DCBOOKS
Malayalam News Literature Website

നിക്ക് ഊട്ടിന്റെ നാപാം പെണ്‍കുട്ടിക്ക് 46 വയസ്സ്‌

വിയറ്റ്‌നാം യുദ്ധഭീകരതയും വേദനയും ചിത്രീകരിച്ച നിക്ക് ഉട്ടിന്റെ നാപാം പെണ്‍കുട്ടിയുടെ ഫോട്ടോയ്ക്ക് 46 വയസ്. 1972 ജൂണ്‍ 8 നാണ് 9 വയസുള്ള കിം ഫുക്കിന്റെ ഗ്രാമത്തില്‍ യുദ്ധ വിമാനങ്ങള്‍ നാപാം ബോംബുകള്‍ വര്‍ഷിച്ചത്. പതുക്കെ മാത്രം തീ പിടിക്കുന്ന കട്ടിയുള്ള ജെല്ലിയായ നാപാം ഗ്രാമത്തിലെ മരങ്ങള്‍ അടക്കം സര്‍വ്വതും അഗ്‌നിക്കിരയാക്കി. ആളിക്കത്തുന്ന ഗ്രാമത്തില്‍ നിന്നും അലറിക്കരഞ്ഞു കൊണ്ട് ഫുക്ക് ഓടിയത് അസോസിയേറ്റ് പ്രസ് ഫോട്ടോഗ്രാഫര്‍ ഹ്യുംഗ് കോങ്ങ് നിക്കിന്റെ അടുത്തേയ്ക്കായിരുന്നു. നിക് ഉട്ടിനു ലോകശ്രദ്ധ നേടിക്കൊടുക്കുകയും പുലിറ്റ്‌സര്‍ സമ്മാനത്തിനര്‍ഹമാക്കുകയും ചെയ്ത ചിത്രമായിരുന്നു അത്. ഫോട്ടോയിലെ പെണ്‍കുട്ടി നഗ്‌നയാണ് എന്നത് ഫോട്ടോ പ്രസിദ്ധീകരിക്കാന്‍ നയപരമായ തടസ്സമാകും എന്ന് ഭയന്നിരുന്നു. എന്നാല്‍ ഫോട്ടോയുടെ വാര്‍ത്താ പ്രാധാന്യം കണക്കിലെടുത്ത് അസോസിയേറ്റ് പ്രസ് അത് പ്രസിദ്ധീകരിക്കുകയും വിയറ്റ്‌നാം യുദ്ധം തന്നെ അവസാനിപ്പിക്കുവാന്‍ അമേരിക്കയെ പ്രേരിപ്പിക്കുമാറ് ലോക മനഃസ്സാക്ഷിയെ ചിന്തിപ്പിക്കുവാനും ആ ഫോട്ടോയ്ക്ക് കഴിയുകയും ചെയ്തു.

ഏപ്രില്‍ ലക്കം പച്ചക്കുതിര മാസികയില്‍ പ്രസിദ്ധീകരിച്ച അഭിമുഖം….

ചന്ദ്രന്‍ കോമത്ത്, അനീഷ് രവി: ‘നാപാം പെണ്‍കുട്ടി’ അഥവാ ‘യുദ്ധത്തിന്റെ ഭീകരത’ (Terror of war) എന്ന ഒറ്റ ഫോട്ടോഗ്രാഫിലൂടെ ലോകത്തിന്റെ മനസ്സില്‍ എന്നേക്കുമായി സ്ഥാനം നേടിയ ഫോട്ടോഗ്രാഫറാണ് താങ്കള്‍. വിവിധ രാജ്യങ്ങളില്‍ താങ്കള്‍ ജോലി ചെയ്തു. നിരവധി യാത്രകള്‍ നടത്തുന്നു, വ്യക്തികളും കൂട്ടായ്മകളുമായി സംസാരിക്കുന്നു. ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ താങ്കളെ നയിക്കുന്ന അടിസ്ഥാന ദര്‍ശനം എന്താണ്? ആ നിലയ്ക്കുള്ള താങ്കളുടെ വിചാര-വികാരങ്ങള്‍ എന്തൊക്കെയാണ്?

നിക്ക് ഉട്ട്: എന്റെ ചിത്രങ്ങള്‍ എന്റെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്നുവെന്നാണ് ഒരു ഫോട്ടോഗ്രാഫറെന്ന നിലയില്‍ എനിക്ക് തോന്നിയിട്ടുള്ളത്. ഞാന്‍ ഫോട്ടോഗ്രാഫിനെ ഒരു സ്റ്റോറിയായി കാണുന്നു. അവ വെറും ഛയഷലര േഅല്ല. എന്താണ് ഷൂട്ട് ചെയ്യേണ്ടത്, ഏത് ചിത്രമാണ് മേന്മയോടെ പകര്‍ത്തേണ്ടത് എന്ന് ഞാന്‍ എപ്പോഴും ആലോചിക്കും. ജനങ്ങളെക്കുറിച്ചും അവരുടെ ദുരിതങ്ങളെക്കുറിച്ചും ജീവിതത്തെപ്പറ്റിയും ആലോചിക്കും. മനുഷ്യരെ ഉള്‍ക്കൊള്ളുന്ന ചിത്രങ്ങള്‍ക്ക് പ്രത്യേകത ഉണ്ട്. അവരെ എങ്ങനെ സഹായിക്കാം എന്ന ചിന്ത എന്റെ മനസ്സിലുണ്ടാവും. ഞാന്‍ ആരെയും വെറുപ്പിക്കാറില്ല. മറ്റുള്ളവരോട് ദേഷ്യപ്പെടാറില്ല. അന്നും ഇന്നും. എന്റെ ഫോട്ടോകള്‍ക്ക് എന്തെങ്കിലും ചെയ്യാന്‍ പറ്റുമെങ്കില്‍ എനിക്ക് സന്തോഷമാണ്. മറ്റുള്ളവര്‍ എന്റെ ചിത്രങ്ങള്‍ കണ്ട് ആലോചിക്കുവാനും സന്തോഷിക്കുവാനും ഞാന്‍ ആഗ്രഹിക്കുന്നു. എന്റെ ലളിതമായ തത്ത്വദര്‍ശനം ഇതു മാത്രമാണ്.

? താങ്കളുടെ കുടുംബപശ്ചാത്തലം, യുദ്ധം നാശം വിതച്ച ദുരിതപൂര്‍ണ്ണമായ കുട്ടിക്കാലത്തെക്കുറിച്ചുള്ള ഓര്‍മ്മകള്‍ എന്നിവ പങ്കുവെക്കാമോ?

