DCBOOKS
Malayalam News Literature Website

മാസ്ക് മുഖത്തു ധരിക്കൂ, കഴുത്തിലല്ല!

കൊവിഡ്-19 എന്ന മഹാമാരി ലോകജനതയ്ക്കു മുകളിൽ പെയ്തിറങ്ങി ആറു മാസം തികയുന്നു, ഇന്ത്യയിലും നമ്മുടെ കൊച്ചു കേരളത്തിലും വരവറിയിച്ച് ഇന്ന് നൂറാം ദിനം. നിലവിൽ, ഒരു പരിധി വരെ നമ്മൾ കരകയറി തുടങ്ങി എന്ന് പറയാം.
ശ്വസനത്തിലൂടെയോ , രോഗാണു പതിക്കുന്ന പ്രതലങ്ങളിൽ സ്പർശിക്കുന്നതിലൂടെയോ പകരുന്ന ഈ രോഗത്തിനെതിരെ മൂന്നു പ്രധാന പ്രതിരോധമാർഗങ്ങളാണ് നമ്മൾ നാളിതു വരെ കൈകൊണ്ടു വന്നത്:
👉ശാരീരിക അകലം
👉കൈകളുടെ ശുചിത്വം
👉മാസ്‌കുകളുടെ ഉപയോഗം

പ്രതിരോധ മാർഗങ്ങളിൽ കൈകളുടെ ശുചിത്വം കൊണ്ടു മാത്രം 55%, മാസ്ക് കൊണ്ടു മാത്രം 68%, കൈകളുടെ ശുചിത്വം, മാസ്ക്, ഗ്ലൗസ്, മറ്റു സുരക്ഷാകവചങ്ങൾ എന്നിവ ഒരുമിച്ചു ഉപയോഗിച്ചാൽ 91% എന്നിങ്ങനെ രോഗവ്യാപന സാധ്യത കുറയുന്നതായി സമാന രീതിയിൽ പകരുന്ന വൈറൽ രോഗങ്ങളിൽ നടത്തിയ പഠനങ്ങൾ പറയുന്നു.

🔴മാസ്കുകൾ

ഏതൊരു മാസ്കിനും പ്രധാനമായും രണ്ടു ധർമ്മങ്ങളാണുള്ളത്

➡️ഉറവിട നിയന്ത്രണം (Source control)

ഉപയോഗിക്കുന്നയാൾക്ക് രോഗമുണ്ടെങ്കിൽ അതു മറ്റുള്ളവർക്ക് പകരുന്നത് തടയുന്നു

➡️വ്യക്തിഗത സുരക്ഷ (Personal protection)

ഉപയോഗിക്കുന്നയാൾക്കു മറ്റുള്ളവരിൽ നിന്നു രോഗം പകരുന്നത് തടയുന്നു.

ഒരു മണിക്കൂറിൽ നമ്മൾ ശരാശരി 16-20 തവണ നമ്മുടെ മുഖത്തു സ്പർശിക്കാറുണ്ട്. കണ്ണിലും മൂക്കിലും വായിലും ഇടയ്ക്കിടെ തൊടുന്നത് ഒഴിവാക്കുക എന്നതും കൊവിഡിനെ തടയാൻ അത്യന്താപേക്ഷിതമാണ്. മാസ്കിന്റെ ഉപയോഗം ഇതൊരു പരിധി വരെ സാധ്യമാക്കുന്നു. എന്നാൽ, മാസ്കിന്റെ മുൻവശത്തു സ്പർശിക്കുന്നത് കൂടുതൽ അപകടകരമാണെന്നുള്ള വസ്തുത മറക്കേണ്ട.

