fbpx
DCBOOKS
Malayalam News Literature Website

ചോരശാസ്ത്രം സാഹിത്യത്തില്‍ ഒന്നര പതിറ്റാണ്ട് പിന്നിടുമ്പോള്‍

v-j-james

മലയാള നോവല്‍സാഹിത്യത്തില്‍ ശ്രദ്ധിക്കപ്പെട്ട എഴുത്തുകാരനാണ് വി ജെ ജയിംസ്. ഡി സി ബുക്‌സ് രജത ജൂബിലി അവാര്‍ഡ് നേടിയ ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിനുശേഷം വി ജെ ജയിംസ് എഴുതിയ നോവലാണ് ചോരശാസത്രം. 2002 ല്‍ പ്രസിദ്ധീകരിച്ച ഈ നോവല്‍ ഇന്ന് ഒന്നരപതിറ്റാണ്ട് പിന്നിടുകയാണ്.  ചോരസാമ്രാജ്യത്തെക്കുറിച്ച് പുതിയ ചിന്തകള്‍ അവതരിപ്പിച്ച ചോരശാസ്ത്രത്തില്‍ നിന്ന് ഒരു ഭാഗം ഇവിടെ പങ്കുവയ്ക്കുകാണ്.

ഉള്‍ക്കാഴ്ച….

പ്രൊഫസ്സറുടെ തത്ത്വശാസ്ത്രം എത്രകണ്ടു പ്രായോഗികമാണെന്ന് വൈകാതെ കള്ളന് അനുഭവിച്ചറിയാനായി. മനസ്സിലെ കാലുഷ്യം വെടിഞ്ഞ് വന്യജീവികളുടെ ഗുണപാഠകഥകളിലൂടെ സഞ്ചരിച്ചു കഴിഞ്ഞപ്പോള്‍ ഇതുവരെ അടുത്തറിഞ്ഞ പ്രപഞ്ചം വിട്ട് ഒരു പരിവര്‍ത്തനം സംഭവിച്ചു കഴിഞ്ഞതായിത്തോന്നി അവന്.
അത് കേവലം തോന്നലല്ലതന്നെ. വിചിത്രമായൊരു വ്യതിയാനമോ പരിണാമമോ ഒക്കെയാണത്. ഇറങ്ങിച്ചിന്തിച്ചപ്പോള്‍ കള്ളന് ഗ്രഹിക്കാനായി ഒരു ശിശുമനസ്സിന്റെ സ്ഫടികതയിലേക്ക് തന്നെ മനഃപൂര്‍വ്വം വഴിവെട്ടി നടത്തുകയായിരുന്നു പ്രൊഫസ്സറുടെ ലക്ഷ്യമെന്ന്.
ശാസ്ത്രത്തിലെ മറ്റൊരു പാഠം.
മനസ്സ് ലാഘവപ്പെട്ടുപോവുന്നൊരു അവസ്ഥയിലൂടെയായിരുന്നു പിന്നെ കള്ളന്റെ സഞ്ചാരം. എല്ലാമെല്ലാം സുതാര്യമായിത്തീരുന്ന നില. കല്ലും മണ്ണും ലോഹകവചവും പിന്നിട്ട് കാഴ്ച കടന്നുപോവുന്ന ഒരനുഭവം. അടിത്തട്ട് പ്രത്യക്ഷമാവുംപോലുള്ള തെളിമ. മുന്‍കൂട്ടിച്ചൊന്നത് വഴിയേ തെളിയുമെന്ന ഗുരുവാക്യം ഉത്തമശിഷ്യനെപ്പോലെ അവന്‍ ഓര്‍ത്തെടുത്തു. ഗുപ്തവും ഗൂഢവുമായതിനെക്കുറിച്ച് യഥാര്‍ത്ഥ ഗുരു സൂചന മാത്രം നല്കുന്നു. അതാതിടങ്ങളില്‍ അവ ഓര്‍മ്മിച്ചെടുക്കേണ്ടതും പ്രയോഗത്തില്‍ വരുത്തേണ്ടതും കുശാഗ്രബുദ്ധിയുള്ള സാധകന്റെ കര്‍ത്തവ്യമാണ്. സ്വയം കണ്ടെത്തിയതാണെന്നേ അവന് തോന്നിയെന്നു വരൂ.