$ വളരെയധികം കഷ്ടപ്പാടുകള്‍ നിറഞ്ഞ ബാല്യകൗമാരങ്ങളാണ് വലിയൊരു കുടുംബത്തില്‍ ജനിച്ച എനിക്ക് അനുഭവിക്കേണ്ടിവന്നത്. കര്‍ഷകപശ്ചാത്തലത്തില്‍ ഏക സഹോദരിയും അച്ഛനും അമ്മയും ഉള്‍പ്പെടുന്ന പതിനൊന്നംഗ കുടുംബമായിരുന്നു എന്റേത്. കാര്‍ഷികമായി വലിയ അഭിവൃദ്ധി ഉണ്ടായിരുന്നില്ല. 1950കളിലെയും 1960കളിലെയും ജീവിതാവസ്ഥകള്‍ കഠിനമായിരുന്നു. കോളനി ഭരണത്തില്‍നിന്നും പല ഏഷ്യന്‍-ആഫ്രിക്കന്‍ രാജ്യങ്ങള്‍ പുറത്തുകടക്കുന്ന ഘട്ടംകൂടിയായിരുന്നല്ലോ അത്. വിയറ്റ്‌നാമിന്റെ കാര്യത്തില്‍ നാടകീയമായ രാഷ്ട്രീയ സംഭവവികാസങ്ങളും പുറത്തുനിന്നുള്ള ഇടപെടലുകളും ജീവിതത്തെ അമ്പരപ്പിലാക്കി. എന്നാല്‍ എല്ലാ സാഹചര്യങ്ങളും അത്ര വിശാലമായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിരുന്നില്ല. സെയ്‌ഗോണില്‍ നിന്നുമാറി ലോങ് ആന്‍ (Long An) എന്ന സ്ഥലത്താണ് എന്റെ ജനനം. മെകോങ് ഡെല്‍റ്റ (Mekong Delta) പ്രദേശം ഉള്‍പ്പെടുന്ന മേഖലയിലെ ദാരിദ്ര്യവും കഷ്ടപ്പാടുകളും എന്നെ വേദനിപ്പിച്ചിരുന്നു. പക്ഷേ, ആരുമായും അതൊന്നും പങ്കുവെച്ചിരുന്നില്ല. ഫ്രഞ്ച് പട്ടാളക്കാര്‍ വിയറ്റ്‌നാമീസ് ഗ്രാമങ്ങളില്‍ റോന്ത് ചുറ്റുന്നത് ഇന്നും മറക്കാതെ നില്‍ക്കുന്ന കാഴ്ചയാണ്. എന്നാല്‍ അവരുടെയൊന്നും സംഭാഷണങ്ങള്‍ മനസ്സിലാക്കാന്‍ പറ്റിയിരുന്നില്ല.

? ഒരു ഫോട്ടോഗ്രാഫറായുള്ള താങ്കളുടെ രൂപപ്പെടല്‍ സംഭവിച്ചത് എങ്ങനെയാണ്?

$ എനിക്ക് ഔപചാരികവിദ്യാഭ്യാസമൊന്നും അധികമായിട്ടില്ല. എന്റെ അറിവുകളെല്ലാംതന്നെ സ്വയം ആര്‍ജ്ജിച്ചതാണ്. പക്ഷേ, ചെറുപ്പകാലം മുതല്‍ക്കേ ഞാന്‍ ഓരോ കാര്യവും പഠിക്കുകയാണ്. അത് ഇന്നും തുടരുന്നു. എന്റെ മൂത്ത സഹോദരന്‍ ചെറുപ്രായത്തില്‍തന്നെ ഫോട്ടോഗ്രാഫി മേഖലയില്‍ പ്രവര്‍ത്തിച്ച് അസോസിയേറ്റ് പ്രസ്സിനുവേണ്ടി നിരവധി ചിത്രങ്ങളെടുത്തിരുന്നു. എല്ലാവരെയും ദുഃഖിപ്പിച്ചുകൊണ്ട് 1965-ല്‍ ഇരുപത്തിയേഴാമത്തെ വയസ്സില്‍ Huyuh Thanh My എന്ന എന്റെ സഹോദരന്‍ യുദ്ധമേഖലയില്‍ കൊല്ലപ്പെട്ടു. ഫോട്ടോഗ്രാഫി മേഖലയില്‍ വരാനുള്ള എന്റെ താത്പര്യത്തെ പലവിധ പ്രശ്‌നങ്ങളാല്‍ അദ്ദേഹം പ്രോത്സാഹിപ്പിച്ചിരുന്നില്ല. പിന്നീട് സഹോദരന്റെ മരണശേഷമാണ് അമ്മയുടെ പിന്തുണയോടെ എനിക്ക് ഒരു ജോലി നല്‍കണമെന്ന് ആവശ്യപ്പെട്ട് എ.പി.യുടെ സെയ്‌ഗോണിലുള്ള ഓഫീസിലേക്ക് ചെല്ലുന്നത്. അത് ജീവിതത്തിലെ നിര്‍ണ്ണായക വഴിത്തിരിവായി മാറി. എ.പി.യില്‍ ചേര്‍ന്നത് വളരെ വലിയ ഒരവസരമായിരുന്നു. ആദ്യവര്‍ഷങ്ങളിലെ ‘Dark room’ അനുഭവങ്ങള്‍ എന്റെ മനസ്സില്‍ ഇപ്പോഴും മായാതെ കിടക്കുന്നു. ഞാനതിനെ വളരെയധികം സ്‌നേഹിച്ചു. രാസമിശ്രിതങ്ങള്‍ നിര്‍മ്മിക്കാനും കോപ്പിയെടുക്കാനും കഴുകാനും പഠിച്ചു. അങ്ങനെ ഒടുവില്‍ ക്യാമറയുമായി ഫീല്‍ഡിലേക്കും.

? താങ്കള്‍ ഇപ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ നല്ല ഫോട്ടോയെടുക്കുന്നതിനുള്ള പരിശീലനമാണോ ഇതുകൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്.

$ ഒരു സംശയവുമില്ല. ഞാന്‍ ഇപ്പോഴും നിരവധി കാര്യങ്ങള്‍ പഠിക്കുന്നു. 2017-ല്‍ എ.പി.യില്‍നിന്ന് റിട്ടയര്‍ ചെയ്തതിനുശേഷവും. മരണംവരെ ചിത്രങ്ങളെടുക്കുക എന്നത് എന്റെ ഉദ്ദേശ്യമാണ്. അതിന് ഒരു ക്യാമറ മാത്രം മതി. വിയറ്റ്‌നാമിന്റെ മുക്കിലും മൂലയിലും ഞാന്‍ ക്യാമറയുമായി സഞ്ചരിച്ചിട്ടുണ്ട്. യുദ്ധമുഖത്തുനിന്നും ചിത്രങ്ങളെടുക്കുന്നത് അതീവദുഷ്‌കരമാണ്. നിരവധി തവണ പരിക്കേറ്റു. ജീവന്‍ അപകടത്തിലാവുന്നവിധത്തില്‍ മുറിവുകള്‍പറ്റി. കംബോഡിയയിലും വിയറ്റ്‌നാമിലുംവെച്ച്. പക്ഷേ, ഒന്നും എന്നെ പിന്തിരിപ്പിച്ചില്ല. അപ്പോഴേക്കും അതൊക്കെ ഉള്‍ക്കൊള്ളാനും ആസ്വദിക്കാനും തുടങ്ങിയിരുന്നു. യുദ്ധവുമായി ബന്ധപ്പെട്ട് ആയിരക്കണക്കിന് ചിത്രങ്ങള്‍ പകര്‍ത്താന്‍ സാധിച്ചു. ആ തരത്തില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. ആളുകള്‍ എന്റെ ഫോട്ടോകള്‍ ഇഷ്ടപ്പെടുന്നു. നിരീക്ഷിക്കുന്നു. പഠനങ്ങള്‍ നടത്തുന്നു. നല്ലത്. യുദ്ധവിരുദ്ധ പ്രവര്‍ത്തകരെയും പ്രസ്ഥാനങ്ങളെയും ഞാന്‍ ആദരിക്കുന്നു. ചിത്രങ്ങള്‍ പകര്‍ത്തുക എന്നതുതന്നെയാണ് എന്റെ ജീവിതലക്ഷ്യം. പകര്‍ത്തിയ ചിത്രങ്ങളെ ഞാന്‍ സ്വയം വിലയിരുത്തുകയും സ്വയം കുറ്റപ്പെടുത്തുകയും സ്വയം അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.