🔴മാസ്കുകൾ വിവിധ തരം ഉണ്ട്

▶️റെസ്പിറേറ്ററുകൾ(respirators)
-N95, N99, N100

▶️സർജിക്കൽ/മെഡിക്കൽ മാസ്ക്

▶️തുണി മാസ്ക്

🔷N95 മാസ്ക് /റെസ്പിറേറ്റർ🔷

🔸0.3 മൈക്രോണിന് മുകളിൽ വലിപ്പമുള്ള 95 ശതമാനം കണികകളെയും തടഞ്ഞു വയ്ക്കാൻ ശേഷിയുള്ള മാസ്‌കുകളാണിവ.
(N99 മാസ്കുകൾ 0.3 മൈക്രോണിന് മുകളിലുള്ള 99 ശതമാനം കണികകളെയും, N100 മാസ്കുകൾ 100% കാണികകളെയും തടഞ്ഞു വയ്ക്കും).

🔸N95 മാസ്കുകൾ 70% ഉറവിടനിയന്ത്രണവും 99% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു. ഇതുപയോഗിക്കുന്ന ആൾക്ക് രോഗം പിടിപെടുന്നത് തടയുക (വ്യക്തിഗത സുരക്ഷ) എന്നതാണ് കൂടുതൽ പ്രധാനം.

🔸അതിനാൽ തന്നെ, കോവിഡ് രോഗികൾ, രോഗിയുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്ന ആരോഗ്യപ്രവർത്തകർ, പരിചാരകർ എന്നിവരാണ് N95 മാസ്ക് ധരിക്കേണ്ടത്.

🔸പൊതുജനം N95 മാസ്ക് ധരിക്കേണ്ടതില്ല.

🔸ഒറ്റത്തവണ ഉപയോഗിക്കേണ്ടവയാണെങ്കിലും ക്ഷാമം നേരിടുന്ന ഈ കാലത്തു അത്യാവശ്യമെങ്കിൽ സുരക്ഷാ നിർദേശങ്ങൾ പാലിച്ചു കൊണ്ടു N95 മാസ്ക് വീണ്ടും ഉപയോഗിക്കാൻ CDC മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

🔸ചില റെസ്പിറേറ്ററുകളിൽ വാൽവുകൾ കണ്ടു വരാറുണ്ട്, ഈ വാൽവിലൂടെ രോഗാണു അന്തരീക്ഷത്തിലേക്ക് വ്യാപിക്കാൻ സാധ്യതയുള്ളതിനാൽ കൊവിഡ് രോഗികൾ ഇതുപയോഗിക്കാൻ പാടില്ല.

🔷സർജിക്കൽ/മെഡിക്കൽ മാസ്ക്🔷

🔸മൂന്നു പാളികളാണ് ഇത്തരം മാസ്കിനു ഉണ്ടാകേണ്ടത് –

➡️ഏറ്റവും ഉള്ളിലെ പാളി ഉപയോഗിക്കുന്ന ആളുടെ ഉച്ഛ്വാസവായുവിലെ ഈർപ്പം വലിച്ചെടുക്കുന്നു

➡️നടുവിലുള്ളത് ഒരു ഫിൽറ്റർ പാളിയാണ്

➡️ഏറ്റവും പുറത്തുള്ള പാളി ദ്രവകണങ്ങളെ പ്രതിരോധിക്കുന്നു.

🔸ഇത്തരം മാസ്കുകൾ 50% ഉറവിടനിയന്ത്രണം സാധ്യമാക്കുന്നു. ഇതോടൊപ്പം ഉപയോഗിക്കുന്നയാളെ വലിയ സ്രവകണികകളിൽ നിന്നും മറ്റുള്ളവരുടെ സ്രവങ്ങൾ തന്നിലേക്ക് തെറിച്ചു വീഴുന്നതിൽ നിന്നും സംരക്ഷിക്കുന്നു, അങ്ങനെ 75% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.

🔸ആരോഗ്യ പ്രവർത്തകർ, രോഗികൾ, രോഗലക്ഷണം ഉള്ളവർ, രോഗിയെ പരിചരിക്കുന്നവർ എന്നിവരാണ് ഇത് ഉപയോഗിക്കേണ്ടത്.