ശാസ്ത്രപ്രാവീണ്യത്താല്‍ ഒരു നിലയൊക്കെ എത്തിയാലോ പിന്നീടുള്ളവ തേടിയെത്തുകതന്നെ ചെയ്യും. അതില്‍ പ്രധാനമാണ് നിധിജ്ഞാനം.
ഒളിയിടങ്ങളില്‍ സഞ്ചിതമായ അപൂര്‍വ്വ ധനരാശിയെക്കുറിച്ചുള്ള അറിവാണത്. മനസ്സില്‍ നിമിത്തം വായിച്ച് മനനത്താല്‍ ഇടം കണ്ടെത്തുന്ന ഒരു രീതി. ലോഭംതന്നെ ലാഭമെന്ന തത്ത്വത്താല്‍ തീവ്രാഭിലാഷം കൊണ്ടാണ് ഒരുവനെ അത് തേടിയെത്തുന്നത്. സമയമപ്പോള്‍ പ്രദോഷസന്ധ്യ…
റോഡരികുചേര്‍ന്ന് കള്ളനും സഹായിപ്പയ്യനും പ്രസ്തുത രാത്രിയിലേക്കുള്ള പദ്ധതിയാലോചിച്ച് നടക്കുന്നു. രംഗനിരീക്ഷണയാത്ര കുറച്ചങ്ങ് പുരോഗമിച്ചപ്പോഴാണ് അവിചാരിതമായി അതു സംഭവിച്ചത്.
ഒരു മിന്നല്‍പോലെ സ്വര്‍ണ്ണനിറമുള്ള രശ്മികള്‍ കള്ളന് കാണാനായി.
കാണാനായെന്നല്ല അറിയാനായെന്നു വേണം പറയാന്‍. വെറും കാഴ്ചയെങ്കില്‍ അത് സഹായിപ്പയ്യനു കൂടി കിട്ടേണ്ടതാണ്. ഇതു പക്ഷേ, ബാഹ്യചക്ഷുസ്സ് സാക്ഷിമാത്രമായി ഒരു ഉള്‍ക്കാഴ്ചപോലെ. ഒരു സ്വര്‍ണ്ണസാമ്രാജ്യത്തിന്റെ ഉള്‍ക്കാഴ്ച.
അതിന്റെ രശ്മികള്‍ പ്രവഹിക്കുന്നത് ഉയര്‍ന്ന ചുറ്റുമതിലുള്ള ഒരു പുരാതന നാലുകെട്ടില്‍നിന്നുമാണ്. ആ കാഴ്ച കള്ളനെ വല്ലാത്തൊരു ആലസ്യത്തിലേക്കു വീഴ്ത്തി. അതു കാണുവാനായി അവന്റെയുള്ളില്‍നിന്ന് ഒരുപാട് മനുഷ്യോര്‍ജ്ജം ചോര്‍ന്നുപോയതുപോലെ. ക്ഷീണിതനായി അവന്‍ വീട്ടിലേക്കു മടങ്ങി.
തന്റെ ചോരസാമ്രാജ്യത്തിന്റെ രഹസ്യമുറിയില്‍ കടന്ന് കതകടച്ചു.
അവിടെ കളവിന്റെ ദേവതയെയും ആചാര്യന്മാരെയും ആഴ്ന്നു സ്മരിച്ച് അവന്‍ ഉത്തരം തേടി. –കാഴ്ചയുടെ പൊരുളെന്ത് ദേവകളേ.