? ലോകത്തിന്റെ മനഃസാക്ഷിയെ സ്പര്‍ശിച്ച ആ ഫോട്ടോ, മാധ്യമങ്ങള്‍ ആവേശത്തോടെ പ്രസിദ്ധീകരിച്ചു. വിവിധ സ്ഥലങ്ങളിലെ യുദ്ധവിരുദ്ധ പ്രസ്ഥാനങ്ങള്‍ ഏറ്റെടുത്തു. എങ്കിലും ‘നാപാം പെണ്‍കുട്ടിയുടെ’ പടം പ്രസിദ്ധീകരണത്തിനയയ്ക്കുന്നതില്‍ എ.പി.യില്‍തന്നെ വിസമ്മതമുണ്ടായതും അതിലെ ‘നഗ്നത’ പ്രശ്‌നവത്കൃതമായതും അറിയാം. കൂടാതെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ താങ്കളുടെ ഫോട്ടോയുടെ വിശ്വസ്തതയെ ചോദ്യംചെയ്തു. എങ്ങനെയാണ് വിഷമകരമായ ആ സാഹചര്യങ്ങളെ അഭിമുഖീകരിച്ചത്?

$ അന്നത്തെ അമേരിക്കന്‍ പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സണ്‍ ഒട്ടും സന്തോഷവാനായിരുന്നില്ല. നാപാം ആയിരുന്നെങ്കില്‍ ആ കുട്ടി തല്‍ക്ഷണം മരിച്ചേനേ. അതിനാല്‍ ഈ ചിത്രം വ്യാജമാണെന്ന വാദം നിക്‌സണ്‍ ഉന്നയിച്ചു. എനിക്ക് ഇതില്‍ വളരെയധികം വേദനയും ദേഷ്യവും തോന്നി. ട്രാങ് ബാങ് വില്ലേജില്‍ നടന്ന ബോംബിങ് ക്രൂരമായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ ദുരിതങ്ങളെ ഇതില്‍ക്കൂടുതല്‍ വസ്തുനിഷ്ഠമായി ചിത്രീകരിക്കാന്‍ കഴിയില്ലായിരുന്നു. വിയറ്റ്‌നാം യുദ്ധത്തിന്റെ അറ്റമില്ലാത്ത കെടുതികള്‍ നേരിട്ടുകണ്ടനുഭവിച്ച എനിക്ക് വ്യാജമായി ഒന്നും നിര്‍മ്മിക്കേണ്ടതിന്റെ ആവശ്യമില്ല. യുദ്ധംപോലെ ആ ഫോട്ടോയും യാഥാര്‍ത്ഥ്യമാണെന്ന് ഞാന്‍ മറുപടി പറഞ്ഞു. കൂടാതെ ആ കുട്ടി ജീവിച്ചിരിക്കുന്നു. അതിഭീകരമായി പൊള്ളലേറ്റ് ”too hot, too hot, I am dying” എന്ന് നിലവിളിച്ചോടുന്ന കിംഫുക്കിനെ എനിക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല.
പൊള്ളലിന്റെ തീവ്രത ക്യാമറയില്‍ ഞാന്‍ തെളിഞ്ഞു കണ്ടിരുന്നു. അതിനാലാണ് കിംഫുക്ക് ഉള്‍പ്പെടെയുള്ള കുട്ടികളെ ആശുപത്രിയിലെത്തിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. അവര്‍ക്ക് വെള്ളം നല്‍കി. പത്രപ്രവര്‍ത്തകന്റെ പാസ് ഉപയോഗിച്ച് വിദഗ്ദ്ധ ചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി. ഫോട്ടോ വ്യാജമാണെന്ന നിക്‌സന്റെ വാദത്തെ വിയറ്റ്‌നാമിലെ അമേരിക്കന്‍ കമാന്‍ഡര്‍തന്നെ ഖണ്ഡിച്ചു. നിക്‌സനെ ബോധ്യപ്പെടുത്തി. അതെന്നെ സന്തോഷവാനാക്കി. മറുവശത്ത് നിരവധി മനുഷ്യശരീരങ്ങള്‍–പതിനാറും പതിനേഴും വയസ്സുള്ള കുട്ടികളും ഇരുവശത്തുമുള്ള സൈനികരുമുള്‍പ്പെടെ–ദിവസവും ചിന്നിച്ചിതറുന്നത് എന്റെ മനസ്സിനെ കലുഷിതമാക്കിയിരുന്നു. ആ കാഴ്ചകള്‍ എന്റെ ജോലിയെക്കുറിച്ച് കൂടുതല്‍ ആലോചിക്കാന്‍ പ്രേരിപ്പിച്ചു. മനുഷ്യദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ചിത്രങ്ങള്‍ പകര്‍ത്തുന്നതിലെ പ്രശ്‌നങ്ങള്‍ എന്റെ മനസ്സില്‍ കടന്നുവന്നു. കിം ഫുക്ക് മരിച്ചുപോയിരുന്നെങ്കില്‍ ഒരുപക്ഷേ, ഞാന്‍ ജീവിച്ചിരിക്കില്ലായിരുന്നു. അവര്‍ ജീവിക്കാന്‍ സാധ്യതയില്ലെന്നാണ് ആദ്യഘട്ടത്തില്‍ ഡോക്ടര്‍മാര്‍തന്നെ വിലയിരുത്തിയത്. പക്ഷേ, അത്ഭുതകരമായി ആ ഫോട്ടോ ഞങ്ങളുടെയും യുദ്ധത്തിന്റെതന്നെ ഗതിയെയും മാറ്റിക്കളഞ്ഞു.
എന്റെ സ്ഥാപനമായ എ.പി.യില്‍ ചില തര്‍ക്കങ്ങള്‍ നടന്നിരുന്നു. ചിത്രത്തിന്റെ ‘നഗ്നതയും’ അത് പ്രസിദ്ധീകരിക്കുന്നതിലെ പ്രശ്‌നങ്ങളുമാണ് എഡിറ്റോറിയല്‍ ചര്‍ച്ചകളില്‍ വന്നത്. പ്രസിദ്ധീകരിക്കപ്പെടില്ലെന്ന് തീരുമാനിക്കപ്പെട്ടത് നിരവധി ഇടപെടലുകള്‍ക്കുശേഷം മാറി മറഞ്ഞു. ഫോട്ടോ ആ നിലയ്ക്കുതന്നെ പ്രസിദ്ധീകരിക്കാന്‍ തീരുമാനമായി. ആ ഫോട്ടോയില്‍ എന്തെങ്കിലും ഇടപെടലുകള്‍ നടത്തിയിരുന്നെങ്കില്‍ എന്റെ മനസ്സിലെ ചില ധാരണകളെ അത് ഇല്ലാതാക്കിയേനേ. ഇന്നു കാണുന്ന സ്വീകാര്യതയും ലഭിക്കില്ലായിരുന്നു. എ.പി. അത് എഡിറ്റ് ചെയ്തില്ല എന്നതുതന്നെയാണ് ആ സ്ഥാപനത്തെ സ്വന്തം ഭവനമായി കാണാന്‍ എന്നെ പ്രേരിപ്പിക്കുന്നത്.

? സെയ്‌ഗോണില്‍നിന്നും ഇരുപത്തിയഞ്ച് മൈല്‍ വടക്ക് പടിഞ്ഞാറ് കിടക്കുന്ന ട്രാങ് ബാംഗി (Trang Bang) ലാണല്ലോ അമേരിക്കന്‍ /ദക്ഷിണവിയറ്റ്‌നാം സൈന്യം നാപാം ബോംബിങ് നടത്തിയത്. ഈ സൈനിക പ്രവൃത്തി ബോധപൂര്‍വ്വമായിരുന്നില്ല. ഒരു പിഴവാണ് എന്ന വാദം പടിഞ്ഞാറന്‍ യുദ്ധവിശകലനങ്ങളില്‍ കാണുന്നുണ്ട്. താങ്കള്‍ എങ്ങനെ
യാണ് വിലയിരുത്തുന്നത്?