🔸പൊതുജനം ഇവ ധരിക്കേണ്ടതില്ല.
ഇവ ഒറ്റത്തവണ മാത്രം ഉപയോഗിക്കേണ്ടവയാണ്. കഴുകി വീണ്ടും ഉപയോഗിക്കാൻ പാടില്ല

🔷തുണി മാസ്ക്🔷

🔸മൂന്ന് പാളികളുള്ള കോട്ടൺ തുണി മാസ്ക് ആണ് അഭികാമ്യം. നടുവിലെ പാളി നോൺ-വോവെൻ ഫാബ്രിക് ആയാൽ നല്ലത്.

🔸തുണി മാസ്കുകൾ 40% ഉറവിടനിയന്ത്രണവും 50-60% വ്യക്തിഗത സുരക്ഷയും ഉറപ്പാക്കുന്നു.
ഉപയോഗിക്കുന്ന ആൾക്കു ലക്ഷണങ്ങൾ ഇല്ലെങ്കിൽ പോലും രോഗാണുവാഹകനാണെങ്കിൽ, പൊതു ഇടങ്ങളിൽ തുണി മാസ്ക് ഉപയോഗിക്കുന്നതിലൂടെ മറ്റുള്ളവർക്ക് രോഗം പകരുന്നത് തടയാം.

🔸പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്ക് ധരിക്കണം.

🔸ആരോഗ്യ പ്രവർത്തകർ, കൊവിഡ് രോഗികളെ പരിചരിക്കുന്നവർ തുണി മാസ്ക് ഉപയോഗിക്കുന്നത് അഭിലഷണീയമല്ല.

🔸ഇത്തരം തുണി മാസ്കുകൾ ഉപയോഗ ശേഷം അണുവിമുക്തമാക്കി വീണ്ടും ഉപയോഗിക്കാം.

🔴ശാരീരിക അകലവും കൈകളുടെ ശുചിത്വവും എല്ലാവരും ഒരു പോലെ അംഗീകരിച്ച പ്രതിരോധമാർഗങ്ങളാണ് , എന്നാൽ പൊതുജനങ്ങൾ മാസ്ക് ഉപയോഗിക്കുന്ന കാര്യത്തിൽ ചില അഭിപ്രായവ്യത്യാസങ്ങൾ നിലനിന്നിരുന്നു.
തുടക്കത്തിൽ ലോകാരോഗ്യ സംഘടനയും (WHO),CDCയും കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും പൊതു ജനങ്ങൾ മാസ്ക് ഉപയോഗിക്കേണ്ടതില്ല എന്ന അഭിപ്രായപ്പെട്ടിരിന്നു.

ഈ തീരുമാനത്തിനുള്ള കാരണങ്ങൾ പലതായിരിന്നു.

👎മാസ്കുകൾ തെറ്റായ രീതിയിൽ ഉപയോഗിച്ചാൽ ഗുരുതര ഭവിഷ്യത്തുകൾ ഉണ്ടാകാം.

👎ഉപയോഗിച്ച മാസ്കിൽ സ്പർശിക്കുകയോ മതിയായ രീതിയിൽ അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കുകയോ ചെയ്താൽ രോഗം പിടിപെടാനുള്ള സാധ്യതയുണ്ട്.

👎മാസ്ക് നൽകുന്ന തെറ്റായ സുരക്ഷിതത്വ ബോധം മൂലം മറ്റു പ്രതിരോധ മാർഗങ്ങളുടെ പ്രയോജനം ചെറുതായി കണ്ട് അവ പാലിക്കാതിരിക്കാനുള്ള സാധ്യതയുണ്ട്

👎പൊതുജനം മെഡിക്കൽ മാസ്ക് ഉപയോഗിച്ചാൽ ഇവയുടെ ക്ഷാമം ഉണ്ടാകാം, ആരോഗ്യ പ്രവർത്തകർക്ക് വേണ്ടത്ര മെഡിക്കൽ മാസ്ക് കിട്ടാതെ വരാം.