കണ്ണടഞ്ഞപ്പോള്‍ അവന്റെ ഉള്‍നേത്രത്തില്‍ ഒരു നിധിശേഖരത്തിന്റെ സമ്പന്നത മങ്ങിയും തെളിഞ്ഞും പ്രത്യക്ഷമായിത്തുടങ്ങി.
അതിന്റെ കൃത്യമായ സ്രോതസ്സ് കൂടി… ഇനിയൊരു സ്ഥിരീകരണം ഉണ്ടാവേണ്ടത് ദ്രാവിഡരാജാവിന്റെ ഭാഗത്തുനിന്നുമാണ്.
എളിയിലിരുന്ന നാണയം കൈയിലെടുത്ത് ദ്രാവിഡരാജാവിനെ പ്രേമപൂര്‍വ്വം നോക്കി അവന്‍ മുകളിലേക്ക് ചുഴറ്റിയെറിഞ്ഞു.
–ഇന്നോളം കളവുചൊല്ലിയിട്ടില്ലാത്ത ഗുണവാനേ, ലക്ഷണമൊത്ത രാജവംശത്തില്‍ പിറന്ന സത്യവാനേ, എന്താണു നിനക്കു പറയാനുള്ളത്?
കള്ളന്റെ കൈപ്പടത്തില്‍ വീണ് ദ്രാവിഡരാജാവ് പ്രസന്നവദനനായി കിടന്നു.
ഇതാ കള്ളന്‍ കുബേരപീഠത്തിലേക്കുള്ള അവസാന ചവിട്ടുപടിയും കടക്കുന്നു, ദ്രാവിഡരാജാവ് ഓര്‍ത്തു. ഇനിയിവനെ ബന്ധിക്കുവാന്‍ ആര്‍ക്കും സാദ്ധ്യമല്ല, ഇവന് വിദ്യയുപേദശിച്ചവനല്ലാതെ.
സ്വര്‍ണ്ണരശ്മികളുടെ സൂചനപോലും കള്ളന്‍ സഹായിപ്പയ്യന് നല്
കിയില്ല. എന്തെങ്കിലും വീണുകിട്ടിയാല്‍ പെറുക്കാന്‍ പാകത്തിലാണ് എപ്പോഴും അവന്റെ നില്പും ശ്രദ്ധയും. അതിനുള്ള പ്രത്യേകമൊരു വിരുതും അവനുണ്ട്. എന്നിട്ടും അവനതിന് കഴിയുന്നില്ലെങ്കില്‍, അത് അവനെക്കാള്‍ കള്ളന് സാമര്‍ത്ഥ്യമുള്ളതുകൊണ്ടു മാത്രം.
അന്നു രാത്രിയില്‍, തന്നെ തേടിയെത്തിയ സ്വര്‍ണ്ണരശ്മികളുടെ ഉറവിടം തേടി സഹായിപ്പയ്യനുമൊത്ത് കള്ളന്‍ പുറപ്പെട്ടു. ദൂരെ, ഒരു നിര്‍ദ്ദേശവെളിച്ചം കണ്ടുകൊണ്ടുള്ള യാത്രപോലെയായിരുന്നു അത്.
അവനാ ഉറവിടത്തെക്കുറിച്ച് വ്യക്തത കിട്ടുന്നുണ്ട്. അരയില്‍ ദ്രാവിഡ
രാജാവിന്റെ പിന്‍ബലമുണ്ട്. വെളിയില്‍ സഹായിപ്പയ്യന്റെ കാവലുമുണ്ട്.
പതിവുരീതിയില്‍ നോട്ടംകൊണ്ട് പൂട്ടുതുറന്ന് അകത്തു കയറിയപ്പോഴാണ് തന്നെക്കാത്ത് ഒരുപാടൊരുപാട് പൂട്ടുകള്‍ മുറുകിക്കിടപ്പുണ്ടെന്ന് കള്ളന്‍ കണ്ടത്. പൂട്ടുകളുടെ ശൃംഖലയ്ക്ക് ആനുപാതികമായി അവന്റെ പ്രതീക്ഷ പെരുകി. ഒരുവക ആധിയും അതേത്തുടര്‍ന്ന മോഹവും.