$ യുദ്ധത്തിന്റെ തീവ്രതയുടെയും നിരാശയുടെയും പുതിയൊരു ഘട്ടത്തില്‍ ജനങ്ങളെ ഭീതിയിലാഴ്ത്താന്‍ ബോധപൂര്‍വ്വം നടത്തിയ അതിക്രമംതന്നെയാണിത്. അബദ്ധത്തില്‍ സംഭവിച്ചതേയല്ല. വിവിധ സൈനികവിഭാഗങ്ങള്‍ നടത്തിയ മനുഷ്യക്കുരുതികള്‍ നിങ്ങളുടെ ഭാവനകള്‍ക്ക് അപ്പുറമാണ്. യുദ്ധം പൈശാചികംതന്നെയാണ്. വിയറ്റ്‌നാമിലെ കൂട്ടക്കുരുതികള്‍ അത്രയ്ക്ക് ഉണ്ടായിരുന്നു, തെക്കും, വടക്കും.

? പുലിസ്റ്റര്‍ പ്രൈസ് എന്നൊരു അവാര്‍ഡ് ഉള്ള കാര്യം അറിയാതെ അത് ലഭിക്കുന്ന ഏക വ്യക്തിയാവും ഒരുപക്ഷേ, താങ്കള്‍. 1972 ജൂണ്‍ 8-ന് എടുത്ത ഫോട്ടോയ്ക്ക് 1973-ല്‍ അവാര്‍ഡ് ലഭിച്ചപ്പോള്‍ എന്താണ് താങ്കള്‍ക്ക് തോന്നിയത്?

$ അസോസിയേറ്റ് പ്രസ്സ് മാനേജ്‌മെന്റും സഹപ്രവര്‍ത്തകരുമാണ് വിവരം അറിയിച്ചത്. ഏതോ വലിയ പുരസ്‌കാരമാണെന്നേ തോന്നിയുള്ളൂ. ഇതിന്റെ വിലയെക്കുറിച്ചൊന്നും ബോധവാനായിരുന്നില്ല. പക്ഷേ, പുരസ്‌കാരം ലഭിച്ചതറിഞ്ഞതിനുശേഷം ഒരാഴ്ചയോളം ഓഫീസില്‍ ആഘോഷങ്ങളുണ്ടായിരുന്നു. എല്ലാവരും അനുമോദിച്ചു. ഞാന്‍ എന്റെ ജോലിയും തുടര്‍ന്നു.

? ഫോട്ടോ ജേണലിസത്തിന്റെ കാണാത്ത, അതുല്യമായ ഒരു ബന്ധമാണ് താങ്കളും കിം ഫുക്കും തമ്മിലുള്ളത്. ഈ മേഖലയിലെ വിഷയി-വിഷയ ബന്ധത്തെ (SubjectObject relationship) ആ ഫോട്ടോഗ്രാഫിലൂടെ താങ്കള്‍ മാറ്റിമറിച്ചു. പുതിയൊരു മനുഷ്യബന്ധത്തിന് ലോകം സാക്ഷ്യം വഹിച്ചു. അതുവഴി വിയറ്റ്‌നാം യുദ്ധത്തിന്റെ ഒടുക്കവും. ഇത് താങ്കളെ വ്യത്യസ്തനാക്കുന്നതായി തോന്നിയിട്ടുണ്ടോ?

$ ഒരുപക്ഷേ, ആയിരിക്കാം. സന്തോഷം ഈ നിരീക്ഷണത്തിന്. കിം ഫുക്ക് ഇന്ന് വിയറ്റ്‌നാം യുദ്ധത്തിന്റെ ജീവിച്ചിരിക്കുന്ന പോരാളിയാണ്. സമാധാനത്തിനായുള്ള യു.എന്‍. ഗുഡ്‌വില്‍ അംബാസിഡറാണ്. ഇരുപത്തിയൊന്ന് വയസ്സുള്ള ഒരു ഫോട്ടോഗ്രാഫര്‍ ഒന്‍പത് വയസ്സുള്ള പെണ്‍കുട്ടിയുടെ ജീവന്‍ രക്ഷിച്ചതിന്റെ കടപ്പാട്, സ്‌നേഹം ഇവയെല്ലാം അവര്‍ എപ്പോഴും പങ്കുവയ്ക്കുന്നു. ഞാനാണ് അതിനുശേഷമുള്ള തുടക്കവും ഒടുക്കവും എന്ന് കിം ഫുക്ക് പറയുന്നത് എന്നെ സന്തോഷിപ്പിക്കുന്നു. അവര്‍ എന്നെ സ്‌നേഹത്തോടെ ‘അങ്കിള്‍ ഉട്ട്’ എന്നാണ് വിളിക്കുന്നത്. ഒരുപാട് ആളുകള്‍ക്ക് പ്രചോദനമാകുന്ന വിധത്തില്‍ ആ ഫോട്ടോയും ഞങ്ങളുടെ ഇടപെടലുകളും മാറിയിട്ടുണ്ട്. പക്ഷേ, നാപാമിന്റെ പൊള്ളലില്‍നിന്നുള്ള മുക്തി ഇനിയും അവര്‍ നേടിയിട്ടില്ല. നിരവധി ചികിത്സകള്‍ നടത്തിവരുന്നു. ഒടുവിലായി മിയാമിയില്‍ ത്വക്ചികിത്സയ്ക്കായി എത്തിയ കിം ഫുക്കിനെ ഞാന്‍ എയര്‍പോര്‍ട്ടില്‍ ചെന്നു കണ്ടിരുന്നു. ഫോട്ടോയും എടുത്തു. മാധ്യമങ്ങള്‍ അത് ചര്‍ച്ചയാക്കി. നിരവധി ടെലിവിഷന്‍ പരിപാടികളില്‍ ഞങ്ങള്‍ പങ്കെടുത്തിട്ടുണ്ട്. ഞങ്ങളുടെ സമാഗമത്തിന്റെ നാല്പതാം വാര്‍ഷികം 2012-ല്‍ ആഘോഷിച്ചു. കിം ഫുക്കിന്റെ പുസ്തകം ‘Fire Road’ എനിക്ക് തന്നിട്ടുണ്ട്. യുദ്ധത്തിന്റെ കഷ്ടതകള്‍ അനുഭവിക്കുന്നവരെ സഹായിക്കാന്‍ കിം ഫുക്ക് ഫൗണ്ടേഷന്‍ എന്ന സ്ഥാപനം അവര്‍ നടത്തുന്നു. ലോകസമാധാനത്തിനും മനുഷ്യസ്‌നേഹപരമായും നിരവധി കാര്യങ്ങള്‍ കിം ഫുക്ക് ചെയ്യുന്നു. ഒരു പുസ്തകപരിപാടിയില്‍ പങ്കെടുക്കാന്‍ അവരെന്നെ ആംസ്റ്റര്‍ഡാമിലേക്ക് ക്ഷണിച്ചിട്ടുണ്ട്. വൈകാതെ ഞങ്ങള്‍ കാണും.

? ഫോട്ടോഗ്രാഫിക് ജേര്‍ണലിസത്തിലും മാധ്യമമേഖലയില്‍ പൊതുവായും നിരവധി ധാര്‍മ്മിക പ്രശ്‌നങ്ങള്‍ കടന്നുവരുന്നുണ്ട്. സ്വകാര്യത, സ്വയം നിര്‍ണ്ണയം, അന്തസ്സ് തുടങ്ങി അധിനിവേശശക്തികളും വന്‍ഭരണകൂടങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്ന embedded journalism വരെയുള്ള പ്രശ്‌നങ്ങള്‍. ഇത്തരം പ്രതിസന്ധികളെ എങ്ങനെ നോക്കിക്കാണുന്നു?

