DCBOOKS
Malayalam News Literature Website

പണ്ഡിറ്റ് കറുപ്പന്റെ ജന്മവാര്‍ഷികദിനം

പ്രശസ്ത മലയാള കവിയും നാടകകൃത്തും സാമൂഹ്യപരിഷ്‌കര്‍ത്താവുമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍ എന്ന കെ.പി.കറുപ്പന്‍. എറണാകുളം ജില്ലയിലെ ചേരാനെല്ലൂരില്‍ പാപ്പുവിന്റെയും കൊച്ചുപെണ്ണിന്റെയും പുത്രനായി 1885മേയ് 24 -നായിരുന്നു അദ്ദേഹത്തിന്റെ ജനനം.

പ്രൈമറി വിദ്യാഭ്യാസത്തിനുശേഷം കൊടുങ്ങല്ലൂര്‍ കോവിലകത്ത് ഹൈസ്‌ക്കൂള്‍ വിദ്യാഭ്യാസം. കൊച്ചിരാജാവ് പ്രത്യേക താല്‍പര്യമെടൂത്തതിനാല്‍ സംസ്‌കൃതവും അദ്ദേഹത്തിനു പഠിക്കാനായി. പതിനാലാം വയസ്സില്‍ കവിതകളെഴുതിത്തുടങ്ങിയ അദ്ദേഹം ഇരുപതോളം കാവ്യങ്ങള്‍ രചിച്ചു. എറണാകുളം മഹാരാജാസ് കോളേജില്‍ അദ്ധ്യാപകനായിരുന്നു. കേരളവര്‍മ്മ വലിയ കോയിത്തമ്പുരാന്‍ ‘വിദ്വാന്‍’ ബഹുമതിയും കൊച്ചി മഹാരാജാവ് ‘കവിതിലക’ ബിരുദവും നല്‍കി.

Text1925ല്‍ കൊച്ചിന്‍ ലെജിസ്‌ളേറ്റീവ് കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ആ കാലത്തു നിലവിലിരുന്ന ജാതിയിലെ ഉച്ചനീചത്വങ്ങളെ വരച്ചുകാട്ടുകയും വിമര്‍ശിക്കുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ രചനയാണ് പ്രശസ്തമായ ജാതിക്കുമ്മി എന്ന കവിത. അരയസമുദായത്തിന്റെ ഉന്നമനത്തിനുവേണ്ടി കറുപ്പന്‍ സ്ഥാപിച്ച പ്രാദേശിക ശാഖകളാണ് സഭകള്‍. കേരള ലിങ്കണ്‍ എന്ന പേരില്‍ പണ്ഡിറ്റ് കറുപ്പന്‍ അറിയപ്പെടുന്നു.

അധഃസ്ഥിതവര്‍ഗ്ഗത്തിന്റെ ഉന്നമനത്തിനായി സ്വജീവിതമര്‍പ്പിച്ച അപൂര്‍വ്വവ്യക്തിത്വത്തിനുടമയാണ് കവിതിലകന്‍ പണ്ഡിറ്റ് കെ. പി. കറുപ്പന്‍. കേരളത്തിന്റെ സാമൂഹിക നവോത്ഥാനത്തിന് പണ്ഡിറ്റ് കറുപ്പന്‍ നല്കിയ ശ്രദ്ധേയമായ സംഭാവനകളെ ഇനിയും വിലയിരുത്തപ്പെടേണ്ടതായിട്ടാണിരിക്കുന്നത്. കീഴാളപഠനങ്ങള്‍ക്ക് പ്രസക്തിയേറുന്ന ഇക്കാലത്ത് കറുപ്പന്‍കൃതികള്‍ക്ക് ഏറെ സാംഗത്യവുമുണ്ട്. അദ്ദേഹത്തിന്റെ സാമൂഹിക-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് മാതൃകയായി വര്‍ത്തിക്കുന്ന കൃതികളുടെ സമാഹാരമാണ് ഡി സി ബുക്‌സ് പ്രസിദ്ധീകരിച്ച ‘ജാതിക്കുമ്മിയും മറ്റു പ്രധാനകൃതികളും’. സ്തോത്രങ്ങള്‍, ലഘുകവിതകള്‍, ജാതിക്കുമ്മി, ഉദ്യാനവിരുന്ന് തുടങ്ങിയവ ആദ്യഭാഗമായും ലേഖനങ്ങള്‍, നിയമസഭാപ്രസംഗങ്ങള്‍, ആചാരഭൂഷണം, ബാലാകലേശം (വിവാദനാടകം) തുടങ്ങിയ ഗദ്യകൃതികള്‍ രണ്ടാം ഭാഗമായും ഈ സമാഹാരത്തിലുള്‍പ്പെടുത്തിയിരിക്കുന്നു.

1938 മാര്‍ച്ച് 23-നായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.

Comments are closed.