ഇത്രയധികം പൂട്ടുകളില്‍ ബന്തവസ്താക്കിയിരിക്കുന്ന ശേഖരമെന്താണ്? ആകാംക്ഷയോടെ അവന്‍ അറകള്‍ ഒന്നൊന്നായി തുറന്നു ചെന്നു. ഒന്നു തുറക്കുമ്പോള്‍ അടുത്തത്. അതും കടക്കുമ്പോള്‍ അടുത്തത്. ഒടുവില്‍ അവസാനത്തെ അറയുടെ പൂട്ടു തുറന്നതും അതിശക്തമായ പ്രകാശങ്ങളുടെ പ്രഭവത്തിലേക്ക് നോക്കാനാവാതെ അവന്റെ കണ്ണ് മഞ്ഞളിച്ചു. മുന്‍കൂട്ടി പ്രതീക്ഷിച്ചില്ലായിരുന്നുവെങ്കില്‍ ഒരു പക്ഷേ, അവന്‍ മോഹാലസ്യപ്പെടുകപോലും ചെയ്‌തേനെ. അറേബ്യന്‍ കഥയിലെ ഒരു മാസ്മരലോകത്ത് എത്തിപ്പെട്ട പ്രതീതി. നാനാപ്രകാശങ്ങള്‍ സ്രവിക്കുന്ന അമൂല്യരത്‌നങ്ങള്‍, കല്ലുകള്‍, വൈഡൂര്യം, ഗോമേദകം, വജ്രം, മാണിക്യം എന്നുവേണ്ട കുബേരന്റെ പണപ്പെട്ടി തുറന്നതുപോലെ. പെട്ടെന്നുണ്ടായ അമ്പരപ്പില്‍നിന്നും മുക്തനാവാന്‍ കള്ളനു കുറച്ചു നേരമെടുത്തു. ഈ ജീവിതത്തെ സ്വന്തം കണ്ണുകള്‍കൊണ്ട് നേരിട്ടറിയേണ്ടി വന്നിരിക്കയാണവന്. അമിതപ്രാധാന്യം കൊടുത്തു ചിന്തിക്കാത്ത കണ്ണിന്റെ അപൂര്‍വ്വ കാഴ്ചാസിദ്ധികളെക്കുറിച്ച് അവനിപ്പോള്‍ നേരിയ ഉള്‍ഭയം പോലും തോന്നിത്തുടങ്ങിയിരിക്കുന്നു.
ഒരുപാട് കള്ളയറകളുള്ള ഈ രഹസ്യ ഇടത്തേക്കിങ്ങനെ ഭേദിച്ചുഭേദിച്ചു ചെല്ലുമ്പോള്‍ അങ്ങേയറ്റം അവധാനത ആവശ്യമുള്ളതാണ്. എന്തൊക്കെ നൂലാമാലകളാണ് കാത്തിരിക്കുകയെന്നറിയില്ല. വെളിയില്‍ സഹായിപ്പയ്യന്റെ കാവലുണ്ടെന്നതാണ് ധൈര്യം. പിന്നെ ദ്രാവിഡരാജാവിന്റെ മഹത്തായ സാന്നിദ്ധ്യവും തട്ടുംതടവുമേശാത്ത മനോബലവും.
ഒട്ടും സമയം പാഴാക്കാതെ ഒരു വലിയ സഞ്ചിയില്‍ ആവുന്നത്ര വിലപ്പെട്ടവ വാരിക്കെട്ടി. എന്നിട്ടും മതിവരാതെ മറ്റൊരു സഞ്ചികൂടി നിറച്ചു. ഭാരമേറിയ രണ്ടു സഞ്ചികള്‍… പുണ്യപാപസഞ്ചിതംപോലെ അവ കള്ളന്റെ തോളില്‍ അമര്‍ന്നു കിടന്നു. വേച്ചുവേച്ച്, അമിതഭാരം പേറുന്ന ചുമട്ടുതൊഴിലാളിയുടെ മട്ടിലേ കള്ളന് പുറത്തുകടക്കാനായുള്ളൂ.
