DCBOOKS
Malayalam News Literature Website

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’; പുസ്തകചർച്ച സംഘടിപ്പിച്ചു

ഷീലാ ടോമിയുടെ ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന നോവലിനെ മുൻനിർത്തി സംസ്‌കൃതി പ്രതിമാസ സാഹിത്യ സദസ്സിന്റെ ഭാഗമായി നടന്ന പുസ്തകചർച്ചയും പുസ്തകത്തിന്റെ ഖത്തറിലെ പ്രകാശനവും ശ്രദ്ധേയമായി. സംസ്‌കൃതി പ്രസിഡന്റ് അഹമ്മദ് കുട്ടി അര്‍ളയില്‍ ഇന്ത്യന്‍ കള്‍ചറല്‍ പ്രസിഡന്റ് പി എന്‍ ബാബുരാജന് പുസ്തകം കൈമാറിയാണ് ഖത്തറിലെ പ്രകാശനം നിര്‍വ്വഹിച്ചത്. എഴുത്തുകാരന്‍ ശ്രീനാഥ് ശങ്കരന്‍ കുട്ടി പുസ്തകം പരിചയപ്പെടുത്തി സംസാരിച്ചു. നോവലിന്റെ നാള്‍വഴികളും എഴുത്തനുഭവങ്ങളും ഷീലാ ടോമി വായനക്കാരുമായി പങ്കുവെച്ചു.  ഡി സി ബുക്സാണ് പ്രസാധകർ.

പിറന്ന മണ്ണില്‍ ഇടം നഷ്ടപ്പെടുന്ന മനുഷ്യരുടെ ജീവിതത്തിന്റെയും പലായനത്തിന്റെയും കഥയാണ്  ‘ആ നദിയോട് പേരു ചോദിക്കരുത്’ എന്ന ഷീലാ ടോമിയുടെ ഏറ്റവും പുതിയ നോവൽ പറയുന്നത്. മലയാളത്തിന് അപരിചിതമായ ദേശങ്ങള്‍ അടയാളപ്പെടുത്തുന്ന തീക്ഷ്ണമായ രചനയെന്നാണ് ആദ്യ വായനയില്‍ തന്നെ പുസ്തകം വിലയിരുത്തപ്പെടുന്നത്. യേശുവിന്റെ കാലം മുതല്‍ കോവിഡ് കാലം വരെയുള്ള മനുഷ്യ ചരിത്രത്തിലെ വേറിട്ട ചില കാല്‍പ്പാടുകൾ ആ നദിയുടെ തീരത്ത് പതിഞ്ഞ് കിടക്കുന്നു.

പലായനത്തിന്റെ വെന്ത ഭൂമികകളുടെയും ആ ഭൂമിയോളം ഭാരമുള്ള മനസ്സുകളുമായി പൊള്ളിയോടുന്ന മനുഷ്യരുടേയും കഥ  നോവല്‍ പറയുന്നു. കഥ തീരുമ്പോള്‍ വെന്തുലഞ്ഞ ഒരു ഹൃദയം ബാക്കിയായി നമ്മളും ആ നദിയുടെ ഒഴുക്കില്‍ അലിഞ്ഞുതീരും. പേരു ചോദിക്കാനില്ലാത്ത നദികള്‍ എല്ലാ നാട്ടിലും ഉണ്ട്. ഉള്ളുവെന്ത്, വിവേചനങ്ങളാല്‍ തിരസ്‌കരിക്കപ്പെട്ട്, ജീവിതം നെഞ്ചോടുചേര്‍ത്ത് ദേശങ്ങളില്‍ നിന്ന് , വേരുകളില്‍നിന്ന്, ബന്ധങ്ങളെ ചേര്‍ത്തുപിടിക്കാനാവാതെ ‘നഫ്‌സി നഫ്‌സീ’ യെന്ന നിലവിളികള്‍ ഭൂമുഖമാകെ മുഴക്കിക്കൊണ്ട് പലായനം ചെയ്യുന്നവര്‍ എല്ലാ ദേശങ്ങളിലുമുണ്ട്. തിരസ്‌കരണത്തിന്റെ , പലായനത്തിന്റെ പൊള്ളുന്ന രാഷ്ട്രീയം കൂടി ഈ പുസ്തകം അടയാളപ്പെടുത്തുന്നു.

പുസ്തകം വാങ്ങാന്‍ ക്ലിക്ക് ചെയ്യൂ

Comments are closed.