$ ശരിയാണ്. നിരവധി പ്രശ്‌നങ്ങളുണ്ട്. സ്വകാര്യലാഭത്തിനുവേണ്ടി ധാര്‍മ്മികമൂല്യങ്ങളെ കാറ്റില്‍പ്പറത്തി മനുഷ്യരുടെ സ്വകാര്യത, അന്തസ്സ് എന്നിവയെ ലംഘിക്കുന്ന തരത്തില്‍ മാധ്യമ പ്രവര്‍ത്തനം മാറുന്നു. വന്‍ശക്തിരാഷ്ട്രങ്ങള്‍ ജേര്‍ണലിസ്റ്റുകളെ അവരുടെ താത്പര്യങ്ങളുടെ ഭാഗമാക്കുന്നു. സുരക്ഷയൊരുക്കി ആവശ്യമായ ചിത്രങ്ങള്‍, ദൃശ്യങ്ങള്‍ മാത്രം പകര്‍ത്താന്‍ അവര്‍ ആവശ്യപ്പെടുന്നു. വിവിധ രൂപത്തില്‍ അതിന് പ്രതിഫലങ്ങളും നല്‍കുന്നു. പക്ഷേ, നിരവധിപേര്‍ ജീവന്‍ പണയംവച്ച്, കടുത്ത ത്യാഗങ്ങള്‍ സഹിച്ച് പ്രവര്‍ത്തിക്കുന്നതും കാണേണ്ടതുണ്ട്. ലോകത്തിന്റെ പല ഭാഗത്തും പത്രസ്വാതന്ത്ര്യം പലവിധ വെല്ലുവിളികളെ നേരിടുന്നുണ്ടല്ലോ. കണക്കുകള്‍ നമ്മള്‍ പരിശോധിക്കണം.

? ഇരുപത്തിയൊന്നാം നൂറ്റാണ്ടിലും യുദ്ധമുഖത്തുനിന്നുള്ള ഭീകരദൃശ്യങ്ങളും അഭയാര്‍ത്ഥി-പലായനങ്ങളുടെ ദുരന്തദൃശ്യങ്ങളും നമ്മളിലേക്ക് വന്നുകൊണ്ടിരിക്കുന്നു. കടലോരത്ത് മരിച്ചുകിടക്കുന്ന ഐലാന്‍ കുര്‍ദ്ദിയും ബോട്ടുയാത്രയില്‍ മുങ്ങിമരിക്കുന്ന റോഹിംഗ്യ അഭയാര്‍ത്ഥികളും സിറിയയിലും ഇറാഖിലും മറ്റു പലയിടത്തുമായി കുട്ടികള്‍ കൊലചെയ്യപ്പെടുന്ന ദൃശ്യങ്ങളും നമ്മളെയെല്ലാം അസ്വസ്ഥമാക്കുന്നു. നമുക്ക് എങ്ങനെയാണ് പ്രതികരിക്കാന്‍ പറ്റുക?

$ പുതിയ നൂറ്റാണ്ടിലും യുദ്ധത്തിന്റെ കെടുതികള്‍ക്ക് കുറവില്ല. പ്രത്യക്ഷമായ യുദ്ധമില്ലാത്ത അവസ്ഥയില്‍പ്പോലും ആഭ്യന്തര സംഘര്‍ഷങ്ങളാലും വംശീയ പ്രശ്‌നങ്ങളാലും നിരവധിപേര്‍ കെടുതികള്‍ക്ക് ഇരയാവുന്നു. സ്ത്രീകളും കുട്ടികളും കൂടുതല്‍ ദുരിതമനുഭവിക്കുകയാണ്. മാനുഷികവും പ്രകൃതിവരുത്തുന്നതുമായ നിരവധി ദുരന്തങ്ങളുടെ ദൃശ്യങ്ങള്‍ നമുക്ക് ലഭിക്കുന്നുണ്ട്. അവ മറ്റു പലരെയുംപോലെ എന്നെയും വേദനിപ്പിക്കുന്നു. ഐലാന്‍ കുര്‍ദ്ദിയും സിറിയയിലെ കുട്ടികളും മറ്റുള്ളവരെപ്പോലെ എന്നെയും വേദനിപ്പിക്കുന്നു.

? താങ്കളെപ്പോലെതന്നെ ഒരു ചിത്രത്തിലൂടെ ലോകത്തിന്റെ മനസ്സില്‍ അടയാളപ്പെടുത്തപ്പെട്ട, കെവിന്‍ കാര്‍ട്ടര്‍ സുഡാനില്‍വെച്ച് പകര്‍ത്തിയ ദൃശ്യം, ആ ഫോട്ടോഗ്രാഫറുടെ ആത്മഹത്യ തുടങ്ങിയവ നൈതികതയെക്കുറിച്ചും ചില സാഹചര്യങ്ങളില്‍ വ്യക്തികള്‍ അനുഭവിക്കുന്ന പരിമിതികളെക്കുറിച്ചും അനുകൂലവും പ്രതികൂലവുമായ ചര്‍ച്ചകള്‍ക്ക് കാരണമായിട്ടുണ്ട്. ഇക്കാര്യത്തില്‍ താങ്കളുടെ വീക്ഷണം എന്താണ്?

$ വളരെ സങ്കീര്‍ണ്ണമായ ഒരു പ്രശ്‌നമാണിത്. ഒറ്റവാക്കിലൊന്നും ഉത്തരം പറയാന്‍ കഴിയില്ല. പക്ഷേ, ചില രംഗങ്ങള്‍ നിര്‍വ്വികാരമായി പകര്‍ത്തി ഒരു ഫോട്ടോഗ്രാഫര്‍ക്ക് കടന്നുപോകാന്‍ പറ്റുമോ? ഇല്ല എന്നാണ് എന്റെ അഭിപ്രായം. പ്രത്യേകിച്ചും മനുഷ്യരുടെ മുഖങ്ങള്‍ അങ്ങനെയങ്ങ് പോകില്ല. കഴുകന്‍ കുട്ടിയുടെ ശരീരം ഭക്ഷിക്കാന്‍ കാത്തുനില്‍ക്കുന്നത് എങ്ങനെ കണ്ടുനില്‍ക്കാന്‍ പറ്റും? ഞാന്‍ കിം ഫുക്കിന്റെ ഫോട്ടോ എടുത്ത സമയത്ത് അതികഠിനമായ മാനസികസംഘര്‍ഷം അനുഭവിച്ച കാര്യം നേരത്തേ സൂചിപ്പിച്ചല്ലോ. പറ്റാവുന്നിടത്തോളം ഉത്തരവാദിത്വങ്ങള്‍ നിറവേറ്റണം. പ്രൊഫഷണലിസം നിലനിര്‍ത്തിക്കൊണ്ടുതന്നെ എന്നാണ് എന്റെ അഭിപ്രായം. ചില കാഴ്ചകള്‍ നമ്മുടെ മനസ്സലിയിക്കണം. അത് മനുഷ്യരുടെ അന്തസ്സ് ഉറപ്പിക്കണം.

? ഡിജിറ്റല്‍ സാങ്കേതികവിദ്യയിലെ പുരോഗതി, ഇന്റര്‍നെറ്റ്, സാമൂഹികമാധ്യമങ്ങള്‍ ഇവയൊക്കെ താങ്കള്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തെ കൂടുതല്‍ ആയാസരഹിതവും ജനാധിപത്യ മാനുഷിക മൂല്യങ്ങളെ ഉള്‍ക്കൊള്ളുന്നതുമാക്കിയിട്ടുണ്ടോ?