👎എല്ലാവരും മാസ്ക് ധരിക്കാൻ പറയുമ്പോൾ, മാസ്കിന്റെ ക്ഷാമം ഉണ്ടാകുന്ന സാഹചര്യം ഉണ്ടായാൽ പൊതുജനത്തിനിടയിൽ പരിഭ്രാന്തി ഉണ്ടാകാം

👎N95 പോലെയുള്ളവ ഉപയോഗിച്ചാൽ ശ്വസിക്കാനുള്ള ബുദ്ധിമുട്ട് നേരിടാം

എന്നാൽ പിന്നീട്, 80 ശതമാനത്തോളം രോഗികൾ രോഗലക്ഷണങ്ങൾ ഇല്ലാതെ മറ്റുള്ളവർക്ക് രോഗം പകർന്നു നൽകാം എന്ന തിരിച്ചറിവ് ഈ അഭിപ്രായങ്ങൾ മാറ്റിമറിച്ചു.

ചൈനയിൽ നടന്ന ഒരു പഠനത്തിൽ, തനിക്കു കൊറോണ രോഗബാധയുണ്ടെന്നറിയാതെ ഒരാൾ 39 യാത്രക്കാരുള്ള ബസിൽ മാസ്കില്ലാതെ യാത്ര ചെയ്തു, അതിനു ശേഷം 14 യാത്രക്കാരുള്ള മറ്റൊരു ബസിൽ മാസ്ക് ധരിച്ചു യാത്ര ചെയ്തു. ആദ്യ ബസിലെ സഹയാത്രികരിൽ 5 പേർക്ക് രോഗം പിടിപെട്ടപ്പോൾ രണ്ടാമത്തെ ബസിൽ യാത്ര ചെയ്ത മാറ്റാർക്കും തന്നെ രോഗബാധ ഉണ്ടായില്ല എന്ന് ഈ പഠനം പറയുന്നു.

സംസ്കാരത്തിന്റെ ഭാഗമായി മാസ്ക് ഉപയോഗിക്കുന്ന ഹോങ്കോങ്, സിങ്കപ്പൂർ, ദക്ഷിണ കൊറിയ, തായ്‌വാൻ എന്നീ രാജ്യങ്ങൾ രോഗവ്യാപനം കുറക്കാനായതിൽ മാസ്കും ഒരു പങ്കു വഹിച്ചിട്ടുണ്ടാകാം.

ഇത്തരത്തിലുള്ള പല നിരീക്ഷണങ്ങളുടെയും അടിസ്ഥാനത്തിൽ, 2020 ഏപ്രിൽ മൂന്നാം തീയതി, CDC പൊതുജനങ്ങൾ തുണി മാസ്ക് ഉപയോഗിക്കുന്നത് രോഗവ്യാപനം മന്ദഗതിയിലാക്കാൻ സഹായിക്കും എന്ന നിലപാട് വ്യക്തമാക്കി. മൂന്നു ദിവസത്തിന് ശേഷം ലോകാരോഗ്യസംഘടനയും നിലപാട് വ്യക്തമാക്കി ഇടക്കാല മാർഗനിർദേശം പുറത്തിറക്കി. ഇതു പ്രകാരം പൊതുജനങ്ങൾ മാസ്ക് ധരിക്കുന്നത് സംബന്ധിച്ചു തീരുമാനമെടുക്കുന്ന അധികാരികൾക്കു ആ പ്രദേശത്തെ രോഗവ്യാപനം, ജനസാന്ദ്രത, മാസ്കുകളുടെ ലഭ്യത, ചിലവ്, പ്രായോഗികത എന്നിങ്ങനെ വിവിധ ഘടകങ്ങളെ അടിസ്ഥാനമാക്കി മാർഗനിർദേശങ്ങൾ നൽകാവുന്നതാണ്. ഒപ്പം പൊതുജനം മാസ്ക് ഉപയോഗിക്കുമ്പോൾ പ്രതീക്ഷിക്കേണ്ട അപകടങ്ങളെ കുറിച്ചും ലോകാരോഗ്യസംഘടന മുന്നറിയിപ്പു നൽകി.

