DCBOOKS
Malayalam News Literature Website

കലാ-സാഹിത്യ-സാംസ്‌കാരിക സംഗമ വേദിയായി കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവല്‍

ഏഷ്യയിലെ രണ്ടാമത്തെ വലിയ സാഹിത്യോത്സവത്തിന് വേദിയാകാന്‍ ഒരുങ്ങുകയാണ് കോഴിക്കോട് നഗരം. ഡി.സി കിഴക്കെമുറി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ നാലാമത് പതിപ്പിന് ജനുവരി 10ന് തിരിതെളിയും. കലയുടെയും സാഹിത്യത്തിന്റെയും നാല് ദിവസം നീളുന്ന മാമാങ്കത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അനേകമാളുകള്‍ പങ്കെടുക്കുന്നു. കോഴിക്കോട് കടപ്പുറത്ത് വെച്ച് നാല് വേദികളിലായി നടക്കുന്ന കെ.എല്‍.എഫിന്റെ ഫെസ്റ്റിവല്‍ ഡയറക്ടര്‍ സാഹിത്യകാരനായ കെ.സച്ചിദാനന്ദനാണ്.

സമകാലിക കലാരാഷ്ട്രീയസാമൂഹിക വിഷയങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളും സംവാദങ്ങളും സംഘടിപ്പിക്കുന്നതിനായി ദേശീയ-അന്തര്‍ദ്ദേശീയ തലത്തിലുള്ള നൂറുകണക്കിന് എഴുത്തുകാര്‍, ചിന്തകര്‍, കലാകാരന്മാര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍, തത്ത്വചിന്തകര്‍ എന്നിവരാണ് കെ.എല്‍.എഫിനൊപ്പം ഒന്നിക്കുന്നത്. പുസ്തക പ്രദര്‍ശനം, ഫിലിം ഫെസ്റ്റിവല്‍, ഫോട്ടോ എക്‌സിബിഷന്‍, തുടങ്ങി നിരവധി സാംസ്‌കാരിക പരിപാടികള്‍ കെ.എല്‍.എഫിന്റെ ഭാഗമാണ്. സാഹിത്യോത്സവത്തോട് അനുബന്ധിച്ച് നടക്കുന്ന ചലച്ചിത്രമേള ക്യുറേറ്റ് ചെയ്യുന്നത് ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍പേഴ്‌സണും ഫിലിം എഡിറ്ററുമായ ബീനാപോളാണ്.

കലാസാംസ്‌കാരിക സാഹിത്യ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ പ്രാമുഖ്യം നല്‍കുന്ന യൂറോപ്പിലെ വെയ്ല്‍സില്‍ നിന്നുള്ള എഴുത്തുകാരും ചിന്തകരുമാണ് കെ.എല്‍.എഫിന്റെ ഇത്തവണത്തെ പ്രധാന അതിഥികള്‍. വെല്‍ഷ് സാഹിത്യത്തിലെ പ്രമുഖ എഴുത്തുകാരുടെയും കലാസാംസ്‌കാരിക പ്രവര്‍ത്തകരുടെയും സജീവസാന്നിദ്ധ്യം കെ.എല്‍.എഫില്‍ ഉടനീളമുണ്ടാകും. കൂടാതെ അമേരിക്ക, ഇംഗ്ലണ്ട്, ജര്‍മ്മനി, ബെല്‍ജിയം, കാനഡ, സ്‌പെയ്ന്‍, ശ്രീലങ്ക തുടങ്ങി നിരവധി രാജ്യങ്ങളില്‍ നിന്നുള്ള വിശിഷ്ടാതിഥികളും എത്തുന്നു.ഇന്ത്യന്‍ ഭാഷകളില്‍ നിന്ന് ഇത്തവണ മറാത്തി ഭാഷയ്ക്കാണ് പ്രാധാന്യം നല്‍കുന്നത്.  നാടകകൃത്തുക്കള്‍, കവികള്‍, നോവലിസ്റ്റുകള്‍, വിമര്‍ശകര്‍, ഗദ്യരചയിതാക്കള്‍, തുടങ്ങി മറാത്തി ഭാഷയിലെ പ്രമുഖരായ 12 എഴുത്തുകാരെയാണ് കെ.എല്‍.എഫ് വേദിയില്‍ പരിചയപ്പെടുത്തുന്നത്. കൂടാതെ വടക്കുകിഴക്കന്‍ മേഖലകള്‍ക്കും പ്രാമുഖ്യം നല്‍കിയിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിച്ച് അഞ്ച് എഴുത്തുകാരാണ് ഈ മേഖലയില്‍ നിന്ന് എത്തുന്നത്. കന്നട ഭാഷയില്‍ നിന്നും എഴുത്തുകാരെത്തുന്നുണ്ട്. കലയും സംസ്‌കാരവും സാഹിത്യവും ഒന്നിക്കുന്ന സജീവമായ ചര്‍ച്ചകള്‍ക്കും സംവാദങ്ങള്‍ക്കുമൊപ്പം താത്പര്യമുള്ള എല്ലാ സഹൃദയര്‍ക്കും പങ്കുചേരാം.

കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക്  രജിസ്‌ട്രേഷന്‍  നടത്താവുന്നതാണ്. കേരള ലിറ്ററേച്ചര്‍ ഫെസ്റ്റിവലിന്റെ വെബ്‌സൈറ്റ് മുഖേനയും കേരളത്തിലുടനീളമുള്ള ഡി.സി ബുക്സ്- കറന്റ് ബുക്‌സ് ശാഖകളിലൂടെയും രജിസ്റ്റര്‍ ചെയ്യാം.

കൂടുതല്‍ വിവരങ്ങള്‍ക്കായി സന്ദര്‍ശിക്കുക

 

 

Comments are closed.