$ ഇപ്പോള്‍ ക്യാമറ ഉള്‍പ്പെടെ എല്ലാം സാങ്കേതികപരമായി വളരെ മികവ് പുലര്‍ത്തുന്നു. മുപ്പതുവര്‍ഷംമുമ്പ് ക്യാമറ ഉള്‍പ്പെടുന്ന സാങ്കേതികവിദ്യ വളരെ പരിമിതമായിരുന്നു. ചിത്രങ്ങള്‍ എടുക്കുക, കോപ്പിയെടുക്കുക, മറ്റൊരു സ്ഥലത്തേക്ക് എത്തിക്കുക, അച്ചടിക്കുക എല്ലാം ബുദ്ധിമുട്ടായിരുന്നു. സോഷ്യല്‍ മീഡിയ കൂടുതല്‍ ആളുകളിലേക്ക് ദൃശ്യങ്ങളെ എത്തിക്കുന്നു. കണ്ണിചേര്‍ക്കുന്നു. പക്ഷേ, അത് ജനാധിപത്യത്തെ പൂര്‍ണ്ണമാക്കുന്നില്ല. സാങ്കേതികതയ്ക്ക് മാത്രമായി അത് നല്‍കാനാവില്ല. ഫെയ്ക്ക് മീഡിയ ദൃശ്യങ്ങള്‍ നിരവധിയാണ്. പലതും ഭീതിജനകവും. അതുപോലെ copy paste ന്റെ പ്രശ്‌നങ്ങള്‍. ഇതെല്ലാം തെറ്റായ ഒരു ഡിജിറ്റല്‍ കള്‍ച്ചറിനെ പ്രതിനിധാനം ചെയ്യുന്നു. സാങ്കേതികപുരോഗതി മാത്രം ഒരു പുതിയ മാധ്യമ, കാഴ്ച സംസ്‌കാരത്തിന് ഇടയാക്കുമെന്ന് വിചാരിക്കുന്നില്ല. എല്ലാം ഉത്തരവാദിത്വപൂര്‍ണ്ണമാകണം. എന്നാലേ പറ്റൂ.

? ഇമേജുകള്‍ക്കും വാര്‍ത്തകള്‍ക്കും മേലുള്ള സെന്‍സര്‍ഷിപ്പ് വലിയൊരു പ്രശ്‌നമായി നിലനില്‍ക്കുന്നുണ്ട്. ജനാധിപത്യ രാജ്യങ്ങളിലടക്കം ഒട്ടും പ്രതീക്ഷിക്കാത്ത രീതിയില്‍ താങ്കളുടെ ഫോട്ടോയുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് സ്വീകരിച്ച സെന്‍സര്‍ഷിപ്പ് നിലപാട് വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നല്ലോ?

$ ഫേസ്ബുക്ക് നിലപാട് എനിക്ക് അത്ഭുതകരമായി തോന്നി. ‘നാപാം പെണ്‍കുട്ടി’യുടെ ഫോട്ടോ 2016-ല്‍ ഒരു നോര്‍വീജിയന്‍ പത്രം പ്രസിദ്ധീകരിച്ചതിനെത്തുടര്‍ന്നാണ് ‘നഗ്നതയുടെ’ പേരില്‍ അവര്‍ സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയത്. പക്ഷേ, നോര്‍വേ പ്രധാനമന്ത്രിയടക്കമുള്ളവര്‍ ഇതിനെതിരെ രംഗത്തുവന്നു. ഒടുവില്‍ സുക്കര്‍ബര്‍ഗ് നിലപാട് മാറ്റി, ഖേദം പ്രകടിപ്പിച്ചു. എന്തുതരം ‘നഗ്നത’യാണ് ആ ഫോട്ടോയില്‍ ഉള്ളത്? അവര്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ചിലപ്പോള്‍ അങ്ങനെയൊക്കെയാണ് കാര്യങ്ങള്‍.

? വിയറ്റ്‌നാമിലെ കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഹോചിമിന്‍ (ഒochiminh) കേരളത്തില്‍ വളരെയധികം പ്രകീര്‍ത്തിക്കപ്പെടുന്ന നേതാവാണ്. ഇടതുപക്ഷ പാരമ്പര്യങ്ങളിലും സാമ്രാജ്യത്വവിരുദ്ധ വിപ്ലവമുദ്രാവാക്യങ്ങളിലുമെല്ലാം ഇവിടെ ഹോചിമിനുണ്ട്. അദ്ദേഹത്തെക്കുറിച്ച് താങ്കളുടെ അധികം പരാമര്‍ശങ്ങള്‍ കണ്ടിട്ടില്ല. വിയറ്റ്‌നാമില്‍ ഹോചിമിന്റെ ലെഗസി എന്താണ്?

$ (ചിരിക്കുന്നു) ഹോചിമിന്‍ ഒരു ഫാദര്‍ ഫിഗറാണ്. വലിയ പോരാളി. വിയറ്റ്‌നാമിനെ ഒറ്റ രാജ്യമാക്കി നിര്‍ത്തുന്നതില്‍ മുഖ്യ പങ്കുവഹിച്ചു. അല്ലെങ്കില്‍ കൊറിയകളെപ്പോലെ വിയറ്റ്‌നാമും വിഭജിക്കപ്പെട്ടേനെ. അദ്ദേഹത്തെ എല്ലാവരും സ്‌നേഹിച്ചിരുന്നു. ബഹുമാനിച്ചിരുന്നു. പക്ഷേ, ഇന്നത്തെ തലമുറ അദ്ദേഹത്തെ ഒരു കള്‍ട്ട്ഫിഗറായി കാണുന്നില്ല. എന്റെ കുട്ടിക്കാലമാണ് ഹോചിമിന്റെ പ്രതാപകാലം. പലരും ഇപ്പോഴും അദ്ദേഹത്തെക്കുറിച്ച് വാചാലരാവും.

? ഒരു സോഷ്യലിസ്റ്റ് റിപ്പബ്ലിക്കായ വിയറ്റ്‌നാം ‘Independence, Freedom and Happiness ‘ എന്നിവയെ അടിസ്ഥാന ലക്ഷ്യങ്ങളായി കാണുന്നു. ആ രാഷ്ട്രത്തിന്റെ ദേശീയഗാനം ‘അൃാ്യ ങമൃരവ’ ആണ്. യുദ്ധത്തിനുശേഷം പ്രത്യേകിച്ചും 1986-ലെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ മുതല്‍ അതുവരെ മുഖ്യപ്രതിയോഗിയായിരുന്ന പടിഞ്ഞാറും വിശിഷ്യാ അമേരിക്കയുമായി വിയറ്റ്‌നാം ബന്ധം മെച്ചപ്പെടുത്തി. ആസിയാന്‍ സഹകരണവും സ്വതന്ത്രവ്യാപാരക്കരാറുകളും വിപുലമാകുന്നു. 2007-ല്‍ ആ രാജ്യം ലോകവ്യാപാരസംഘടനയില്‍ അംഗമായി. ഈവിധത്തിലുള്ള മാറ്റങ്ങളെ താങ്കള്‍ നിരീക്ഷിക്കാറുണ്ടോ?

