DCBOOKS
Malayalam News Literature Website

ആനന്ദ് നീലകണ്ഠന്റെ ‘വാനര’ സിനിമയാകുന്നു

മലയാളിയായ ഇംഗ്ലീഷ് എഴുത്തുകാരന്‍ ആനന്ദ് നീലകണ്ഠന്റെ വാനര- ദി ലെജന്റ് ഓഫ് ബാലി, സുഗ്രീവ ആന്റ് താര എന്ന ഏറ്റവും പുതിയ കൃതി സിനിമയാകുന്നു. എസ്.എസ്. രാജമൗലി സംവിധാനം ചെയ്ത ബാഹുബലിയുടെ മാതൃകയില്‍ ബിഗ് ബജറ്റില്‍ ബ്രഹ്മാണ്ഡസിനിമയായിട്ടായിരിക്കും സിനിമ എത്തുക. പുസ്തകത്തിന്റെ സിനിമാ പകര്‍പ്പ് അവകാശം പ്രമുഖ നിര്‍മ്മാണ കമ്പനിയായ ഡര്‍ മീഡിയ ആന്റ് കെ.ആര്‍ മൂവീസ് 1.5 കോടി രൂപയ്ക്കു വാങ്ങി. ഈ മാസം 19-ന് പുസ്തകം പുറത്തിറങ്ങിയതിന് പിന്നാലെ തന്നെ സിനിമയ്ക്കായി കരാര്‍ ഒരുങ്ങി. ഇന്ത്യന്‍ സിനിമയില്‍ കഥാപകര്‍പ്പവകാശത്തിനായി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പുസ്തകങ്ങളുടെ കൂട്ടത്തില്‍ ഇതോടെ വാനരയും ഉള്‍പ്പെടുന്നു.

ഇതിഹാസസന്ദര്‍ഭങ്ങളെയും ചരിത്രകഥകളെയും ഉപജീവിച്ചെഴുതിയ ആനന്ദ് നീലകണ്ഠന്റെ കൃതികള്‍ക്ക് ഇന്ത്യയില്‍ വായനക്കാര്‍ ഏറെയാണ്. അദ്ദേഹത്തിന്റെ അഞ്ചാമത്തെ കൃതിയാണ് വാനര. രാമായണത്തിലെ വീരകഥാപാത്രങ്ങളായ ബാലി, സുഗ്രീവന്‍, ബാലിപത്‌നി താര എന്നിവരിലൂടെയാണ് കഥാഗതി വികസിക്കുന്നത്. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസാണ് വാനര പ്രസിദ്ധീകരിച്ചിരിക്കുന്നത്.

പുസ്തകപ്രേമികള്‍ വായിച്ചിരിക്കേണ്ട നൂറു പുസ്തകങ്ങളുടെ ഗണത്തിലാണ് ആമസോണ്‍ ആനന്ദ് നീലകണ്ഠന്റെ ആദ്യകൃതിയായ അസുര ഉള്‍പ്പെടുത്തിയിരിക്കുന്നത്. 2012-ല്‍ ഏറ്റവുമധികം വില്പന നേടിയ പുസ്തകങ്ങളില്‍ ഈ കൃതിയും ഇടംപിടിച്ചിരുന്നു. അജയ: റോള്‍ ഓഫ് ദി ഡൈസ്, അജയ: റൈസ് ഓഫ് കാളി, ദി റൈസ് ഓഫ് ശിവഗാമി, ഭൂമിജ: സീത, ശാന്ത: (ദി സ്‌റ്റോറി ഓഫ് സിസ്റ്റര്‍ ഓഫ് രാമ) എന്നിവയാണ് അദ്ദേഹത്തിന്റെ മറ്റു കൃതികള്‍.

തൃപ്പൂണിത്തുറ സ്വദേശിയായ ആനന്ദ് നീലകണ്ഠന്‍ മുംബൈയിലാണ് താമസം. സ്റ്റാര്‍ പ്ലസ്, സോണി, കളേഴ്‌സ് ഉള്‍പ്പെടെയുള്ള ചാനലുകളില്‍ പുരാണ സീരിയലുകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കുന്ന അദ്ദേഹം ഇപ്പോള്‍ സീരിയല്‍ നിര്‍മ്മാണ രംഗത്തും സജീവമാണ്.

Comments are closed.