തിരുടാ തിരുടാ എന്ന പുസ്തകം രചിച്ച ആട് ആന്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു
ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുകൊണ്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ കഴിയവേ തിരുടാ തിരുടാ എന്ന പേരില്‍ തന്റെ ആത്മകഥ എഴുതിയ കുപ്രസിദ്ധ മോഷ്ടാവായ ആട് ആന്റണിയുടെ ജീവപര്യന്തം ഹൈക്കോടതി ശരിവെച്ചു. കൊല്ലം പാരിപ്പള്ളി സ്‌റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ മണിയന്‍പിള്ളയെ കൊലപ്പെടുത്തിയ കേസിലാണ് ശിക്ഷ.
200 ലേറെ മോഷണക്കേസില്‍ പ്രതിയായ ആന്റണിയെ മണിയന്‍പിള്ളയെ കൊലപ്പെടുത്തി മൂന്നുവര്‍ഷത്തിനു ശേഷമാണ് പാലക്കാട് തമിഴ്‌നാട് അതിര്‍ത്തിയില്‍നിന്ന് ചിറ്റൂര്‍ പൊലീസ് അറസ്റ്റ്‌ചെയ്തത്.
നിരവധി മോഷണങ്ങളിലൂടെ, നിരവധി വേഷപ്പകര്‍ച്ചകളിലൂടെ സാധാരണക്കാര്‍ അനുഭവിക്കാത്ത ജീവിതപരിസരങ്ങളിലൂടെയുള്ള ഒരു മോഷ്ടാവിന്റെ യാത്രയായിരുന്നു ആട് ആന്റണിയുടെ ഡിസി ബുക്‌സ് പ്രസിദ്ധീകരിച്ച തിരുടാ തിരുടാ. വൈചിത്ര്യമാര്‍ന്ന ജീവിതയാത്രകളുടെ ചില ഘട്ടങ്ങള്‍മാത്രമാണ് പുസ്തകത്തില്‍ ആവിഷ്‌കരിക്കുന്നതെങ്കിലും അവപോലും എത്രമാത്രം വിപുലമാണെന്ന് വായനക്കാര്‍ അത്ഭുതംകൂറും.