.