DCBOOKS
Malayalam News Literature Website

സാനിയ മിര്‍സയ്ക്ക് ജന്മദിനാശംസകള്‍

ഇന്ത്യയിലെ പ്രശസ്ത പ്രൊഫഷണല്‍ വനിതാ ടെന്നിസ് താരമാണ് സാനിയ മിര്‍സ. ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ പ്രീ ക്വാര്‍ട്ടര്‍ വരെയെത്തുന്ന ആദ്യ ഇന്ത്യന്‍ കളിക്കാരിയാണ് സാനിയ. വിമന്‍സ് ടെന്നിസ് അസോസിയേഷന്‍ റാങ്കിങ്ങില്‍ അമ്പതിനുള്ളിലെത്തിയും സാനിയ ശ്രദ്ധേയയായി.

1986 നവംബര്‍ 15ന് മുംബൈയിലായിരുന്നു സാനിയയുടെ ജനനം. പിതാവ് ഇമ്രാന്‍ മിര്‍സ, മാതാവ് നസീമ. ചെറുപ്പം മുതല്‍ ടെന്നിസിനോട് താത്പര്യം പ്രകടിപ്പിച്ചിരുന്ന സാനിയ. സെക്കന്തരാബാദിലെ സിന്നറ്റ് ടെന്നിസ് അക്കാദമിയില്‍ നിന്നാണ് പ്രൊഫഷണല്‍ ടെന്നിസ് പഠിച്ചത്. അതിനുശേഷം അമേരിക്കയിലെ ഏയ്‌സ് ടെന്നിസ് അക്കാദമിയില്‍ ചേര്‍ന്നു.

2003ല്‍ ലണ്ടനില്‍ വെച്ച് വിംബിള്‍ഡണ്‍ ജൂനിയര്‍ ഗ്രാന്‍ഡ് സ്ലാം ഡബിള്‍സ് കിരീടം നേടിക്കൊണ്ട് വിംബിള്‍ഡണ്‍ മത്സരത്തില്‍ ഏതെങ്കിലും വിഭാഗത്തില്‍ കിരീടം ലഭിക്കുന്ന ആദ്യത്തെ ഇന്ത്യക്കാരി എന്ന ബഹുമതി നേടി. 2005-ലെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസില്‍ മൂന്നാം റൗണ്ടിലെത്തി. യു.എസ്. ഓപ്പണില്‍ നാലാം റൗണ്ട് വരെയെത്തി റാങ്കിങ്ങില്‍ വന്‍മുന്നേറ്റം നടത്തി. ഏതെങ്കിലുമൊരു ഗ്രാന്‍ഡ്സ്ലാം ടൂര്‍ണമെന്റിന്റെ അവസാന പതിനാറിലെത്തുന്ന ആദ്യ ഇന്ത്യന്‍ താരമായി സാനിയ. എന്നാല്‍ നാലാം റൗണ്ട് പോരാട്ടത്തില്‍ ആ സമയത്തെ ലോക ഒന്നാം നമ്പര്‍ താരമായിരുന്ന റഷ്യയുടെ മരിയ ഷറപ്പോവയോട് പൊരുതി തോറ്റു. ഹൈദരാബാദ് ഓപ്പണ്‍ ഡബിള്‍സ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ ദക്ഷിണാഫ്രിക്കയുടെ ലിസല്‍ ഹ്യൂബറുമായി ചേര്‍ന്ന് വിജയം കരസ്ഥമാക്കി. ഒരു ഇന്ത്യന്‍ താരം ആദ്യമായിട്ട് വനിതാ ടെന്നീസ് അസോസിയേഷന്‍ കിരീടം നേടുന്നതും അന്നാണ്. ആഫ്രോ ഏഷ്യന്‍ ഗെയിംസില്‍ നാല് സ്വര്‍ണമെഡലുകള്‍ കരസ്ഥമാക്കി. ഏഷ്യന്‍ ഗെയിംസ് മിക്‌സഡ് ഡബിള്‍സില്‍ സാനിയ-ലിയാന്‍ഡര്‍ സഖ്യം വെങ്കലം നേടി. 2004-ല്‍ ഇന്ത്യാ ഗവണ്മെന്റിന്റെ അര്‍ജുന അവാര്‍ഡും കരസ്ഥമാക്കി.

2010-ലായിരുന്നു പ്രശസ്ത പാക് ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള സാനിയയുടെ വിവാഹം. ഇരുവര്‍ക്കും ഒരാണ്‍കുട്ടി ജനിച്ചത് അടുത്തിടെയാണ്.

Comments are closed.