മേല്പറഞ്ഞ കാര്യങ്ങൾ കണക്കിലെടുത്താണ് കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയവും (MOHFW) കേരള സംസ്ഥാന ആരോഗ്യ വകുപ്പും പൊതുജനങ്ങൾ പൊതു ഇടങ്ങളിൽ തുണി മാസ്കുകൾ ഉപയോഗിക്കണം എന്ന നിർദേശം കൊണ്ടു വന്നത്. ഇവ പൊതുജങ്ങൾക്കു സ്വയം വീട്ടിൽ നിർമ്മിക്കാവുന്നതിനാൽ ചിലവ്, ആരോഗ്യ പ്രവർത്തകർക്കു വേണ്ട മാസ്കുകളുടെ ക്ഷാമം എന്നീ പ്രശ്നങ്ങൾ ഒഴിവാക്കാം.

🔴തുണി മാസ്കുകൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

🔰ഉപയോഗത്തിന് മുൻപ് മാസ്ക് വൃത്തിയായി കഴുകി ഉണക്കുക

🔰മാസ്ക്ക് ധരിക്കുന്നതിനു മുൻപ് സോപ്പും വെള്ളവും ഉപയോഗിച്ചോ സാനിറ്റൈസർ ഉപയോഗിച്ചോ 20 സെക്കന്റ്‌ കൈകൾ ശുചിയാക്കുക.

🔰മാസ്ക് മൂക്കും വായും മുഴുവനായും മൂടുന്ന തരത്തിലായിരിക്കണം

🔰ഇടക്കിടെ മാസ്ക് കഴുത്തിലേക്കോ താടിയിലേക്കോ താഴ്ത്തി വയ്ക്കാൻ പാടില്ല.

🔰മാസ്കിന്റെയും മുഖത്തിന്റെയും ഇടയിൽ വിടവ് ഉണ്ടാകരുത്.

🔰നനവ് തോന്നിയാൽ മാസ്ക് ഉടനടി മാറ്റി മറ്റൊന്ന് ധരിക്കുക.

🔰ആറു മണിക്കൂറിൽ കൂടുതൽ ഒരേ മാസ്ക് ധരിക്കരുത്.

🔰ഉപയോഗ ശേഷം മാസ്ക് അണുവിമുക്തമാക്കാതെ വീണ്ടും ഉപയോഗിക്കരുത്.

🔰ഓരോ കുടുംബാഗങ്ങൾക്കും വെവ്വേറെ മാസ്ക് ഉണ്ടായിരിക്കണം.

🔰മറ്റൊരാളുടെ മാസ്ക് മാറി ഉപയോഗിക്കാതെയിരിക്കാൻ ശ്രദ്ധിക്കണം.

🔰ഉപയോഗത്തിലിരിക്കവേ മാസ്കിന്റെ മുൻഭാഗത്തു സ്പർശിക്കരുത്. അഥവാ സ്പർശിക്കാനായിടയായാൽ കൈകൾ സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ച് അണുവിമുക്തമാക്കണം.

🔰ഉപയോഗിച്ച മാസ്ക് അലക്ഷ്യമായി വീടിനുള്ളിൽ വയ്ക്കുകയോ പുറത്തു വലിച്ചെറിയുകയോ ചെയ്യരുത്. കുട്ടികളോ വളർത്തു മൃഗങ്ങളോ ഉപയോഗിച്ച മാസ്കുമായി സമ്പർക്കം വന്നാൽ പ്രത്യാഘാതം ഭീകരമായിരിക്കും.