$ വിയറ്റ്‌നാം ജനത എക്കാലത്തും ശാന്തിയും സമാധാനവും കാംക്ഷിച്ചവരാണ്. ഇപ്പോഴും അങ്ങനെതന്നെ. എന്നാല്‍ പല കാലഘട്ടങ്ങളിലായി വിയറ്റ്‌നാമിന് അധിനിവേശം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. ഫ്രഞ്ച്-അമേരിക്കന്‍ അധിനിവേശങ്ങള്‍ പലപ്പോഴായ പല പ്രദേശങ്ങള്‍ രാജ്യത്തിന് നഷ്ടപ്പെട്ടു. പ്രത്യേകിച്ചും ചൈനയോട്. വിയറ്റ്‌നാമില്‍ ദേശീയബോധം കൂടുതലാണ്. അൃാ്യ ങമൃരവ ഒക്കെ അതിന്റെ ഭാഗമാണ്.
ഇന്നത്തെ വിയറ്റ്‌നാമിന്റെ മാറ്റത്തില്‍ എനിക്ക് വലിയ സന്തോഷമുണ്ട്. സാമ്പത്തികവളര്‍ച്ച വളരെ വേഗത്തില്‍ നടക്കുന്നു. പരിഷ്‌കാരങ്ങള്‍ നല്ല ദിശയിലാണ്. വിയറ്റ്‌നാം ഇത്തരത്തില്‍ പുരോഗതി പ്രാപിക്കുന്നത് പലര്‍ക്കും വിശ്വസിക്കാനാവുന്നില്ല. അടുത്തിടെ വിയറ്റ്‌നാമിലൂടെ യാത്ര ചെയ്തപ്പോള്‍ ഞാന്‍ താമസിച്ചിരുന്ന 5-ാം നിലയിലെ മുറിയില്‍നിന്നും പുറത്തേക്ക് നോക്കിയപ്പോള്‍ കണ്ട കാഴ്ച എന്നെ അതിശയപ്പെടുത്തി. ഹോങ്കോങ്ങിലെത്തിയതിന്റെ പ്രതീതി. ഒരു വലിയ ‘ഇക്കണോമിക് ബൂം’ (Economic boom) നടന്നുകൊണ്ടിരിക്കുന്നു. ചില നഗരങ്ങള്‍ ന്യൂയോര്‍ക്ക് നഗരത്തെ ഓര്‍മ്മപ്പെടുത്തും. പക്ഷേ, അസമത്വങ്ങളും നഗര-ഗ്രാമീണ ജീവിതത്തിലെ പ്രശ്‌നങ്ങളും ഇനിയും ഒരുപാട് പരിഹരിക്കാനുണ്ട്.

? വിയറ്റ്‌നാമിലെ മാധ്യമസ്വാതന്ത്ര്യം, അഭിപ്രായസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണങ്ങള്‍, മനുഷ്യാവകാശപ്രശ്‌നങ്ങള്‍ ഇവയെ എങ്ങനെ വിലയിരുത്തുന്നു?

$ അങ്ങനെ പറയുമ്പോഴും ചില മുന്‍ദശകങ്ങളെ അപേക്ഷിച്ച് വിയറ്റ്‌നാം ഏറെ മാറിയിട്ടുണ്ട്. നിയന്ത്രണങ്ങള്‍ ഉണ്ട്. പടിഞ്ഞാറന്‍ രാഷ്ട്രങ്ങള്‍പോലെയല്ല അവിടെ വിവരവിനിമയങ്ങള്‍ നടക്കുന്നത്.

? താങ്കള്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി അമേരിക്ക(ലോസ് ആഞ്ചലസ്)യില്‍ താമസിക്കുന്നു. അമേരിക്കന്‍ പൗരത്വം താങ്കള്‍ക്ക് ലഭിച്ചിട്ടുണ്ട്. ആ ലോകത്തെ നിരവധി ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. എങ്കിലും ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം അധികാരത്തില്‍ വന്നതിനുശേഷം വംശീയ ന്യൂനപക്ഷങ്ങള്‍ക്കും കുടിയേറ്റക്കാര്‍ക്കും എതിരായ ഒരു മനോഭാവം ശക്തമായി വരുകയാണ്. ഭരണകൂടവും നിരവധി നിയന്ത്രണങ്ങളുമായി രംഗത്തുവരുന്നു. കൂടാതെ അമേരിക്കന്‍ ഭരണകൂടത്തിന്റെ യുദ്ധഭീഷണികള്‍ കിഴക്കനേഷ്യയില്‍ ഇപ്പോഴുമുണ്ട്. ഒരു കാലഘട്ടത്തില്‍ അഭയാര്‍ത്ഥിയെന്ന നിലയില്‍ താങ്കള്‍ കാലിഫോര്‍ണിയയില്‍ ജീവിച്ചിട്ടുണ്ടല്ലോ. അനുഭവങ്ങളും കാഴ്ചപ്പാടുകളും വിശദീകരിക്കാമോ?

$ അമേരിക്കന്‍ ജീവിതം എന്നെ നിര്‍ണായകമായി സ്വാധീനിച്ചു. കാലിഫോര്‍ണിയയിലെ ക്യാമ്പ് ജീവിതം (Camp Pendelton) വിഷമകരമായിരുന്നു. പക്ഷേ, ഇന്ന് എന്നെ അമേരിക്കയില്‍ എല്ലാവര്‍ക്കും അറിയാം. മുന്‍ പ്രസിഡന്റ് ബരാക് ഒബാമയും എന്നെ കണ്ടാല്‍ വിഷ് ചെയ്യും. ഒരിക്കല്‍ ആളറിയാതെ ഒരാള്‍ എന്നെ പിടിച്ചുതള്ളി. ഞാനൊരു ചൈനീസ് കുടിയേറ്റക്കാരന്‍ ആണെന്നു കരുതി. എന്നാല്‍ മറ്റുള്ളവര്‍ അയാളെ ചോദ്യം ചെയ്തു. ‘നിങ്ങള്‍ക്കറിയാമോ ഇദ്ദേഹം ആരാണ്, എന്താണ്’ എന്നൊക്കെ. ഇതാണ് ‘നാപാം പെണ്‍കുട്ടി’യുടെ സ്രഷ്ടാവ് എന്നൊക്കെ അവര്‍ വിശദീകരിച്ചു. അമേരിക്കന്‍ ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളുണ്ട്. ആ രാജ്യത്തിന്റെ സ്വാതന്ത്ര്യമൂല്യങ്ങളെ ആര്‍ക്കും അപായപ്പെടുത്താനാവില്ല. അതിദേശീയത അവിടെയുള്ളവര്‍തന്നെ ചോദ്യം ചെയ്യുന്നുണ്ട്. തോക്ക് സംസ്‌കാരം പ്രശ്‌നമായി വരുന്നു. കൊറിയന്‍ ഉപഭൂഖണ്ഡത്തിലെ യുദ്ധം വിനാശകരമാകുമെന്ന് അമേരിക്കക്കാര്‍ക്ക് അറിയാം. അവര്‍ വിയറ്റ്‌നാമിനെ മറന്നിട്ടില്ല. പുതിയ ചര്‍ച്ചാശ്രമങ്ങള്‍ ഉണ്ടാകുന്നുണ്ടല്ലോ.
? ഇന്ത്യന്‍ രാഷ്ട്രീയത്തെയും സംഭവവികാസങ്ങളെയും ശ്രദ്ധിക്കാറുണ്ടോ? ദേശീയപ്രസ്ഥാനവും നേതാക്കളായ അംബേദ്കര്‍, ഗാന്ധി, നെഹ്‌റു ഇവരുടെയൊക്കെ പ്രവര്‍ത്തനങ്ങളും ആശയങ്ങളും ശ്രദ്ധിച്ചിട്ടുണ്ടോ? ഇന്ത്യയുടെ ‘കിഴക്കോട്ട് നോക്കല്‍’ (Look East policy) നയത്തില്‍ വിയറ്റ്‌നാം ഉള്‍പ്പെടുന്ന ആസിയന്‍ രാജ്യങ്ങള്‍ പ്രധാനമാണ്.