അവിടെ ജാഗരൂകനായി നിന്ന സഹായിപ്പയ്യനും സഞ്ചിക്കുള്ളിലെ പ്രഭ കണ്ടു. മോഹാലസ്യമുണ്ടാവുമെന്നു തോന്നി അവന്. എന്നിട്ടും അതിനു വഴങ്ങാതെ, ഉള്ളില്‍ തിങ്ങിയ കൊതിയോടെ പറഞ്ഞു:
”ഇങ്ങു താ, ഒരെണ്ണം ഞാന്‍ പിടിക്കാം.”

”വേണ്ട.”
കൈയിലെ വിശിഷ്ടവസ്തുക്കള്‍ക്കുമേല്‍ സഹായിപ്പയ്യന്റെ
സ്പര്‍ശമേല്ക്കുന്നതുകൂടി കള്ളന്‍ ഇഷ്ടപ്പെടുന്നില്ലെന്ന് ദ്രാവിഡ
രാജാവ് കണ്ടു. നിധിലബ്ധി അവന്റെ ധനാശയെ ഒരുപടികണ്ട് ജ്വലിപ്പിച്ചിരിക്കുന്നു. മതിവരായ്കയുടെ മൂര്‍ത്തിമദ്ഭാവമിവന്‍. വെറും തന്നെപ്പോറ്റി.
ലാഭം തെഴുക്കുന്നവന് മോഹം തെഴുക്കുന്നത് പ്രകൃതിരീതി. നാഴി ലഭിക്കുമ്പോള്‍ ഇരുനാഴിക്ക്, ഇരുനാഴി എത്തുമ്പോള്‍ ചങ്ങഴിക്ക് എന്ന ഗുണാനുപാതത്തിലാണ് ആഗ്രഹങ്ങളുടെ ആയുര്‍ബലം. മണ്ണാശ, പെണ്ണാശ, പൊന്നാശ ഇവകള്‍ക്ക് വഴക്കപ്പെട്ടവന്‍ അതില്‍നിന്ന് മുക്തനാക്കപ്പെടണമെങ്കില്‍ തീക്ഷ്ണമായൊരു കാരണം വേണ്ടിവരും.
എങ്കില്‍ എന്തായിരിക്കും ഈ കള്ളന് മുക്തിനിമിത്തം? അഗാധമായി ആലോചിച്ചാലോചിച്ച് ദ്രാവിഡരാജാവിന് ഉറക്കം വന്നു.
ഉറക്കത്തില്‍ ചരിത്രകാരനായ ഹെറോഡോട്ടസ് രാജസ്വപ്നത്തിലേക്ക് കടന്നു വന്നു.
ഹെറോഡോട്ടസ് പറഞ്ഞു:
”ദ്രാവിഡരാജാ, ഏതൊരു രാജ്യത്തിന്റെയും ചരിത്രത്തില്‍ മൂന്നു ദശകളുണ്ടെന്ന് ഒരു രാജാവായ അങ്ങറിയുന്നില്ലേ. ജയം, ജയത്തില്‍
നിന്നുരുവാകുന്ന അധികാരദര്‍പ്പം, തുടര്‍ന്നെത്തുന്ന അധഃപതനം. ഇവന്‍, ഈ കള്ളന്‍ ഒരു രാജ്യത്തിന്റെ സുവര്‍ണ്ണകാലഘട്ടം ഭരിച്ചുകൊണ്ടിരിക്കയാണ്. അവനെ അവന്റെ വഴിക്ക് വിട്ടേക്കുക. അവന്‍ ഉന്മാദത്തോടെ ഭരിക്കട്ടെ.”

Comments are closed.