🔴മാസ്ക് ഉപയോഗിക്കാൻ പാടില്ലാത്തവർ

👉രണ്ടു വയസ്സിൽ താഴെയുള്ള കുട്ടികൾ

👉അബോധാവസ്ഥയിൽ ഉള്ളവർ

👉ശ്വാസതടസം നേരിടുന്നവർ

👉സ്വയം മാസ്ക് ഊരി മാറ്റാൻ കഴിയാത്തവർ

🔴മാസ്ക് അഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

🔹മാസ്കിന്റെ മുൻഭാഗത്തു സ്പർശിക്കാതെ ചരടുകളിൽ മാത്രം പിടിച്ചു അഴിച്ചു മാറ്റുക.

🔹ആദ്യം താഴത്തെ ചരടും പിന്നീട് മുകളിലത്തെ ചരടും അഴിക്കുക.

🔹അഴിച്ചു മാറ്റിയ മാസ്ക് ഉടൻ തന്നെ അണുവിമുക്തമാക്കുക.

🔹മാസ്ക് അഴിച്ചു മാറ്റിയ ശേഷം സോപ്പോ സാനിറ്റൈസറോ ഉപയോഗിച്ചു കുറഞ്ഞത് 20 സെക്കന്റ്‌ കൈകൾ അണുവിമുക്തമാക്കുക.

🔴തുണി മാസ്ക് എങ്ങനെ അണുവിമുകതമാക്കാം?

🍁ഉപയോഗിച്ച മാസ്ക് സോപ്പ് ലായനിയിൽ മുക്കി വയ്ക്കുക, ശേഷം വൃത്തിയായി കഴുകി വെയിലത്തു ഉണക്കി എടുക്കുക.

🍁വെയിലില്ലാത്ത സാഹചര്യത്തിൽ പ്രഷർ കുക്കറിൽ വെള്ളത്തോടൊപ്പം 10 മിനിറ്റ് അല്ലെങ്കിൽ സാധാരണ പാത്രത്തിൽ തിളയ്ക്കുന്ന വെള്ളത്തിൽ 15 മിനിറ്റ് പുഴുങ്ങിയ ശേഷം ഉണക്കി എടുക്കാം.

🍁ഇസ്തിരിയോ മറ്റോ ഉപയോഗിച്ച് 15 മിനിറ്റ് ചൂട് കൊടുക്കുന്നത് മറ്റൊരു നല്ല മാർഗമാണ് .

🍁അണുവിമുക്തമാക്കിയ മാസ്ക് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിൽ സീൽ ചെയ്തു സൂക്ഷിക്കാം.

ഓർക്കുക,
കോവിഡ് എന്ന മഹാമാരിയിൽ നിന്ന് രക്ഷനേടാൻ രോഗവ്യാപനത്തിന്റെ ചങ്ങല കണ്ണികൾ മുറിച്ചേ മതിയാകൂ. ആ ലക്ഷ്യത്തിലേക്കുള്ള പല വഴികളിൽ ഒന്ന് മാത്രമാണ് പൊതുജനം പൊതുഇടങ്ങളിൽ മാസ്ക് ധരിക്കുന്നത്. എന്നാൽ,
മാസ്ക് ഉപയോഗിച്ചത് കൊണ്ടു മാത്രം നമുക്ക് കോവിഡ്-19നെ പൊരുതി തോൽപ്പിക്കാനാവില്ല , കൈകളുടെ ശുചിത്വവും ശാരീരിക അകലവും മറ്റു സുരക്ഷാ മാർഗങ്ങളും ഇതോടോപ്പം ചേർന്നാൽ മാത്രമേ നമ്മൾ പൂർണമായും സുരക്ഷിതരാകൂ. ഒപ്പം, തെറ്റായ മാസ്ക് ഉപയോഗം നമ്മുടെ പാതയിൽ വിലങ്ങുതടിയാകാൻ സാധ്യതയുണ്ടെന്ന വസ്തുതയും മറക്കരുത്…

എഴുതിയത് : ഡോ. അശ്വിനി. ആർ Aswini Ranganath
ഇൻഫോ ക്ലിനിക്

Comments are closed.