DCBOOKS
Malayalam News Literature Website

സുഹ്‌റയും മജീദും പിന്നെ ഉമ്മിണി വല്യ ഒന്നും…80-ന്റെ ചെറുപ്പത്തില്‍ ബഷീറിന്റെ ബാല്യകാലസഖി

എനിക്കു വിശ്വാസം ഇല്ലാഞ്ഞിട്ടല്ല. ഞാന്‍ ഒരു നിമിഷം പോലും മറന്നിട്ടില്ലായിരുന്നു. ഓരോ രാത്രിയും ഓരോ പകലും ഞാന്‍ ഓര്‍ത്തു കരയും. യാതൊരപകടവും ഒരു സുഖക്കേടുപോലും വരുത്താതിരിക്കാന്‍ ഞാന്‍ പ്രാര്‍ത്ഥിക്കും; എന്നും എന്നും പ്രാര്‍ത്ഥിക്കും- ബഷീര്‍ (ബാല്യകാലസഖി)

മലയാളത്തിലെ വിശ്വവിഖ്യാതമായ പ്രണയകഥകളിലൊന്നായ, വൈക്കം മുഹമ്മദ് ബഷീറിന്റെ ‘ബാല്യകാലസഖി‘ ക്ക് 80-ന്റെ ചെറുപ്പം. ഒന്നും ഒന്നും ചേര്‍ന്നാല്‍ ഉമ്മിണി വല്യ ഒന്നാവുമെന്ന മഹാഗണിതത്തെ അവതരിപ്പിച്ച നോവൽ ലക്ഷക്കണക്കിന് വായനക്കാരുടെ ഹൃദയങ്ങളിൽ കൊല്ലങ്ങൾക്കിപ്പുറവും ഒരു നോവായി, കൗതുകമായി തുടരുന്നു. മലയാളത്തില്‍ ഇന്നോളമുണ്ടായിട്ടുള്ള നോവലുകളില്‍ തികച്ചും വ്യത്യസ്തമാണ് ‘ബാല്യകാലസഖി’. സുഹ്റയുടെയും മജീദിന്റെയും ബാല്യകാലാനുഭവങ്ങളിലൂടെ Textവികസിക്കുന്ന നോവല്‍ വായനക്കാരനില്‍ ആത്മനൊമ്പരമുണര്‍ത്തുന്ന സ്‌നേഹഗാഥയാണ്. കഥാന്ത്യത്തില്‍ എല്ലാ പ്രശ്‌നങ്ങളെയും അതിജീവിച്ച് ഒത്തു ചേരുന്ന കമിതാക്കളെ നാം പല നോവലുകളിലും കണ്ടിട്ടുണ്ട്. എന്നാല്‍ ബഷീറിന്റെ ‘ബാല്യകാലസഖി’ ഇവിടെ വേറിട്ട് നില്‍ക്കുന്നു. വക്കില്‍ ചോരപൊടിയുന്ന നോവല്‍ എന്നാണ് ‘ബാല്യകാലസഖി’ യെ പ്രശസ്ത നിരൂപകനായ എം പി പോള്‍ വിശേഷിപ്പിച്ചത്.

അനുരാഗത്തിൻ്റെ നിറങ്ങളെക്കുറിച്ച് നമുക്കിന്നുള്ള ബോധം സൃഷ്‌ടിച്ചതുതന്നെ ‘ബാല്യകാലസഖി’  അടക്കമുള്ള ഏതാനും കൃതികളാണ്. സ്നേഹത്തിൻ്റെ പുതിയ അടയാളങ്ങൾ കേരളീയർക്കു നൽകുകയാണ് ഈ കൃതികൾ ചെയ്ത‌ത്. സ്നേഹത്തിന് എത്ര വർണ്ണങ്ങളുണ്ട് എന്നു ബാല്യ കാലസഖി പതുക്കെ പറയുന്നു, ഉറക്കെ കേൾപ്പിക്കുകയും ചെയ്യുന്നു. സ്നേഹം ക്രൂരവും ദീനവും അനാഥവും ത്യാഗോജ്വലവും ആണ് എന്നും ചിലപ്പോഴതു ശൂന്യതയിലേക്ക് ആവിയായിപ്പോകുന്ന ഒരു കണ്ണുനീർ ത്തുള്ളിയാണെന്നും നിങ്ങൾക്കൊടുവിൽ മനസ്സിലാകുന്നു. കൊടിയവേനലിലും ഉണങ്ങാത്ത ഒരു ചെമ്പരത്തിയായി അതു ബാല്യകാലസഖിയിൽ പൂത്തുനിൽക്കുന്നു (എം എൻ വിജയന്റെ വാക്കുകൾ).

കഥയുടെ ആദ്യഭാഗങ്ങളില്‍ നര്‍മരസത്തിന്റെ മിന്നലാട്ടങ്ങള്‍ ധാരാളമുണ്ടെങ്കിലും ഈ കൃതി ബഷീര്‍ കൃതികളിലെല്ലാത്തിലും വച്ച് ഏറ്റവും തീക്ഷ്ണമായ ഒരു ട്രാജഡിയാണ്. വാക്കുകളെക്കൊണ്ട് ആ കഥയുടെ തീക്ഷ്ണസ്വഭാവത്തെ വ്യക്തമാക്കാന്‍ കഴിയുമെന്നു തോന്നുന്നില്ല. ആദ്യം മുതല്‍ അവസാനം വരെ ലളിതസുന്ദരമായ വാക്യങ്ങളിലൂടെയാണു കഥ ഒഴുകിപ്പോകുന്നത്. മുസ്ലീം സമുദായത്തിലെ ചില ആചാരങ്ങളുടെ നേര്‍ക്കുള്ള വിമര്‍ശനങ്ങള്‍ അതില്‍ കാണാം. എന്നാലും ഇവിടെയും കഥയ്ക്കു തന്നെയാണ് മുന്‍തൂക്കം (ഡോ ആർ ഇ ആഷറിന്റെ വാക്കുകൾ).

1944-ല്‍ ബഷീര്‍ കൊല്‍ക്കത്തയില്‍ താമസിക്കുന്ന കാലത്താണ് ‘ബാല്യകാലസഖി’ പ്രസിദ്ധീകരിക്കുന്നത്. ആദ്യം ഇംഗ്ലീഷില്‍ എഴുതിയ നോവല്‍ പിന്നീട് മലയാളത്തിലേക്ക് ബഷീര്‍തന്നെ തര്‍ജ്ജമ ചെയ്തു. രണ്ടുതവണ സിനിമയായ ‘ബാല്യകാലസഖി’ , 18 ഭാഷകളില്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

ബാല്യകാലസഖി’ യുടെ 80-ാം വാര്‍ഷികം ബഷീറിന്റെ ജന്മനാട്ടില്‍ വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരകസമിതിയും ബഷീര്‍ അമ്മ മലയാളവും ചേര്‍ന്ന് ശനിയാഴ്ച ആഘോഷിക്കും. വൈകീട്ട് 4.30-ന് തലയോലപ്പറമ്പ് ഫെഡറല്‍ നിലയത്തിന്റെ മുമ്പില്‍ നടത്തുന്ന പരിപാടി ബഷീര്‍ സ്മാരക സമിതി ഡയറക്ടര്‍ ഡോ. വി.ടി. ജലജാകുമാരി ഉദ്ഘാടനം ചെയ്യും.

വൈക്കം മുഹമ്മദ് ബഷീറിന്റെ പുസ്തകങ്ങള്‍ക്കായി ക്ലിക്ക് ചെയ്യൂ

Comments are closed.