DCBOOKS
Malayalam News Literature Website

മുന്‍മന്ത്രി ചെര്‍ക്കളം അബ്ദുള്ള അന്തരിച്ചു

കാസര്‍ഗോഡ്: മുന്‍ മന്ത്രിയും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന ചെര്‍ക്കളം അബ്ദുള്ള(76) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. കാസര്‍ഗോഡ് ചെര്‍ക്കളത്തെ വസതിയില്‍ വെച്ച് ഇന്ന് രാവിലെയോടെയായിരുന്നു അന്ത്യം. മുസ്‌ലിം ലീഗിന്റെ സംസ്ഥാന ജില്ലാ നേതൃത്വത്തില്‍ വിവിധ പദവികള്‍ വഹിച്ച അദ്ദേഹം ലീഗ് സംസ്ഥാന ട്രഷററും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായിരുന്നു. നാല് തവണ തുടര്‍ച്ചയായി മഞ്ചേശ്വരത്തെ നിയമസഭയില്‍ പ്രതിനിധീകരിച്ചു. 2001-ല്‍ എ.കെ ആന്റണി മന്ത്രിസഭയില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രിയായിരുന്നു.

1942 സെപ്റ്റംബര്‍ 15ന് ബാരിക്കാട് മുഹമ്മദ് ഹാജിയുടെയും ആസ്യമ്മയുടെയും മകനായി ജനിച്ച ചെര്‍ക്കളം അബ്ദുള്ള ചെറുപ്പകാലം മുതല്‍ രാഷ്ട്രീയ രംഗത്ത് സജീവമായിരുന്നു. 1987-ല്‍ മഞ്ചേശ്വരത്ത് നിന്നാണ് ചെര്‍ക്കളം അബ്ദുള്ള ആദ്യമായി ജനവിധി തേടുന്നത്. മുസ്‌ലിം ലീഗ് നിയമസഭാ പാര്‍ട്ടി ജനറല്‍ സെക്രട്ടറി, ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന കമ്മിറ്റിയംഗം, വഖഫ് ബോര്‍ഡ് അംഗം, നിയമസഭയുടെ വൈദ്യുതി, കൃഷി, റവന്യു സബ്ജക്ട് കമ്മിറ്റി അംഗം, സംസ്ഥാന ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങി പാര്‍ട്ടിയിലും ഭരണരംഗത്തും നിരവധി സ്ഥാനങ്ങള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.

ചെങ്കള മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആയിഷ ചെര്‍ക്കളം ആണ് ഭാര്യ. മെഹ്‌റുന്നീസ, മുംതാസ് സമീറ(ജില്ലാ പഞ്ചായത്ത് അംഗം) സി.എ. മുഹമ്മദ് നാസര്‍, സി.എ.അഹമ്മദ് കബീര്‍ (എം.എസ്.എഫ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി) എന്നിവര്‍ മക്കളാണ്.

Comments are closed.