$ അതെ. ഇന്ത്യ വലിയ ജനാധിപത്യ രാഷ്ട്രമാണ്. ശക്തമായ ലിബറല്‍ ഭരണഘടന ഇവിടെയുണ്ട്. ഇന്ത്യയുടെ ബ്രിട്ടീഷ് കോളനി ബന്ധം അറിയാം. നിരവധി വൈവിധ്യങ്ങള്‍, ഭാഷ, ഭക്ഷണം എന്നിവ ഇന്ത്യയിലുണ്ട്. മുകളില്‍ പറഞ്ഞ നേതാക്കളുടെ ആശയങ്ങളെയും പ്രവര്‍ത്തനങ്ങളെയും അറിയേണ്ടതുണ്ട്. അത്ര വിശാലമായി ഞാന്‍ മറ്റ് രാജ്യങ്ങളിലെ രാഷ്ട്രീയത്തെ നിരീക്ഷിക്കാറില്ല. ആസിയന്‍ രാജ്യങ്ങളുമായി ബന്ധപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യും.

? ‘യുദ്ധം രാഷ്ട്രീയത്തിന്റെ മറ്റുവഴികളിലൂടെയുള്ള തുടര്‍ച്ചയാണ്’ (War is the continuation of politics by other means) എന്ന നിരീക്ഷണം ജര്‍മന്‍ ചിന്തകനായ Carl Von ഇഹമൗലെംശ്വേ ന്റേതാണ്. യുദ്ധങ്ങളുടെ ലോകത്തുനിന്നും യാത്ര തുടങ്ങിയ താങ്കള്‍ പുതിയ നൂറ്റാണ്ടിലേക്ക് എത്തുമ്പോള്‍, അധിനിവേശങ്ങള്‍ രൂപം മാറുമ്പോള്‍ മുകളില്‍ പറഞ്ഞ നിരീക്ഷണത്തെ എവ്വിധം വിലയിരുത്തും.

$ യുദ്ധത്തിന് രാഷ്ട്രീയമുണ്ട്. അധികാരവടംവലിയാണ് പല യുദ്ധങ്ങള്‍ക്കും കാരണമാകുന്നത്. രാഷ്ട്രങ്ങള്‍ തമ്മിലും അതിനകത്തും തന്നെയുള്ള യുദ്ധങ്ങള്‍. സ്ഥാപിത താത്പര്യങ്ങള്‍ സംഘര്‍ഷങ്ങള്‍ക്ക് കാരണമാകുന്നു. ജനാധിപത്യവും സ്വാതന്ത്ര്യവും യഥാര്‍ത്ഥത്തില്‍ സ്ഥാപിക്കപ്പെട്ടാല്‍ യുദ്ധം ഒഴിവാകും. ഐക്യരാഷ്ട്രസംഘടനയൊക്കെ ഇനിയും മുന്നോട്ടുപോകണം. ലോകരാജ്യങ്ങള്‍ കൂട്ടായി പരിശ്രമിക്കണം. രാഷ്ട്രങ്ങള്‍ ചെറുതും വലുതുമായ നിരവധി ഇടപെടലുകള്‍ നടത്തണം.

? യുദ്ധം, ഭീകരത, മാനുഷികവേദനകള്‍ ഇവയൊക്കെ ഇല്ലാതാകുന്ന ഒരു ലോകം ആഗോളവത്കരിക്കപ്പെടുന്ന വര്‍ത്തമാനകാല സംവിധാനങ്ങളിലൂടെ സാധ്യമാകുമോ?

$ പെട്ടെന്നൊന്നും സാധ്യമല്ല. പക്ഷേ, ക്രമേണ സാധ്യമാകേണ്ടതാണ്. അല്ലാതെ നമുക്ക് എത്രനാള്‍ മുന്നോട്ടുപോകാന്‍ കഴിയും. ഒരുപാട് ധാരണകള്‍,സഹകരണങ്ങള്‍ ഇനിയും വികസിച്ച് വരണം.

? മരിക്കുന്നതുവരെ ചിത്രങ്ങള്‍ എടുക്കുക എന്നതാണ് ആഗ്രഹമെന്ന് താങ്കള്‍ പറഞ്ഞിട്ടുണ്ട്. കൂടാതെ എന്റെ ക്യാമറ എന്റെ ഡോക്ടറെപ്പോലെയാണ്. മരുന്നുപോലെയാണ് എന്നും താങ്കള്‍ പറഞ്ഞതായി അറിയാം. പിന്നെയെന്തിനാണ് താങ്കള്‍ എ.പി.യില്‍നിന്നും വിരമിച്ചത്?

$ അസോസിയേറ്റഡ് പ്രസ്സുമായുള്ള എന്റെ ബന്ധം വളരെ ദൃഢമാണ്. ഊഷ്മളവും. എ.പി.യില്‍നിന്നും ഞാന്‍ ഒരിക്കലും റിട്ടയര്‍ ചെയ്യാന്‍ ആഗ്രഹിച്ചിട്ടില്ല. 2017 മാര്‍ച്ച് 29-ന് റിട്ടയര്‍ ചെയ്തുവെന്നത് ശരിയാണ്. പതിനാറ് വയസ്സില്‍ തുടങ്ങിയ ബന്ധമാണത്. വിരമിച്ചപ്പോള്‍ അവര്‍ പറഞ്ഞത് ഇതൊരു നീണ്ട അവധിയായി കണ്ടുകൊണ്ട്, അവധി കഴിഞ്ഞ് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവന്ന് എ.പി.യില്‍ ചേര്‍ന്നോളൂ എന്നാണ് (ചിരിക്കുന്നു) എനിക്ക് പറ്റുന്നിടത്തോളം ചിത്രങ്ങളെടുക്കണം. അതെ മരണംവരെ. അതെന്നെ ആശ്വസിപ്പിക്കുന്നു.

? കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ യാത്ര ചെയ്യുകയും പരിപാടികളില്‍ സംസാരിക്കുകയും ചെയ്യുന്നുണ്ടല്ലോ. എന്തൊക്കെയാണ് തോന്നുന്നത്?

$ വളരെ നല്ല അനുഭവങ്ങളാണ്. ഒട്ടും അപരിചിതത്വം തോന്നുന്നില്ല. പല പ്രദേശങ്ങള്‍ക്കും വിയറ്റ്‌നാമുമായി സാദൃശ്യമുണ്ട്. ആളുകള്‍ സൗഹാര്‍ദ്ദപരമായി ഇടപെടുന്നു. അടുത്തുവരുന്നു. സുഖമല്ലേ എന്ന് ചോദിക്കുന്നു. ഇതൊക്കെ എന്നെ സന്തോഷിപ്പിക്കുന്നു. എന്റെ സുഹൃത്ത് റൗളുമായുള്ള (മെക്‌സിക്കന്‍ ഫോട്ടോഗ്രാഫര്‍, ആസ്‌ട്രോഫോട്ടോഗ്രാഫി വിദഗ്ധന്‍) ഈ യാത്ര ഞാന്‍ ആസ്വദിക്കുന്നു.

? ഇനിയും വരാന്‍ ആഗ്രഹിക്കുന്ന സ്ഥലമാണോ കേരളം?

$ തീര്‍ച്ചയായും. ഒരുപാട് ഫോട്ടോകള്‍ എടുക്കണം. യാത്രകള്‍ നടത്തണം. ഒരുപക്ഷേ, അടുത്തതവണ വരുമ്പോള്‍ കിം ഫുക്കിനെയും കൊണ്ടുവരും.

 

Comments are closed.