DCBOOKS
Malayalam News Literature Website

നിങ്ങള്‍ക്കു നിങ്ങളുടെ പേരുകൊണ്ടു വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടോ…?

ജീവിതത്തിന്റെ സമസ്ത മേഖലകളിലും കണ്ണുംകാതും തുറന്നുവച്ച് താന്‍ കണ്ടതും കേട്ടതും അനുഭവിച്ചതുമെല്ലാം സസൂക്ഷ്മം രേഖപ്പെടുത്തുകയും സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ ഇടങ്ങളില്‍ സജീവ സാന്നിദ്ധ്യമായി നിലകൊള്ളുകയും ചെയ്ത പ്രതിഭയായിരുന്നു ഡി സി കിഴക്കെമുറി. സമകാലിക സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ട് കുറിക്കുകൊള്ളുന്ന പ്രയോഗങ്ങള്‍ നടത്തിയ ഡീസീയുടെ തെരഞ്ഞെടുത്ത ഫലിതങ്ങളുടെ സമാഹാരം ‘ഡീസീ ഫലിതങ്ങള്‍’ ഇപ്പോള്‍ വില്‍പനയില്‍. സംസ്ഥാനത്തുടനീളമുള്ള ഡിസി/കറന്റ് ബുക്‌സ് ശാഖകളിലൂടെയും ഡിസി ബുക്‌സ് ഓണ്‍ലൈന്‍ സ്‌റ്റോറിലൂടെയും പുസ്തകം ലഭ്യമാണ്.

പുസ്തകത്തില്‍ നിന്നും ഒരു ഭാഗം

പേരുകൊണ്ടുള്ള കുഴപ്പം. നിങ്ങള്‍ക്കു നിങ്ങളുടെ പേരുകൊണ്ടു വല്ല കുഴപ്പവും ഉണ്ടായിട്ടുണ്ടോ എന്ന് എനിക്കറിഞ്ഞുകൂടാ. എന്റെ പേരുകൊണ്ട് എനിക്കും മറ്റുള്ളവര്‍ക്കും ഉണ്ടായിട്ടുള്ള കുഴപ്പങ്ങള്‍ കുറച്ചൊന്നുമല്ല. അതില്‍ ചിലതുമാത്രം നിങ്ങളോടു പറയുന്നു. ഡീ സീ എന്ന അക്ഷരങ്ങളാണ് വലിയ കുഴപ്പക്കാരന്‍. പണ്ട്, കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയെ നിരോധിച്ചിരുന്ന കാലം. പാര്‍ട്ടിയുടെ നേതാക്കന്മാരെല്ലാം അണ്ടര്‍ ഗ്രൗണ്ടിലാണ്. അവര്‍ രഹസ്യസങ്കേതത്തില്‍നിന്ന് പാര്‍ട്ടിപ്രവര്‍ത്തകന്മാര്‍ക്കു കത്തുകള്‍ അതിരഹസ്യമായി കൊടുത്തയയ്ക്കുക പതിവാണ്. അതില്‍ ചില കത്തുകള്‍ പോലീസ് പിടിച്ചെടുത്തു. ‘ഡീ സീ യോട് ആലോചിച്ചുവേണം ചെയ്യാന്‍. ഡീ സീ യുടെ അഭിപ്രായം അറിയണം’ എന്നൊക്കെ ചില കത്തുകള്‍ പോലീസിനു കാണാന്‍ കഴിഞ്ഞു. പോലീസ് എന്നെ അറസ്റ്റ് ചെയ്തു. കുറ്റം, കമ്മ്യൂണിസ്റ്റ് വിധ്വംസക പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നു എന്നതായിരുന്നു. ഞാന്‍ അന്ന് കറകളഞ്ഞ കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ്. വളരെ കഴിഞ്ഞാണ് പാവം പോലീസിന് ഡീ സീ യുടെ അര്‍ത്ഥം പിടികിട്ടിയത്. കമ്മ്യൂണിസ്റ്റുകാര്‍ ഡീ സീ എന്നു പറയുന്നത് ഡിസ്ട്രിക്റ്റ് കമ്മറ്റിക്കാണ്.

രണ്ടോ മൂന്നോ വര്‍ഷം മുമ്പ്, ഒരു മന്ത്രി സെക്രട്ടറിയേറ്റിലിരുന്നുകൊണ്ട് പബ്ലിക് റിലേഷന്‍സ് ഡയറക്ടറെ വിളിച്ചിട്ട്, കോട്ടയത്ത് ഡീ സീ യെ വിളിച്ച് ഏതോ കാര്യം അന്വേഷിച്ച് വരാന്‍ പറഞ്ഞു. ഡയറക്ടര്‍മാര്‍ ഉടനെ എന്റെ വീട്ടിലേക്ക് വിളിച്ചു. ഞാന്‍ അതിരാവിലെ തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു എന്നു വിവരം കിട്ടി. മന്ത്രിയെ വിളിച്ച് ‘ഡീ സീ രാവിലെ അങ്ങോട്ടു പോന്നിരിക്കുകയാണ്’ എന്നു പറഞ്ഞു ഡയറക്ടര്‍. മന്ത്രിക്കു ക്ഷോഭം വന്നു. ‘ഞാന്‍ പതിനഞ്ചു മിനിട്ടു മുമ്പല്ലേ കോട്ടയത്തു വിളിച്ച് കളക്ടറോടു സംസാരിച്ചത്.’ ഇതു കേട്ടപ്പോഴാണ് ഡീ സീ എന്നു മന്ത്രി പറഞ്ഞത് ഡിസ്ട്രിക്റ്റ്.കളക്ടറെ ഉദ്ദേശിച്ചാണെന്ന് ഡയറക്ടര്‍ക്കു മനസ്സിലായത്. ഒരു രാത്രി ഞാന്‍ മദ്രാസ് എയര്‍പോര്‍ട്ടില്‍ ദല്‍ഹിക്കുള്ള വിമാനം കാത്തിരിക്കുകയാണ്. അപ്പോള്‍ കേട്ടു ഉച്ചഭാഷിണിയിലൂടെ ഒരു വിളി. ‘മിസ് കിഷ്‌കുമാരി’. രണ്ടുമൂന്നു പ്രാവശ്യം അതാവര്‍ത്തിച്ചിട്ടും ഒരു കുമാരിയും ചെന്നില്ല. വീണ്ടും വിളിച്ച് — ‘മിസ് ഡീ സീ കിഷ്‌കുമാരി’.

ദ്രുതഗതിയില്‍ ഞാനവിടെ പ്രത്യക്ഷപ്പെട്ടപ്പോള്‍ ഓഫീസര്‍ എന്നെ തുറിച്ചു നോക്കി: അവര്‍
പ്രതീക്ഷിച്ചത് ഒരു സുന്ദരിയെ ആവണം.

ആഗസ്റ്റ് 1982

പുസ്തകം ഓര്‍ഡര്‍ ചെയ്യാന്‍ സന്ദര്‍ശിക്കൂ

Comments are closed.